മനോജ് വധം :മറുപടി പറയാനാവാതെ നേതൃത്വം

Sunday 21 September 2014 6:50 am IST

മനോജ്

പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ ഡയമണ്ട് മുക്കിലെ കെ.മനോജിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെയും നേതൃത്വത്തിന്റെയും പങ്ക് അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തമായി. ഇതോടെ കൊലപാതകം നടന്ന സമയം തൊട്ട് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാടുനീളെ പ്രസംഗിച്ചു നടന്ന സിപിഎമ്മിന്റെ കണ്ണൂരിലെ നേതാക്കള്‍ക്ക് മിണ്ടാട്ടമില്ലാത്ത സ്ഥിതിയായി.

കേസില്‍ ഇതുവരെ പിടിക്കപ്പെട്ടു കഴിഞ്ഞ മൂന്ന് പ്രതികള്‍ക്കും പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധമാണുളളത്. മൂന്നുപേരും പാര്‍ട്ടി മെമ്പര്‍മാരാണ്. കൂടാതെ ഒരാള്‍ പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. മാത്രമല്ല പിടികൂടാനുള്ള പ്രതികളില്‍ മുഴുവന്‍ പേര്‍ക്കും പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധമാണുളളതെന്നും അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. പ്രതികള്‍ക്കു വേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കൊലയില്‍ മുഖ്യ പ്രതി വിക്രമനോടൊപ്പം പ്രത്യക്ഷത്തില്‍ പങ്കെടുത്ത പ്രതികള്‍ ജില്ലയിലെ നിരവധി കൊലപാതകങ്ങളില്‍ പങ്കാളികളെന്നും സൂചന. കൊലപാതകത്തിനായുള്ള ആസൂത്രണം ഒരു മാസം മുമ്പേ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്ന് പിടിയിലായ പ്രതികളുടെ മൊഴികളില്‍ നിന്നും പോലീസിന് മനസ്സിലായിട്ടുണ്ട്. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികള്‍ക്കെല്ലാം വ്യക്തമായ നിയമോപദേശം പാര്‍ട്ടിയുടെ വകയായി ലഭിച്ചിട്ടുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലയ്ക്ക് ശേഷം കൊലയാളികള്‍ക്ക് രക്ഷപ്പെടാനും വിക്രമനുള്‍പ്പെടെയുളള ചിലര്‍ക്ക് വൈദ്യ സഹായത്തിനും പിടിക്കപ്പെട്ടവര്‍ക്കും പിടികൊടുക്കാതെ മുങ്ങി നടക്കുന്നവര്‍ക്കും സഞ്ചരിക്കാനും ഒളിവില്‍ കഴിയാനും ദിവസങ്ങളായി സൗകര്യം ഒരുക്കി കൊടുക്കുന്നതും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും പാര്‍ട്ടി ഗ്രാമങ്ങളിലെ സഖാക്കളുടെ സഹായത്തോടെയുമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മാലൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി കുരുമ്പോളി തരിപ്പ പ്രഭാകരനെ ചോദ്യം ചെയ്തതില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തിലുളള പങ്ക് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നറിയുന്നു. മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ താനുള്‍പ്പെടെ 16 പേര്‍ ഉണ്ടായിരുന്നതായി ഇയാള്‍ മൊഴി നല്‍കിയെങ്കിലും പോലീസ് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തില്‍ പാര്‍ട്ടിയുടെ കതിരൂര്‍, തലശ്ശേരി, കൂത്തുപറമ്പ് മേഖലയില്‍ ഉള്ളവരുടെ പങ്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാട്യം ലോക്കല്‍ സെക്രട്ടറി, പാട്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, പാട്യം ലോക്കല്‍ കമ്മറ്റിയംഗം തുടങ്ങിയവരെക്കൂടി പിടികൂടിയാല്‍ മനോജിന്റെ കൊലപാതകത്തെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് കരുതുന്നു. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയുടെ പങ്കും പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാളെ നോട്ടീസ് നല്‍കി വിളിപ്പിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ജില്ലയിലെ പഴയകാല കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പല സിപിഎം ക്രിമിനലുകളും സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഫോണ്‍ ഉപയോഗം കൊണ്ട് സംഭവിച്ച പിഴവ് ഇല്ലാതെ മനോജ് വധം നടത്തിയതാണ് പോലീസിനെ അല്‍പ്പം ബുദ്ധിമുട്ടിക്കുന്നത്. പാട്യം, കതിരൂര്‍ ലോക്കലിലെ മിക്ക നേതാക്കളും ഒളിവില്‍ പോയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്.

ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനായി അന്വേഷണ സംഘത്തിനുള്ളില്‍ത്തന്നെ ഇന്നലെ മുതല്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത നേതൃത്വത്തിനടക്കം പങ്കുണ്ടെന്ന് തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എല്ലാംതന്നെ പ്രതികള്‍ക്കുവേണ്ടി ക്രൈംബ്രാഞ്ച് സംഘം വലവീശിയിട്ടുണ്ട്. സംശയമുള്ളവരെ കണ്ടെത്തിയാല്‍ അറിയിക്കാനും പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോള്‍ ഇതുവരെ പിടിയിലായ പ്രതികളും വരും ദിവസങ്ങളില്‍ പിടിയിലാകാന്‍ പോകുന്ന പ്രതികളും സിപിഎമ്മുകാരാണെന്നത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ പാര്‍ട്ടിയാണ് ആസൂ്രതണം ചെയ്ത് കൊല നടപ്പിലാക്കിയതെന്ന് കണ്ടെത്തിക്കഴിഞ്ഞു. കൊന്ന ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും സ്‌ഫോടനത്തില്‍ പരിക്കേറ്റ് മുറിവു പറ്റിയ മുഖ്യപ്രതിക്ക് ചികിത്സക്ക് സംവിധാനമൊരുക്കിയതും പ്രതികള്‍ക്കു വേണ്ടി പാര്‍ട്ടിയുടെ വക്കീല്‍ ഹാജരായതും പ്രതിക്ക് ഒളിത്താവളമൊരുക്കാന്‍ അകമ്പടി പോയത് ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള വണ്ടിയാണെന്നുള്ളതും പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ നേതൃത്വം വരും നാളുകളില്‍ അണികളോടും സമൂഹത്തോടും എങ്ങനെ മറുപടി പറയുമെന്ന ചിന്തയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.