തദ്ദേശഭരണ സ്ഥാപനങ്ങളുടെ തോല്‍വി

Monday 22 September 2014 10:49 am IST

2015-ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുകയാണ്. എന്ത് ഭരണമാണ് ഈ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ നടത്തിയതെന്ന് ചിന്തിക്കുന്നത് ഇത്തരുണത്തില്‍ നല്ലതായിരിക്കും. ഭാര്യയ്ക്കുവേണ്ടി ഭര്‍ത്താവ് മെമ്പര്‍ പണി ചെയ്ത എത്രയെത്ര വാര്‍ഡുകള്‍! മണല്‍ മാഫിയക്കും മണ്ണ് മാഫിയക്കും പാറമടക്കാര്‍ക്കും പാടം നികത്തലുകാര്‍ക്കും മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ക്കും കൂട്ടുനിന്ന് ജനങ്ങളുടെ പണം അപഹരിച്ച നിയമലംഘനം നടത്തിയ എത്രയെത്ര തദ്ദേശ സ്വയംഭരണ സമിതികള്‍! സര്‍ക്കാര്‍ ഭൂമികയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്ന മെമ്പര്‍മാര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിലെ നിയമങ്ങള്‍ മറികടക്കാനായി അഹോരാത്രം സ്വകാര്യവ്യക്തികള്‍ക്കായി പണിയെടുത്ത മെമ്പര്‍മാര്‍. കാനകളും, പാലങ്ങളും തോടുകളും കലങ്കുകളും കനാലുകളും കമ്മ്യൂണിറ്റി ഹാളുകളും പണികഴിപ്പിച്ച് ലക്ഷപ്രഭുക്കളായ മെമ്പര്‍മാര്‍. ഖരമാലിന്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ അന്യസംസ്ഥാന യാത്ര വീട്ടുകാരൊത്ത് നടത്തിയവര്‍, പൊതുപണം ഉപയോഗിച്ച് വിദേശയാത്ര നടത്തിയവര്‍, യാത്രകളുടെ പേരില്‍ യാത്രാ ചെലവിനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ മെമ്പര്‍മാര്‍. നിയമലംഘനം നടത്തി പണിതീര്‍ത്ത വീടുകള്‍ക്കും മറ്റ് നിര്‍മിതികള്‍ക്കുമായി ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിന്റെ മുതല്‍ക്കൂട്ടാക്കേണ്ട തുകകള്‍ ഇളവ് നല്‍കുവാന്‍ വേണ്ടി കമ്മീഷന്‍ പറ്റിയ മെമ്പര്‍മാര്‍. സര്‍ക്കാര്‍ പണം ഉപയോഗിച്ച് പണിതീര്‍ത്ത റോഡുകളും നിര്‍മിതികളും സ്വന്തം എക്കൗണ്ടില്‍ ചേര്‍ക്കുന്നതിന് ഫഌക്‌സ് ബോര്‍ഡുകള്‍ കോണ്‍ട്രാക്ടര്‍മാരെക്കൊണ്ട് കവലകള്‍ തോറും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന യുവമെമ്പര്‍മാര്‍. വിധവാ പെന്‍ഷന്‍, മറ്റ് ക്ഷേമപെന്‍ഷനുകള്‍, തയ്യല്‍ മിഷ്യന്‍ വിതരണം, ആടുവിതരണം, പശുവിതരണം, ഓണാഘോഷം, കുടിവെള്ള വിതരണം, സമ്മേളനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളുടെ ഫോട്ടോ പത്രത്തില്‍ക്കൊടുത്ത് തന്റെ സാന്നിദ്ധ്യം വാര്‍ഡിലെ മെമ്പര്‍മാരെ ഓര്‍മപ്പെടുത്തുന്ന വിരുതന്മാര്‍. തദ്ദേശഭരണ സ്ഥാപന പ്രദേശത്തെത്തുന്ന മന്ത്രിമാര്‍, നേതാക്കള്‍, മറ്റ് പ്രമാണിമാര്‍ എന്നിവര്‍ക്കൊപ്പം തിക്കിത്തിരക്കി കയറിനിന്ന് ഫോട്ടോയിലും വാര്‍ത്തയിലും ഇടം നേടിയവര്‍. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നാക്കി തീര്‍ത്ത് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചവര്‍. കല്യാണങ്ങള്‍, അടിയന്തരങ്ങള്‍, ചോറൂണുകള്‍, മനസമ്മതങ്ങള്‍, ജന്മദിനാഘോഷങ്ങള്‍ എന്നിവയില്‍ സജീവ സാന്നിദ്ധ്യം ജനങ്ങളുടെ മുമ്പില്‍ ഉറപ്പാക്കിയ വര്‍. തൊഴിലുറപ്പ് പദ്ധതിയിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ തുടങ്ങി ക്രിയാത്മകമായി നാടിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്ത കാര്യങ്ങളില്‍ സജീവശ്രദ്ധ കാണിക്കുന്ന തദ്ദേശഭരണ മെമ്പര്‍മാരുടെ കുത്തൊഴുക്കാണ് നമ്മുടെ നാട്ടിലുള്ളത്. ഗ്രൂപ്പു രാഷ്ട്രീയം കളിച്ച് ഭരണം കുളംതോണ്ടിയ തദ്ദേശ ഭരണസ്ഥാപനങ്ങളാണേറെയും. ബജറ്റ് തുക വീതിച്ച് മെമ്പര്‍മാര്‍ക്ക് നല്‍കി നാടുനീളെ പാടം നികത്തലും കാനനിര്‍മാണവും കയ്യേറ്റവും നടത്തി, തോടുകളും ഇടത്തോടുകളും അടച്ച് കളഞ്ഞ് നാടിനെ വെള്ളക്കെട്ടിലെത്തിച്ച നിരവധി മെമ്പര്‍മാര്‍ നമ്മുടെ തദ്ദേശ ഭരണത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ശരിക്കും വേണ്ട ഒരു കാര്യത്തിലും തെരഞ്ഞെടുക്കപ്പെടുന്നവരുടെ 'സേവനം' സമൂഹത്തിന് ലഭിക്കുന്നില്ലെന്നതാണ് സത്യം. ഇന്നത്തെ തദ്ദേശഭരണ ജനപ്രതിനിധികള്‍ ചെയ്യുന്ന ജോലിക്ക് 'കൂലി' വാങ്ങുന്നവരാണ്. കമ്മീഷന്‍ വകയിലും അറിഞ്ഞ് ലഭിക്കുന്ന വകയിലും സ്വജനപക്ഷപാതം നടത്തുന്ന വകയിലും സ്വയം സേവനം ലഭിക്കുന്നവരാണ് ഇത്തരം ജനപ്രതിനിധികള്‍. അവര്‍ക്ക് രാജ്യസ്‌നേഹമോ, നാടിന്റെ നന്മയോ ജനനന്മയോ അല്ല ലക്ഷ്യം. കുടിവെള്ളവിതരണം പോലും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്നു. രാഷ്്രടീയ മേല്‍കൈ, പാര്‍ട്ടി വളര്‍ത്തല്‍, സ്വയം വളര്‍ച്ച, സ്വത്ത് സമ്പാദനം എന്നിവയില്‍ കവിഞ്ഞൊന്നും അവരുടെ അജണ്ടയിലില്ല. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പോലും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രമെന്ന രീതിയില്‍ വിതരണം ചെയ്യുന്നു. പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന എത്രയെത്ര തദ്ദേശ ഭരണസ്ഥാപന ഭരണം നമ്മുടെ നാട്ടിലുണ്ട്. ജനനന്മയും നാടിന്റെ ശരിയായ സുസ്ഥിര വികസനവും ലക്ഷ്യം വെച്ച് ഭരണം നടത്തുന്ന എത്രയെത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നമുക്കുണ്ട്? നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വികസനമെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. പണ്ടൊക്കെ ദേശസ്‌നേഹത്തിന്റെ പേരില്‍ ജീവിതം നാടിനുവേണ്ടി ഹോമിച്ച അനേകം രാജ്യസ്‌നേഹികള്‍ വിരാജിച്ചിരുന്ന ഗ്രാമപഞ്ചായത്തുകള്‍ നമുക്കുണ്ടായിരുന്നു. സേവനം മാത്രമായിരുന്നു അന്നവരുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് സേവനമെന്ന കാഴ്ചപ്പാടു കൈമോശം വന്ന ഒരുപറ്റം അരാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൈകളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും. പണ്ടൊക്കെ തൊഴിലുണ്ടായിരുന്ന നാട്ടിലെ പൊതുകാര്യ പ്രാപ്തനായ ഒരാളായിരുന്ന പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹത്തോടൊപ്പം നാടിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരുപറ്റം മെമ്പര്‍മാരായിരുന്നു ഭരണം നടത്തിയിരുന്നത്. ആ സ്ഥാനത്ത് ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയ അതിപ്രസരമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പ്രസിഡന്റിനെ താഴെയിറക്കുവാന്‍ അവിശ്വാസം കൊണ്ടുവരുന്ന നാടായി കേരളം മാറിയിരിക്കുന്നു. സ്വയം അച്ചടക്കമില്ലാത്തവര്‍ അധികാര സ്ഥാനങ്ങളില്‍ കയറിക്കൂടി രാഷ്ട്രീയ സ്വാധീനം പുറകോട്ടടിക്കുന്ന പ്രവൃത്തനവുമായി മുന്നോട്ടുപോകുന്നത് നാടിനാപത്താണ്. ലക്ഷ്യം കൈമോശം വന്ന ഭരണ സംവിധാനങ്ങളായി നമ്മുടെ തദ്ദേശഭരണം