ടൂറിസം കുത്തകകള്‍ക്ക് പുതിയ തന്ത്രം

Friday 19 September 2014 8:57 pm IST

ആലപ്പുഴ: തീരദേശ പരിപാലന നിയമം അട്ടിമറിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ടൂറിസം കുത്തകകള്‍ രംഗത്ത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വിലയ്‌ക്കെടുത്താണ് നിയമത്തെ വന്‍കിട ടൂറിസം കുത്തകകള്‍ മറികടക്കുന്നത്. മോഹവില നല്‍കി മത്സ്യത്തൊഴിലാളികളില്‍ നിന്ന് വീടും സ്ഥലവും സ്വന്തമാക്കുമെങ്കിലും ഔദ്യോഗിക രേഖകളില്‍ മത്സ്യത്തൊഴിലാളികള്‍ തന്നെയായിരിക്കും വീടിന്റെ ഉടമസ്ഥര്‍. പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തി ഈ വീടുകളില്‍ വിനോദസഞ്ചാരികളെ താമസിപ്പിക്കുകയുമാണ് പതിവ്. തീരത്തോട് വളരെ അടുത്തായതിനാല്‍ ഇവിടങ്ങളിലെ താമസം വിദേശ വിനോദസഞ്ചാരികള്‍ക്കടക്കം വളരെയേറെ താത്പ്പര്യമാണ്. പ്രാദേശികമായ പിന്തുണയോടെയാണ് ടൂറിസം കുത്തകകള്‍ തീരപ്രദേശങ്ങളിലെ ഭൂമി കൈയടക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നഗരത്തിന് വടക്കോട്ട് തീരപ്രദേശങ്ങള്‍ ഇത്തരത്തില്‍ വ്യാപകമായി ടൂറിസം കുത്തകകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിരന്തരം വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന മതനേതൃത്വത്തിന്റെ ഒത്താശയോടെയാണ് തീരദേശങ്ങള്‍ ടൂറിസം മാഫിയകള്‍ക്ക് തീറെഴുതുന്നതെന്നതും വസ്തുതയാണ്. ടൂറിസം കുത്തകകള്‍ കൈയടക്കിയ സ്ഥലങ്ങള്‍ പലതും ഇപ്പോഴും മത്സ്യത്തൊഴിലാളികളുടെ പേരിലായതിനാല്‍ ഇവിടങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മറവില്‍ അനുമതി നേടിയെടുക്കാനും ശ്രമമുണ്ട്. തീരദേശ പരിപാലന നിയമമാണ് ഇതിന് തടസമായി നില്‍ക്കുന്നത്. തീരദേശ പരിപാലന നിയമത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീട് നിര്‍മ്മാണത്തിന് ഇളവ് നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം യഥാര്‍ത്ഥ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഏറെ ഗുണകരമാണെങ്കിലും ടൂറിസം മാഫിയകള്‍ ഇത് മുതലെടുക്കാനുള്ള സാദ്ധ്യതയേറെയാണ്. നിയമം ശക്തമായി നിലവിലുള്ളപ്പോഴും രാഷ്ട്രീയ, മത സ്വാധീനങ്ങള്‍ മൂലം തീരദേശങ്ങളില്‍ നിയമം ലംഘിച്ച് റിസോര്‍ട്ടുകളും ഹട്ടുകളും വ്യാപകമാണ്. ഇതുകൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കടല്‍ഭിത്തിക്കും കടലിനുമിടയില്‍ പോലും സുനാമി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഈ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി അനംഗീകൃത നമ്പര്‍ (യുഎ നമ്പര്‍) തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിരുന്നു. തീരദേശ പരിപാലന നിയമം സര്‍ക്കാര്‍ തന്നെ ലംഘിച്ചത് വിവാദമായിരുന്നു. വന്‍ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നത്. കടല്‍ക്ഷോഭത്തില്‍ പലതവണ ഇങ്ങനെ നിര്‍മ്മിച്ച വീടുകള്‍ തകരുകയും ചെയ്തിരുന്നു. നിലവില്‍ തീരത്തിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ വീട് നിര്‍മ്മിക്കണമെങ്കില്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വേണം. നിയമത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കുമെങ്കില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും രംഗത്തെത്തിയതിലും ദുരൂഹതയുണ്ട്. പി. ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.