ശബരിമല തീര്‍ത്ഥാടനം: ഇത്തവണയുംമെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാവില്ല

Thursday 18 September 2014 11:25 pm IST

പത്തനംതിട്ട: കടുത്ത സാമ്പത്തിക പ്രതിസന്ധി ശബരിമല തീര്‍ത്ഥാടനത്തേയും ബാധിക്കും. മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസമില്ല. ചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. റോഡുകള്‍ മുതല്‍ മാലിന്യ സംസ്‌ക്കരണം വരെ കുറ്റമറ്റതാക്കേണ്ടതുണ്ട്. ശബരിമലക്കുള്ള പ്രധാനപാതയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ഇടങ്ങളിലെ ജോലികള്‍ മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്. 17 അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് നടപടികളെടുത്തിട്ടില്ല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ മരക്കൂട്ടത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ക്യൂ കോംപ്ലക്‌സുകളുടെ ടെണ്ടര്‍ പോലും പൂര്‍ത്തിയാക്കാനായില്ല. ശബരിമലയിലും പമ്പയിലുമായുള്ള മാലിന്യസംസ്‌ക്കരണ പ്ലാന്റുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ല. സന്നിധാനത്ത് പ്ലാന്റിന്റെ നിര്‍മ്മാണം ഇഴയുകയാണ്. പമ്പയില്‍ മാലിന്യ സംസ്‌ക്കണ പ്ലാന്റുണ്ട്. ഇതിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഇതും ഒന്നുമായില്ല. 2005 ല്‍ നിലയ്ക്കലില്‍ ഇടത്താവളത്തിന് 250 ഏക്കര്‍ വനഭൂമി ദേവസ്വംബോര്‍ഡിന് കൈമാറിയിരുന്നു. 98 ലെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഈ സ്ഥലം ഇടത്താവളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പാര്‍ക്കിംഗ് ഗ്രൗണ്ടായും ക്വാട്ടേഴ്‌സുകള്‍ നിര്‍മ്മിക്കാനുമാണ് ഈ സ്ഥലം വിനിയോഗിച്ചിരിക്കുന്നത്. അതിനാല്‍ പമ്പയില്‍ ഓരോ തീര്‍ത്ഥാടനക്കാലത്തും തിരക്കേറുകയാണ്. ഈവര്‍ഷവും വഴിപാടിന് ചില അവലോകന യോഗങ്ങള്‍ നടക്കും. അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ് ചില പദ്ധതികളും പ്രഖ്യാപിക്കും. അതിനപ്പുറം ഒന്നും ഇക്കുറിയുമുണ്ടാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.