ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

Friday 19 September 2014 5:23 pm IST

749. മമതരൂപഃ - മമത രൂപമായവന്‍. എന്റേത് എന്ന ഭാവമാണു മമത. മമതയാണു ജഗത്തിന്റെ ചാലകശക്തി എന്നു പറയാം. എന്റെ ശരീരം, എന്റെ തല, എന്റെ കണ്ണ്, എന്റെ കൈയ്യ് എന്നിങ്ങനെ ശരീരഭാഗങ്ങളെ ഓരോന്നായും മൊത്തത്തിലും എന്റേതെന്നു കരുതുന്ന ''ഞാന്‍'' ശരീരത്തിലൊതുങ്ങാത്ത ഏതോ ശക്തിയാണെന്നു വ്യക്തം. മമത എന്ന ഭാവം ശരീരത്തില്‍നിന്നു കുടുംബത്തിലേക്കും വസ്തുവകകളിലേക്കും ഭാഷയിലേക്കുമൊക്കെ വ്യാപിക്കുന്നു. ഭാഗ്യവാന്മാരുടെ മമത ഈശ്വരനിലേക്കും വ്യാപിക്കും. എന്റെ ഭഗവാന്‍,എന്റെ ഭഗവതി എന്ന ഭാവമാണു ഭക്തി. ''ഞാനെന്നും എനിക്കുള്ളതെന്നും എല്ലാവര്‍ക്കും തോന്നും. അതു മായം, അതു മേയം, അതു മായുന്നതും മല്ലുലകില്‍'' എന്ന് ഉണ്ണായി വാര്യ ര്‍ പാടിയിട്ടുള്ളത് എത്ര സത്യം. മമതാരൂപത്തില്‍ വിശ്വചേതനയായി പ്രവര്‍ത്തിക്കുന്ന ഗുരുവായൂരപ്പനെ നാം സ്തുതിക്കുന്നു. 750. അഹംബുദ്ധിഃ - ഞാനെന്ന ഭാവം. മുന്‍നാമത്തില്‍ ചര്‍ച്ച ചെയ്ത വിഷയം തന്നെയാണ് ഈ നാമവും നിര്‍ദ്ദേശിക്കുന്നത്. എന്റേത് എന്ന ഭാവമാണ് മമതയെങ്കില്‍ ഞാനെന്ന ഭാവമാണ് അഹംബുദ്ധി. അഹംബുദ്ധിയില്‍ നിന്നാണ് മമതരൂപം കൊള്ളുന്നത്. എല്ലാ ജീവികള്‍ക്കും ജീവിസാമാന്യമായ സ്വഭാവവിശേഷങ്ങളോടൊപ്പം സമൂഹത്തില്‍ നിന്ന് അതിനെ വേറെയാക്കുന്ന വ്യക്തിത്വവുമുണ്ട്. ആ വ്യക്തി നഷ്ടപ്പെടാതെ നോക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്. സമൂഹചേതനയില്‍ അലിഞ്ഞുചേര്‍ന്ന് വ്യക്തിത്വത്തെ നശിപ്പിക്കുന്നതു ശ്രേഷ്ഠമാണ്. പക്ഷേ എളുപ്പമല്ല. ഒരു മാര്‍ഗമേയുള്ളൂ. ഭഗവാനോടപേക്ഷിക്കുക. '' ആനന്ദചിന്മയ ഹരേ ഗോപികാരമണ ഞാനെന്നഭാവമതു തോന്നായ്കവേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ നാരായണായ നമഃ'' എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ ഭഗവാനോടര്‍ത്ഥിക്കുന്നത് നമ്മുടെയെല്ലാം പ്രതിനിധിയായിട്ടാണ്. '' അഖിലം ഞാന്‍'' എന്ന ദിവ്യമായ അഹംബുദ്ധി ഉണ്ടാകാന്‍ ഭഗവാന്‍ തീരുമാനിക്കുന്നതുവരെ അഹംബുദ്ധിയായി ഉള്ളില്‍ വര്‍ത്തിക്കുന്നത് ഗുരുവായൂരപ്പന്‍ തന്നെയാണെന്നുറപ്പിക്കുക. 751. കൃതജ്ഞതഃ - ചെയ്തതിനെ അറിയുന്നവന്‍. ഓരോ ജീവിയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഭഗവാന്‍ അറിയുന്നു. മനസ്സില്‍ കടന്നുകൂടുന്ന ചിന്തകളും പ്രവൃത്തികളുമാണ്. കൃതമായ എല്ലാത്തിനെയും അവ മനഃപൂര്‍വമായാലും അല്ലെങ്കിലും ഭഗവാന്‍ അറിയുന്നു. അറിയാനുള്ള അവയവങ്ങളെ കര്‍മ്മസാക്ഷികളായി ഭഗവാന്‍ സൃഷ്ടിച്ചിട്ടുണ്ട്. ''സൂര്യഃ സോമോ യമഃ കാലോ മഹാഭൂതാനി പഞ്ച ച എതേ ശുഭാശുഭസേ്യഹ കര്‍മ്മണോ നവസാക്ഷിണഃ'' (സൂര്യന്‍, സോമന്‍, യമന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവയാണു കര്‍മ്മസാക്ഷികള്‍. ഇവ ശുഭാശുഭങ്ങളായ കര്‍മ്മങ്ങള്‍അറിയുന്നു.) കൃതയുഗധര്‍മ്മങ്ങള്‍ അറിയുന്നവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിച്ചുകാണുന്നു. 'കൃതം' എന്നതിന് നിര്‍മ്മിക്കപ്പെട്ടത്, ജഗത്ത് എന്നും 'ജ്ഞ' എന്നതിന് അറിയുന്നവന്‍ എന്നും അര്‍ത്ഥം കല്‍പിച്ച് കൃതമായ ജഗത്തും ജഗത്തിനെ അറിയുന്ന ആത്മാവും താന്‍ തന്നെ ആയവന്‍, ജഗത്തായും ജഗത്തിന്റെ ആത്മാവായും വര്‍ത്തിക്കുന്നവന്‍ എന്ന് ശങ്കരാചാര്യസ്വാമികള്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. (തുടരും) ഡോ. ബി.സി.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.