കേരള ട്രാവല്‍ മാര്‍ട്ട് സമാപിച്ചു

Saturday 20 September 2014 8:13 pm IST

കൊച്ചി: ടൂറിസം വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്ത് കൊച്ചിയില്‍ മൂന്ന് ദിവസമായി നടന്നുവന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത് എഡിഷന്‍ സമാപിച്ചു.കേരളത്തില്‍ പരീക്ഷിച്ച് വിജയം കണ്ട ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ സംസ്ഥാനത്തെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 30,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മേളയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും സംഘാടകരെ പോലും അമ്പരപ്പിച്ച് 40,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം നീണ്ടുനിന്ന മേളയില്‍ നടന്നത്. വിദേശ പ്രതിനിധികളുമായുള്ള 9000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളുമാണ് നടന്നത്. പ്രതീക്ഷക്കപ്പുറമുള്ള പ്രതികരണമാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിന് ലഭിച്ചതെന്ന് കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 255 സെല്ലര്‍ സ്റ്റാളുകളും 241 അന്താരാഷ്ട്ര ബയര്‍മാരും 861 തദ്ദേശ ബയര്‍മാരും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. യു കെ, ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തിയപ്പോള്‍ സിങ്കപ്പൂര്‍, പോളണ്ട്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതാദ്യമായി കേരളാ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.45രാജ്യങ്ങളില്‍നിന്നുള്ള ബയര്‍മാര്‍ ഇത്തവണ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തതായി കെടിഎം പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ് പറഞ്ഞു. ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന് മികച്ച നേട്ടം പ്രതീക്ഷിക്കാമെന്നു സെക്രട്ടറി അനീഷ് കുമാര്‍ പറഞ്ഞു. കേരള ടൂറിസത്തിന്റെ സാധ്യതകളും പ്രത്യേകതകളും വിശദമാക്കുന്ന ബിസിനസ് സെഷനുകളും സെമിനാറുകളും ചര്‍ച്ചകളും മൂന്ന് ദിവസങ്ങളിലായി നടന്നു. ക്ലീന്‍ കേരള ആശയം വിപുലപ്പെടുത്തണമെന്നും ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കണമെന്നും പരമ്പരാഗത കലാകാരന്മാര്‍, കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, കരകൗശല വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യം ഇതിന് ഉറപ്പാക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ ആവശ്യമുയര്‍ന്നു. പുത്തന്‍ വിപണികളും പുതിയ വിപണന ലക്ഷ്യങ്ങളും ലക്ഷ്യമിട്ട് കേരളം അവതരിപ്പിച്ച ആശയങ്ങള്‍ക്ക് ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്. ആഗോള പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിന് കഴിഞ്ഞതായി ജോണി എബ്രഹാം ജോര്‍ജ് പറഞ്ഞു. ഗ്രാമീണ ടൂറിസം ആയിരുന്നു കേരളം ഇത്തവണ ആഗോള പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പുതിയ ആശയങ്ങളില്‍ പ്രധാനമായുള്ളത്. വേദിയില്‍ ഗ്രാമീണ ജീവിതം ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് വിദേശ പ്രതിനിധികളെ ആകര്‍ഷിക്കാന്‍ സഹായകരമായി. ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. വിവാഹ, മധുവിധു ഡസ്റ്റിനേഷനായി കേരളം മാറുന്ന കാഴ്ചയും ഇത്തവണ ട്രാവല്‍ മാര്‍ട്ടില്‍ കണ്ടു. അവിസ്മരണീയമായ വിവാഹ അനുഭവം സമ്മാനിക്കാന്‍ കേരളാ ടൂറിസം അവതരിപ്പിച്ച ഡസ്റ്റിനേഷനുകളും വേദികളും വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ നേടിയെടുത്തു. കേരള ടൂറിസം വകുപ്പ് ഇത്തവണ അവതരിപ്പിച്ച 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്‌പൈസ് റൂട്ട് ( പ്രാചീന സുഗന്ധ വഴി ) പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി. മുസിരിസ് പദ്ധതിയുടെ പ്രാധാന്യം പ്രതിനിധികളെ ബോധ്യപ്പെടുത്തുന്നതിലും ട്രാവല്‍ മാര്‍ട്ട് വിജയിച്ചു. ഏറെ ആകാംക്ഷയോടെയാണ് പ്രതിനിധികള്‍ മുസിരിസ് പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ക്രൂസ് ടൂറിസമാണ് ഭാവിയില്‍ കേരളത്തിന് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ച ടൂറിസം പദ്ധതിയെന്ന ആശയവും ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. യഥാര്‍ത്ഥ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ കേരളം തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കണമെന്ന നിര്‍ദേശവും ട്രാവല്‍ മാര്‍ട്ടില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിനിധികള്‍ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ ടൂറിസം സൗഹൃദ മദ്യ നയം സ്വീകരിക്കണമെന്ന് എട്ടാമത് ട്രാവല്‍ മാര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം രംഗത്ത് കേരളവുമായി മത്സരിക്കുന്ന രാജ്യങ്ങളും സംസ്ഥാനങ്ങളും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കേരളത്തെക്കുറിച്ചുണ്ടാകുന്ന ചെറിയ ആശങ്കകള്‍ പോലും സംസ്ഥാനത്തിന്റെ ടൂറിസം ഭാവിക്ക് തിരിച്ചടിയാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പുതുതായി പ്രഖ്യാപിച്ച മദ്യനയത്തില്‍ ടൂറിസം സൗഹൃദ മാറ്റങ്ങള്‍ വേണമെന്ന് ട്രാവല്‍ മാര്‍ട്ട് ആവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ച് ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ടൂറിസം മേഖലക്ക് പ്രതീക്ഷയുണ്ടെന്നും ട്രാവല്‍ മാര്‍ട്ട് വിലയിരുത്തി. ട്രാവല്‍ മാര്‍ട്ടിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച കേന്ദ്ര ടൂറിസം അഡീഷനല്‍ സെക്രട്ടറി ഗിരി ശങ്കര്‍ മേളയുടെ സംഘാടനത്തിലും കേരള ടൂറിസം പരിചയപ്പെടുത്തുന്ന രീതിയിലും സന്തുഷ്ടി രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.