പഴക്കുല തിന്നാന്‍ അനുവദിച്ചില്ല ആന പാപ്പാന്മാരെ വെള്ളം കുടിപ്പിച്ചു

Sunday 21 September 2014 6:50 am IST

പിണങ്ങിയ ആനയെ പാപ്പാന്മാര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

എരുമേലി: വെള്ളം കുടിക്കുന്നതിനിടെ പഴക്കുല തിന്നാന്‍ ശ്രമിച്ച ആനയെ തടഞ്ഞ പാപ്പാന്റെ പെരുമാറ്റത്തില്‍ പിണങ്ങി ഓടിയ ആന പാപ്പാന്മാരെ മണിക്കൂറുകളോളം വെള്ളംകുടിപ്പിച്ചു. മുക്കൂട്ടുതറയിലാണ് സംഭവം. ദിവസങ്ങളായി രണ്ടാം പാപ്പാന്റെ വീടിനു സമീപമുള്ള റബ്ബര്‍തോട്ടത്തില്‍ തളച്ചിരിക്കുകയായിരുന്ന ആനയെ വെള്ളം കുടിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വെള്ളം കുടിച്ചുകൊണ്ടിരിക്കെ നാട്ടുകാരിലൊരാള്‍ പഴക്കുലയുമായി അതുവഴി കടന്നു വന്നു. പഴക്കുല കണ്ട ആന തുമ്പിക്കൈ കൊണ്ട് വാഴക്കുല പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍വിലക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ആന പുറത്തുകയറിയ പാപ്പാനുമായി പിണങ്ങി ഓടുകയായിരുന്നു.

രാവിലെ 9ന് പിണങ്ങിയ ആന ഉച്ചയ്ക്ക് 2 മണിവരെ റോഡില്‍ തന്നെ നിലയുറപ്പിച്ചു നിന്നു. ഇതിനിടെ ചങ്ങലയും വടവും ഉപയോഗിച്ച് കെട്ടിയതിനാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. ആനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ പാപ്പാന്മാരെ ആക്രമിക്കാന്‍ ശ്രമിച്ച ആന കയ്യാലയില്‍ സ്ഥാപിച്ച മുള്ളുവേലി തകര്‍ക്കുകയും ഇതില്‍ ആനയുടെ തുമ്പിക്കൈ മുറിയുകയും ചെയ്തു. ഇത്തരം ആനകളെ ജനവാസകേന്ദ്രങ്ങളില്‍ തളയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ചങ്ങനാസേരി ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷ്ണു എന്ന ആനയാണ് പിണങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.