മാറിയിരിക്കുന്നു. ഭരണങ്ങള്‍ക്ക് തുടര്‍ച്ചയില്ലാത്തതുകൊണ്ട് ലക്ഷ്യമിടുന്ന പദ്ധതികള്‍ അവതാളത്തിലായി പോകുന്നു. ഇത് ഖജനനാവിന് കോടികളുടെ നഷ്ടം വരുത്തി തീര്‍ക്കുന്നു. ഉദ്യോഗസ്ഥരുടെ കൈകളില്‍ ഭരണമേല്‍പ്പിച്ച് കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന തദ്ദേശഭരണ ജനപ്രതിനിധികളും ഭരണനേതൃത്വവും നമുക്കുണ്ട്. ഗ്രാമസഭാ തീരുമാനങ്ങള്‍ തന്റെ ഇഷ്ടപ്രകാരം എഴുതിച്ചേര്‍ക്കുന്ന തദ്ദേശഭരണ സെക്രട്ടറിമാര്‍ കേരളം ഭരിക്കുന്നു. ജനങ്ങളുടെ കാതലായ പ്രശ്‌നങ്ങളുടെ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ തീരുമാനങ്ങളായി രേഖപ്പെടുത്തുവാന്‍ വൈമനസ്യം കാണിക്കുന്ന സെക്രട്ടറിമാരുടെ നാടാണിത്. പാറമടകള്‍, പുഴകളിലെ മണല്‍വാരല്‍, കുടിവെള്ള വിതരണം, മാലിന്യനീക്കം, പാടം നികത്തല്‍, പുഴകയ്യേറ്റം, പുറമ്പോക്ക് ഭൂമി കയ്യേറ്റം, പാടശേഖരങ്ങളില്‍നിന്നും കളിമണ്ണെടുക്കല്‍ തുടങ്ങിയ ജനവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങള്‍ക്ക് കൂട്ടുനിന്ന് പണംപറ്റുന്ന നിരവധി സെക്രട്ടറിമാരാണ് തദ്ദേശഭരണം കയ്യാളുന്നത്. ഭരണസമിതിയുടെ ചുമതല ഇത്തരം അഴിമതികള്‍ നിയന്ത്രിക്കലാണെങ്കിലും പഴി ഉദ്യോഗസ്ഥരുടെ മേല്‍ ചാരി സ്വയം രക്ഷപ്പെടുന്ന തദ്ദേശസ്വയംഭരണ നേതൃത്വങ്ങളാണ് കേരളത്തില്‍ കൂടുതലും. തങ്ങളുടെ അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാതെ ഭരിക്കുന്ന നേതൃത്വങ്ങള്‍ സംസ്ഥാനത്തുടനീളമുണ്ട്. വര്‍ഷങ്ങളായി ശരിയായി നടപ്പാക്കി പദ്ധതികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തവര്‍, ഓഡിറ്റ് ഒബ്ജക്ട് മാറ്റുവാന്‍ വിശദീകരണം നല്‍കാനാവാത്തവര്‍, പണമിടപാടുകളുടെ കണക്ക് ചോദിച്ചാല്‍ മണ്ടന്‍കളിക്കുന്നവര്‍ തുടങ്ങിയവരടങ്ങിയ ഭരണനേതൃത്വങ്ങള്‍ തദ്ദേശ ഭരണസംവിധാനങ്ങളെ ജനദ്രോഹപരമാക്കി മാറ്റിയിരിക്കയാണ്. 1992 ലെ 74-ാം ഭരണഘടന ഭേദഗതി പ്രകാരം മുനിസിപ്പാലിറ്റികളുടെ രൂപീകരണവും ഭരണകാര്യങ്ങളും ഭാരതത്തിന്റെ ഭരണഘടനയില്‍ ഭാഗം 9 എയില്‍ 243 (പി) മുതല്‍ 243 (ഇസെഡ് ജി)വരെയുള്ള അനുഛേദത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഭരണം നടക്കുന്നത് മറ്റ് വഴികളിലൂടെയാണ്. ഭരണഘടനയുടെ 12-ാം പട്ടികയില്‍ എണ്ണിപ്പറഞ്ഞിട്ടുള്ള അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില്‍ പല മുനിസിപ്പാലിറ്റികളും ഇന്ന് പരാജയമാണ്. ചുമതലയില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അത് അധികാര ദുര്‍വിനിയോഗമായാണ് നിയമം അനുശാസിക്കുന്നത്. അധികാരങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുവാന്‍ ഭരണസംവിധാനങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്. അതായത് ഭരണം നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഭരണസമിതികള്‍ക്കുണ്ടെന്ന് സാരം. