ദിവാകരനെ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി

Sunday 21 September 2014 2:40 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് സി.ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. ദിവാകരനെതിരായ നടപടിക്ക് ഇന്നു ചേര്‍ന്ന ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. അതേസമയം ദേശീയ കൗണ്‍സിലില്‍ ദിവാകരന്‍ തുടരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിവാകരന്‍ കത്തു നല്‍കിയിരുന്നതായി സുധാകര റെഡ്ഡി പറഞ്ഞു. ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാനസമിതി നടപടിയെടുത്തിരുന്നു. ദിവാകരനെ സംസ്ഥാന സമിതിയിലേക്കും തരം താഴ്ത്തിയിരുന്നു. എന്നാല്‍ ഈ നടപടി സി.ദിവാകരന്‍ അംഗീകരിച്ചിരുന്നില്ല. ദേശീയ നിര്‍വ്വാഹകസമിതി അംഗമായ തനിക്കെതിരെ സംസ്ഥാന സമിതിക്ക് നടപടിയെടുക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ തുടങ്ങിയ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിവാകരന്‍ പങ്കെടുത്തിരുന്നില്ല. സ്ഥാനാര്‍ത്ഥി വിവാദമാണ് ഇതിന് പിന്നിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ദിവാകരന്‍ പങ്കെടുക്കാത്തതെന്ന് വിശദീകരണം വന്നു. സി.ദിവാകരനെതിരെയുള്ള നടപടി ദേശീയ നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.