മണക്കാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു

Sunday 21 May 2017 1:54 am IST

തൊടുപുഴ : മണക്കാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് അരിക്കുഴയില്‍ മരിച്ചത്. അരിക്കുഴ ഷാപ്പിലെ ജീവനക്കാരനായ ബെന്നിയാണ് മഞ്ഞപ്പിത്തരോഗത്തിനിരയായി മരിച്ച അവസാന വ്യക്തി. വള്ളിമഠത്തില്‍ ബേബിയെന്നയാളും മഞ്ഞപ്പിത്തത്തിന്റെ ഇരയായിരുന്നു. സ്ഥിതി ഗുരുതരമായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നോ, ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നോ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, ആയൂര്‍വേദ ആശുപത്രി, എന്നിങ്ങനെ പഞ്ചായത്തില്‍ മൂന്നോളം ആശുപത്രികളുണ്ട്. എന്താണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മണക്കാട് പഞ്ചായത്തിലെ അരിക്കുഴ ഭാഗത്ത് മാത്രം ആറ് മാസത്തിനിടെ 70 ഓളം പേര്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ച് ചികിത്സ തേടിയിട്ടുണ്ട്. പാലക്കാടന്‍ കള്ള് ഷാപ്പുകളിലെത്തുന്നുണ്ട്. ഈ കള്ളിലൂടെയാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഒരു നീക്കവും നടത്തിയിട്ടില്ല. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തോട് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. മഞ്ഞപിത്തം വ്യാപകമാകാനുള്ള കാരണം എന്തെന്ന് കണ്ടെത്താനും തടയാനുമുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും എത്രയും വേഗം ഉണ്ടാകണമെന്ന് യുവമോര്‍ച്ച മണക്കാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.