മനോജ് വധം: മുച്ചിറിയന്‍ രാമനുംനിര്‍ണായക പങ്ക്

Sunday 21 September 2014 11:09 pm IST

മനോജ്

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജിനെ കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി വിക്രമന് പുറമേ പാട്യം ലോക്കല്‍ കമ്മറ്റിയംഗമായ മുച്ചിറിയന്‍ രാമന്‍ എന്ന രാമചന്ദ്രനും വധത്തില്‍ നിര്‍ണായക പങ്ക്. സംഭവം നടന്ന സമയം തൊട്ട് വീടുവിട്ട രാമചന്ദ്രന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ സുരക്ഷിതനായി കഴിയുകയാണെന്നാണ് സൂചന. താനാണ് നേതൃത്വത്തിന്റെ ഒത്താശയോടെ കൊലപാതകത്തിനുള്ള സമയവും സന്ദര്‍ഭവും അടക്കമുള്ള കാര്യങ്ങള്‍ കൊലയാളി സംഘങ്ങള്‍ക്ക് കൈമാറിയതെന്ന് വിക്രമന്‍ പോലീസ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രണത്തില്‍ സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന് ഉള്‍പ്പെടെയുള്ള പങ്ക് ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ തെളിഞ്ഞു വരികയാണ്. എന്നാല്‍ പാര്‍ട്ടി നേതാക്കളും മെമ്പര്‍മാരും പിടിക്കപ്പെടുമ്പോഴും ഒരു മടിയുമില്ലാതെ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം നേതൃത്വം സ്വയം അപഹാസ്യരായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം മുഖ്യപ്രതി വിക്രമനെയും പ്രഭാകരനെയും എഡിജിപിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
മറ്റൊരു മാലൂര്‍ സ്വദേശി കൂടി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ആയുധങ്ങള്‍ ഇയാളാണ് കൊണ്ടുവന്നതെന്നും പ്രഭാകരന്‍ മൊഴി നല്‍കിയതായി അറിയുന്നു. കാവിന്‍മൂല സ്വദേശിയായ ഒരാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കുകയുണ്ടായി. ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം പിടിയിലായ പ്രഭാകരന്‍ കൊലപാതക സംഘത്തിലുണ്ടായിരുന്ന കൂത്തുപറമ്പ്, മാലൂര്‍, കതിരൂര്‍ മേഖലകളിലുള്ളവരുടെ പേരു വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരനെപ്പോലെ നടക്കുന്ന പ്രഭാകരന്‍ ജില്ലയിലെ സിപിഎമ്മിന്റെ ഓപ്പറേഷന്‍ ഗ്രൂപ്പിലെ പ്രധാന കണ്ണികളിലൊരാളാണെന്ന് വ്യക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.