അച്ഛന്റെ ബലിതര്‍പ്പണത്തിനെത്തി ഭാഗ്യവുമായി ഹരികുമാര്‍ മടങ്ങി

Sunday 21 May 2017 2:12 am IST

ചെങ്ങന്നൂര്‍: ജീവിത പ്രാരാബ്ധങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഹരികുമാറിനെ തേടി ഭാഗ്യദേവതയെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപയാണ് ചെങ്ങന്നൂര്‍ ചെറിയനാട് അനീഷ്ഭവനത്തില്‍ ഹരികുമാറിനെ തേടിയത്തിയത്. വെണ്ണിക്കുളം സ്വദേശിയായ ഇയാളുടെ ഭാര്യവീടാണ് ചെറിയനാടുള്ളത്. കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഹരികുമാര്‍ എല്ലാ വര്‍ഷവും അച്ഛന്‍ ജ്ഞാനേന്ദ്രന്റെ ബലി തര്‍പ്പണത്തിനായി തിരുവനന്തപുരത്തെ തിരുവല്ലത്ത് എത്തുമായിരുന്നു. ഇത്തവണ ഇതിനായി എത്തിയപ്പേഴാണ് ഭാഗ്യദേവതയും ഒപ്പം കൂടിയത്. തിരുവല്ലത്തുനിന്നും തിരികെവരുമ്പോള്‍ ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷന് സമീപമുള്ള പത്മാ ലക്കി സെന്ററില്‍ നിന്നും ഓരോ ബംബര്‍ ടിക്കറ്റ് ഇദ്ദേഹം വാങ്ങിയിരുന്നു. ഇതില്‍ ചെങ്ങന്നൂരില്‍ നിന്നും വാങ്ങിയ ടിഎ 192044 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യകടാക്ഷം ഉണ്ടായത്. പിതാവിന്റെ മരണശേഷം അമ്മയ്ക്കും സഹോദരനുമൊപ്പം ബംഗളൂരുവില്‍ തന്നെ താമസമാക്കുകയായിരുന്നു. പ്രാരാബ്ധങ്ങള്‍ ഏറിയതോടെ ചെറിയ തോതില്‍ റ്റീ സ്റ്റാള്‍ നടത്തി കുടുംബം നോക്കേണ്ട ഉത്തരവാദിത്വം ഹരികുമാറിന്റെ ചുമലിലായിരുന്നു. വര്‍ഷങ്ങളായി കടയോടു ചേര്‍ന്നുളള ചെറിയ വാടകവീട്ടിലാണ് ഹരികുമാര്‍ അമ്മ ഓമന, ഭാര്യ അമ്പിളി, മക്കളായ അഖില്‍, അനുശ്രീ എന്നിവരോടൊപ്പം താമസിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഒന്നാം സമ്മാനം തനിക്കാണെന്ന് വിവരം ലഭിച്ചതോടെ ഹരികുമാര്‍ പത്മാ ലക്കി സെന്ററിലെ ഫോണിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വീടോ വസ്തുവോ സ്വന്തമായിട്ടില്ലാത്ത ഹരികുമാറിന് ആദ്യം ഇത് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ നിരവധി സാമ്പത്തിക ബാധ്യതകളും ഉണ്ട്. ഇവയും വീട്ടണമെന്നും മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് താനെന്നും ഹരി അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി തന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗമായ ചായ കച്ചവടം ഉപേക്ഷിക്കില്ലെന്നും ഹരികുമാര്‍ പറഞ്ഞു. ഇന്നലെ സമ്മാനം ലഭിച്ച വിവരം അറിഞ്ഞതിനു ശേഷവും വീടിനു സമീപമുള്ള കമ്പനികളില്‍ ചായ നല്‍കുന്ന തിരക്കിലായിരുന്നു ഹരികുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.