മനോജ് വധം; ഏരിയാ സെക്രട്ടറി ഹാജരായില്ല

Sunday 21 May 2017 3:28 am IST

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂരിലെ മനോജിന്റെ കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്ന സിപിഎം നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്നു. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്നലെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമേ ഡസനോളം സിപിഎം നേതാക്കളും നോട്ടീസ് കൈപ്പറ്റിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായ ഭീഷണി മുഴക്കി സിപിഎം നേതാക്കള്‍ രംഗത്തു വന്നതിന് പിന്നാലെയാണ് നടപടികളുമായി സഹകരിക്കേണ്ടെന്ന തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്. ഗൂഡാലോചനയും പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം കൂടുതല്‍ നേതാക്കളിലെത്തിയതോടെയാണ് കടുത്ത പ്രതിരോധ നടപടികളുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. കൊലപാകതകത്തിന് ശേഷം പ്രധാന പ്രതി വിക്രമനെ രക്ഷപ്പെടുത്തുന്നതിന് അകമ്പടി പോയ വാഹനം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ജയരാജനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമായതോടെയാണ് അന്വേഷണം തടസ്സപ്പെടുത്താന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കൂത്തുപറമ്പ് ഏരിയക്ക് കീഴിലെ കിഴക്കേ കതിരൂരിലാണ് മനോജ് കൊല്ലപ്പെട്ടത്. അതിനാലാണ് ഏരിയാ സെക്രട്ടറി ധനഞ്ജയനോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടത്. പാട്യം ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ നിരവധി പ്രാദേശിക നേതാക്കള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും ഹാജരായില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ ലോക്കല്‍ കമ്മറ്റിയംഗം രാമചന്ദ്രനെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം. ബ്രാഞ്ച് സെക്രട്ടറിയില്‍ തുടങ്ങി മൊഴിയെടുക്കല്‍ ഏരിയയിലേക്ക് നീണ്ടത് പാര്‍ട്ടിയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. തുടക്കംമുതല്‍ തന്നെ ആരോപണ വിധേയനായ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് ഏറെ ക്ഷീണമുണ്ടാക്കുമെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. വിക്രമനെ രക്ഷപ്പെടുത്താന്‍ പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ക്ക് നോട്ടീസ് ലഭിക്കുവാനും സാധ്യതയേറി. വിക്രമനെ രക്ഷിക്കാന്‍ തിരക്കഥയൊരുക്കിയ ഡിവൈഎഫ്‌ഐ നേതാവിനെ അടുത്ത് തന്നെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കും. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ പരമാവധി സമ്മര്‍ദ്ധത്തിലാക്കി കേസ് വഴിതിരിച്ചു വിടാനാണ് സിപിഎം നീക്കം. പി.ജയരാജന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ഡിവൈഎസ്പി ജോസി ചെറിയാനെ ജയരാജന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം കടുത്ത പ്രതിരോധമുയര്‍ത്തുന്ന സാഹചര്യത്തില്‍ കരുതലോടെയാണ് ക്രൈംബ്രാഞ്ച് സംഘവും നീങ്ങുന്നത്.ഇതിനിടെ മട്ടന്നൂര്‍ മാലൂരില്‍ രക്തം പുരണ്ട വാളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വാളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മനോജിന്റെ കൊലപാതകത്തിന് ഉപയോഗിച്ചവയാണോ ഇതെന്ന് സംശയമുണ്ട്. ആയുധം പുഴയില്‍ ഉപേക്ഷിച്ചുവെന്ന് ആദ്യം പറഞ്ഞ വിക്രമന്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.