ദേവസ്വം ഭൂമി സംരക്ഷിക്കണം

Tuesday 4 October 2011 9:44 pm IST

കേരളത്തിലെ ആദിവാസി പ്രശ്നംപോലെ തന്നെ ദേവസ്വം ഭൂമിയും ഗുരുതരമായ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുത്ത്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കുന്നതിന്‌ നിയമം പാസാക്കി മൂന്നര പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും ഒരു തുണ്ട്‌ ഭൂമിപോലും നിയമപ്രകാരം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കയ്യേറ്റക്കാര്‍ക്ക്‌ അംഗീകാരം നല്‍കുന്നതിനുള്ള ശ്രമമാണ്‌ സര്‍ക്കാരും ഇരുമുന്നണികളിലും പെട്ട രാഷ്ട്രീയ കക്ഷികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്തരം ഭൂമികള്‍ക്ക്‌ പട്ടയം നല്‍കി കൈയ്യേറ്റക്കാര്‍ക്ക്‌ ഭൂമിയില്‍ പരമാധികാരം ലഭ്യമാക്കാനുള്ള ശ്രമവും നടക്കുകയാണ്‌. ഏതാണ്ട്‌ അതേ രീതിയിലാണ്‌ ദേവസ്വം ഭൂമിയുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും മലബാര്‍ ദേവസ്വംബോര്‍ഡിന്റെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും കൂടല്‍ മാണിക്യം ദേവസ്വത്തിന്റെയും ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമിയാണ്‌ പലരും കൈവശപ്പെടുത്തിയിരിക്കുന്നത്‌. ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ പുതിയ കൈയ്യേറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ദേവസ്വങ്ങളുടെ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ അഞ്ച്‌ വര്‍ഷംമുമ്പ്‌ ഒരു ലാന്റ്‌ സ്പെഷ്യല്‍ ഓഫീസറെയും 1957ലെ കേരള ഭൂ സംരക്ഷണനിയമം അനുസരിച്ചുള്ള ജില്ലാ കളക്ടറുടെ അധികാരങ്ങളോടുകൂടിയ ഒരു സ്പെഷ്യല്‍ താഹസീല്‍ദാരുടെ ലാന്റ്‌ കണ്‍സര്‍വന്‍സി യൂണിറ്റിനെയും നിയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ തുടര്‍ നടപടികള്‍ ലവലേശം പുരോഗമിച്ചിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള 1208 ക്ഷേത്രങ്ങളില്‍ 526 ക്ഷേത്രങ്ങളുടെ ഭൂമി വന്‍തോതില്‍ കയ്യേറിയിട്ടുണ്ട്‌. ഇത്‌ ഏതാണ്ട്‌ 494 ഏക്കര്‍ ഭൂമി വരുമെന്നാണ്‌ കണക്ക്‌ പലതിനും രേഖകളുടെ പരിമിതികളും, തടസ്സങ്ങളും മൂലം കണക്കെടുപ്പ്പോലും പൂര്‍ത്തിയായിട്ടില്ല. ഇത്തരത്തില്‍ 160 കേസ്സുകള്‍ നിലവിലുണ്ട്‌. ഗുരുവായൂര്‍ ദേവസ്വം വക ഭൂമി കയ്യേറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച്‌ നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടപടികളുണ്ടായിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലെ മണത്തല വില്ലേജില്‍പ്പെട്ട 2.53 ഏക്കര്‍ ഭൂമിയക്കം നിരവധി ദേവസ്വം ഭൂമി പലരുടെയും കയ്യിലാണ്‌. അതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരോ ദേവസ്വംബോര്‍ഡോ ശുഷ്ക്കാന്തി കാണിക്കുന്നില്ല. കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള 245 ക്ഷേത്രങ്ങളില്‍ ഭൂമി കയ്യേറ്റം വന്‍ തോതില്‍ നടന്നതായി കണ്ടെത്തിയിട്ട്‌ വര്‍ഷങ്ങളായി. തുടര്‍ നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്‌. മലബാര്‍ ദേവസ്വംബോര്‍ഡിന്‌ കീഴിലുള്ള 353 ക്ഷേത്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാത്രം 24900 ഏക്കര്‍ ക്ഷേത്രഭൂമി കയ്യേറിയതായാണ്‌ റിപ്പോര്‍ട്ട്‌. മലബാറിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തുന്നതിനും ക്ഷേത്ര ഭൂമി അളന്നു തിരിക്കുന്നതിനും അതിരുകെട്ടി സംരക്ഷിക്കുന്നതിനും ഭൂമി സംബന്ധമായ രേഖകള്‍ ശരിയാക്കുന്നതിനും ഇടയ്ക്ക്‌ ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലാന്റ്‌ റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച ഡെപ്യൂട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത്‌ ആളുകളെ ഉള്‍പ്പെടുത്തി ഓരോ ഡിവിഷനിലും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചിരുന്നു. ഹിന്ദുമതധര്‍മ്മ സ്ഥാപന വകുപ്പിലെ ഒരു സ്പെഷ്യല്‍ ഓഫീസറുടെ കീഴിലായിരുന്നു ഈ ടീം പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ആ ടീം വന്നപോലെ പോയി. ഒരു പ്രയോജനവും അതിനെക്കൊണ്ടുണ്ടായില്ല. മറ്റൊരു മത ആരാധനാലയങ്ങളുടെയും ഒരു സെന്റ്‌ ഭൂമി പോലും അന്യാധീനപ്പെട്ട സംഭവം ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. മാത്രമല്ല ക്ഷേത്ര ഭൂസ്വത്തുപോലും ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ മുതല്‍ക്കൂട്ടായിട്ടുണ്ട്‌. ഹിന്ദു ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരോ സമൂഹമോ അവഗണനയോ അവഹേളനമോ നടത്തുന്ന കാഴ്ചയാണ്‌ അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ചരിത്രപ്രസിദ്ധവും പുരാണ പ്രസിദ്ധവുമായ മാടായിക്കാവ്‌ തിരുവര്‍ക്കാട്‌ ദേവസ്വംവക മുന്നൂറ്‌ ഏക്കര്‍ ഭൂമിയുണ്ട്‌. അത്‌ കാലങ്ങളായി പലവ്യക്തികളും കയ്യേറി വരികയാണ്‌. അടുത്ത കാലത്തായി ഭൂമാഫിയുടെ കണ്ണ്‌ പതിഞ്ഞ ഭൂമിയില്‍, തങ്ങളുടെ കയ്യേറ്റം നിയമവിധേയമാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. മതപരിവര്‍ത്തനലോബികളടക്കം നിരവധിപേര്‍ കയ്യേറിയ ക്ഷേത്രഭൂമിയില്‍ തന്നെയാണ്‌ ചൈനാക്ലേ ഖാനനം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്‌. ഭൂമാഫിയകളുടെ ഗൂഢാലോചന ക്ഷേത്രഭൂമിയെ അന്യാധീനപ്പെടുത്തുന്നതിനിടയിലാണ്‌ തൊട്ടടുത്ത്‌ ഒരു എയ്ഡഡ്‌ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവന്ന ഐ.റ്റി.ഐയ്ക്കു വേണ്ടിയെന്ന പേരിലും മാടായിപ്പാറയില്‍ ക്ഷേത്രഭൂമി കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഐ.യ്ക്കുവേണ്ടിയുള്ള ഈ കയ്യേറ്റം, സര്‍ക്കാര്‍ കയ്യേറ്റം തന്നെയാണ്‌. ഐടിഐ മാടായിയില്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്‌ ക്ഷേത്രഭൂമി തന്നെ ഒഴിവ്‌ കാണുന്നതില്‍ ഒരു ന്യായവും ഇല്ല. വേണ്ടത്ര സര്‍ക്കാര്‍ ഭൂമി ഇതേ പ്രദേശത്ത്‌ രേഖപ്രകാരം ധാരാളമുണ്ട്‌. അത്‌ കണ്ടെത്താനുള്ള പരിശ്രമമാണ്‌ ഉടനടി നടക്കേണ്ടത്‌. ക്ഷേത്ര കയ്യേറ്റത്തിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ, ചിറയ്ക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ ജില്ലാ സബ്കോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ കോമ്പൗണ്ട്‌ വാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ താത്കാലികവിധിയുണ്ടായി. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. അതിന്റെ പേരില്‍ കല്യാശ്ശേരി എം.എല്‍.എയുടെ സമ്മര്‍ദ്ദഫലമായി സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നേരെ ക്രിമിനല്‍ കേസെടുക്കുകയുണ്ടായി. പൊതുസ്വത്ത്‌ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട എംഎല്‍എ തന്നെ കയ്യേറ്റക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുന്നു എന്നു പരാതി ഗൗരവമുള്ളതാണ്‌. ഭൂമാഫിയക്കെതിരെ നിലകൊള്ളുന്നു എന്ന പറയുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ ജനപ്രതിനിധി പാര്‍ട്ടി അറിയാതെയാണോ ഇത്തരം കൊള്ളരുതായ്മകള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നതെങ്കില്‍ അത്‌ തുറന്ന്‌ പറയണം. ക്ഷേത്രഭൂമിയടക്കുള്ള പൊതുസ്വത്ത്‌ സംരക്ഷിക്കാന്‍ കേരളത്തിലെ പൊതുസമൂഹം പ്രത്യേകിച്ച്‌ മാടായി പാറ സംരക്ഷണശ്രമങ്ങളുമായി എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്‌. മലബാര്‍ ദേവസ്വംബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ തടസ്സം നില്‍ക്കുന്ന സര്‍ക്കാറാണ്‌ ഇപ്പോഴുള്ളതെന്നാണ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ കുറ്റപ്പെടുത്തുന്നത്‌. അതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹം മാടായി ക്ഷേത്രഭൂമി വീണ്ടെടുക്കാനുള്ള പ്രയത്നങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ മുന്നോട്ടുവരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.