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം സ്ഥാപനത്തിന്റെ അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ആക്ടിലെ വകുപ്പ് 30 പ്രകാരമുള്ള അധികാരങ്ങള്‍ മുനിസിപ്പാലിറ്റികള്‍ക്കുണ്ട്. ചുമതലകളെ മൂന്നായി തിരിച്ചിട്ടുണ്ട്. അനിവാര്യ ചുമതലകള്‍, പൊതുവായ ചുമതലകള്‍, മേഖലാടിസ്ഥാനത്തിലുളള ചുമതലകള്‍ എന്നിവയാണവ. കെട്ടിടനിര്‍മാണം നിയന്ത്രിക്കുക അനിവാര്യ ചുമതലകള്‍ ഇവയാണ്. പൊതുസ്ഥല കയ്യേറ്റം തടയുക, പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക, കുളങ്ങളും മറ്റ് ജല സംഭരണികളും സംരക്ഷിക്കുക, ജലമാര്‍ഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക, ഖരമാലിന്യം ശേഖരിക്കുകയും സംസ്‌കരിക്കുകയും, ദ്രവമാലിന്യ നീക്കം ക്രമീകരിക്കുക, പേമാരിമൂലമുള്ള വെള്ളം ഒഴുക്കിക്കളയുക, പരിസ്ഥിതി ആരോഗ്യരക്ഷകമായി സംരക്ഷിക്കുക, സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക, മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം എളുപ്പത്തില്‍ കേടുവരുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന നിയന്ത്രിക്കുക, ഭക്ഷണശാലകളെ നിയന്ത്രിക്കുക, ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക, റോഡുകളും മറ്റ് പൊതുമുതലുകളും പരിപാലിക്കുക, തെരുവുവിളക്ക് കത്തിക്കുക, പരിപാലിക്കുക, രോഗപ്രതിരോധ നിയന്ത്രണത്തിനുള്ള ദേശീയ സംസ്ഥാന പരിപാടികള്‍ നടപ്പാക്കുക, ശ്മശാനങ്ങള്‍ സ്ഥാപിക്കുക, അപകടകരവും അസഹനീയവുമായ വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ലൈസന്‍സ് നല്‍കുക, ജനനമരണ രജിസ്റ്റര്‍ സൂക്ഷിക്കുക, കടത്തുകള്‍ ഏര്‍പ്പെടുത്തുക, പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, യാത്രക്കാര്‍ക്ക് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ നിര്‍മിക്കുക, പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകളും കക്കൂസുകളും കുളിസ്ഥലങ്ങളും ഏര്‍പ്പെടുത്തുക, മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരണം നടത്തുക, അലഞ്ഞു നടക്കുന്ന നായ്ക്കളെ നിയന്ത്രിക്കുക, ചേരികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, നടപ്പാതയും റോഡ് മുറിച്ച് കടക്കുവാന്‍ സൗകര്യവും കാല്‍നടയാത്രക്കാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുക, നഗരാസൂത്രണ പ്രവര്‍ത്തന പദ്ധതികളും ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനായി പദ്ധതി തയ്യാറാക്കുക. ഇത്രയും പ്രധാനപ്പെട്ട, ഒഴിഞ്ഞുമാറാനാവാത്ത ചുമതലകള്‍ നിറവേറ്റുന്നതില്‍ കേരളത്തിലെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പരാജയപ്പെട്ടിരിക്കുകയാണ്. കെട്ടിടനിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, കയ്യേറ്റ നിയന്ത്രണം, ആരോഗ്യസംരക്ഷണം എന്നീ ചുമതലകള്‍ അഴിമതിയുടെ കൂത്തരങ്ങാക്കിയിരിക്കയാണ്. കാല്‍നടക്കാരുടെ അവകാശങ്ങള്‍ മുനിസിപ്പാലിറ്റികള്‍ ലംഘിച്ചിരിക്കയാണ്. പൊതുസ്ഥലങ്ങളില്‍ വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും കുളിസ്ഥലങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ശരിയായ ചുമതലകള്‍ നിര്‍വഹിക്കാതെ മറ്റെന്തെക്കെയോ ചെയ്തുകൊണ്ടിരിക്കയാണ് തദ്ദേശഭരണ സംവിധാനങ്ങള്‍. എന്നാല്‍ രാഷ്ട്രീയം പണമുണ്ടാക്കുവാനും സ്വന്തം കീശവീര്‍പ്പിക്കുവാനുള്ള ഉപകരണമാക്കുന്നതിലും നഗരസഭകള്‍ വിജയമാണ്. ചുറ്റുമതിലുകള്‍ നിര്‍വഹിക്കുന്നതില്‍ അവ വന്‍ പരാജയമാണ്. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഇതിന് മാറ്റം വരുത്തുവാന്‍ ജനങ്ങള്‍ തയ്യാറാകണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.