റോള്‍ ബോളില്‍ കേരളത്തിന് അഭിമാനമായി അഖില്‍

Sunday 21 September 2014 10:50 pm IST

തിരുവനന്തപുരം: അന്താരാഷ്ട്ര കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ ഒരു മലയാളികൂടി. തിരുവനന്തപുരം ഗവ. സിറ്റി ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഖില്‍ എ.എല്‍. ആണ് ആ പുത്തന്‍ പ്രതിഭ. സപ്തംബര്‍ 11, 12, 13 തീയതികളില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാമത് സൗത്ത് ഏഷ്യന്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ അടിയറവ് പറയിപ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ ആ മിന്നും നേട്ടത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അഖില്‍. ടൂര്‍ണമെന്റിലാകെ ഏഴ് ഗോളുകള്‍ നേടിയ അഖില്‍ ഇന്ത്യ 5-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയ കലാശപ്പോരാട്ടത്തില്‍ ഒരു തവണ സ്‌കോര്‍ ചെയ്യുകയുമുണ്ടായി. ആറ് പേര്‍ വീതം മത്സരത്തിനിറങ്ങുന്ന 50 മിനിട്ട് നീളുന്ന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ദേശീയ ടീമില്‍ ഇടംനേടിയ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏകതാരവും അഖില്‍ തന്നെ. വട്ടിയൂര്‍ക്കാവ് ചിത്രാനഗറില്‍ ശിവകൃപയില്‍ ഡ്രൈവറായ എം. അനില്‍കുമാറിന്റെയും ലിഖിയുടെയും മൂത്ത മകനായ അഖില്‍ ആറ് വര്‍ഷം മുന്‍പാണ് റോള്‍ ബോള്‍ മത്സര രംഗത്തെത്തുന്നത്. സ്‌കൂളില്‍ ക്രിക്കറ്റ് കളിച്ചുനടന്ന അഖിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ശാസ്തമംഗലം ആര്‍കെഡിഎന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അരവിന്ദ് കൃഷ്ണയുമായുള്ള സൗഹൃദമാണ്. റോള്‍ബോള്‍ കുളിക്കാരനായ അരവിന്ദാണ് അഖിലിനെ കേരള റോള്‍ ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും കോച്ചുമായ ശിവരാജിന് മുമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഗൗരവത്തോടെയാണോ കളിയെ സമീപിക്കുന്നതെന്ന് ചോദിച്ച ശിവരാജനോട് അതേ എന്നു മറുപടി. ആ അര്‍പ്പണബോധം പരിശീലനത്തിലുടനീളം പുറത്തെടുത്തതോടെ അഖില്‍, ശിവരാജന്‍ സാറിന്റെ പ്രിയ ശിഷ്യനായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കക്കെതിരെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അഖില്‍ നിരാശപ്പെടുത്തിയില്ല. അരങ്ങേറ്റത്തില്‍ രണ്ടു ഗോളുകള്‍ നേടി വരവറിയിച്ചു. സൗത്ത് ഏഷ്യന്‍ കിരീടം ചൂടിയ നേടിയ ഇന്ത്യന്‍ ടീമിന്റെ അടുത്തലക്ഷ്യം നവംബറില്‍ ഉഗാണ്ടയില്‍ നടക്കുന്ന ആഫ്രോ-ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്. അതിനുള്ള ദേശീയ ടീമിലും അഖില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അതേസമയം, കളിക്കളത്തിലെ പോരാട്ടത്തിനൊപ്പം കളത്തിനു പുറത്ത് ദാരിദ്ര്യമെന്ന പ്രതിയോഗിയെയും അഖിലിന് അതിജീവിക്കേണ്ടതുണ്ട്. ഗെയിംസുകളില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമുള്ള ഭാരിച്ച തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് അഖിലും കുടുംബവും. സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഖിലിന് ചെലവായത് 80,000ത്തോളം രൂപയാണ് കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യാ റോള്‍ ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ ജ്യോതി പ്രകാശും കോച്ച് ശിവരാജനുമാണ് അഖിലിന് തുണയായത്. അഖിലിന്റെ ചെലവിനുള്ള തുക അസോസിയേഷന്‍ കണ്ടെത്തി നല്‍കുകയായിരുന്നു. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങണമെന്ന ആഗ്രഹം കൊണ്ടുനടക്കുകയാണ് ഭാവിവാഗ്ദാനമായ ഈ യുവതാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.