പാപ്പാന്മാരെ വെള്ളംകുടിപ്പിച്ച ആന വീണ്ടും ഇടഞ്ഞു വൈദ്യുതി പോസ്റ്റും റബ്ബര്‍ മരങ്ങളും നശിപ്പിച്ചു

Sunday 21 May 2017 1:39 am IST

എരുമേലി: പഴക്കുല തിന്നാന്‍ ശ്രമിച്ച ആനയെ തടഞ്ഞതിനെത്തുടര്‍ന്ന് പിണങ്ങിയോടിയ പാപ്പന്മാരെ വെള്ളംകുടിപ്പിച്ച ആന ഇന്നലെ വീണ്ടും ഇടഞ്ഞു. കഴിഞ്ഞദിവസം പിണങ്ങി മണിക്കൂറുകളളോളം പരിഭ്രാന്തി പരത്തിയ ആനയെ ഒരുവിധം ശാന്തനാക്കിയതിനുശേഷം ഇന്നലെ രാവിലെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇടയുകയായിരുന്നു. ഇടഞ്ഞ് ഓടിയ ആന മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി റോഡിലൂടെ കടന്ന് വട്ടോടിയില്‍ പാപ്പച്ചിയുടെ റബ്ബര്‍തോട്ടത്തില്‍ കയറി റബ്ബര്‍മരങ്ങള്‍ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഒന്നാം പാപ്പാന്‍ രാജുവും രണ്ടാം പാപ്പാന്‍ അഭിലാഷും ഒപ്പമുണ്ടായിരുന്നു. ആനപ്പുറത്തുകയറിയിരുന്ന രണ്ടാംപാപ്പാന്‍ അഭിലാഷിനെ താഴെയിടാന്‍ പലതവണ ആന ശ്രമിച്ചുവെങ്കിലും സാഹസികമായി പിടിച്ചിരുന്നതിനാല്‍ പാപ്പാന്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഇത്തിത്താനം സേവാ ട്രസ്റ്റിന്റെ ഭാരവാഹികള്‍ സ്ഥലത്തെത്തി വിഷ്ണുനാരായണന്‍ എന്ന ആനയെ അനുനയിപ്പിച്ച് ചങ്ങല ബന്ധിക്കുന്നതിനിടെ പാപ്പാനെ താഴെയിറക്കി രക്ഷപ്പെടുത്തി. എന്നാല്‍ മറ്റൊരു ആനയുടെ പാപ്പാനെ കണ്ടതിനെത്തുടര്‍ന്ന് ക്ഷുഭിതനായ ആന വീണ്ടും ഓടുന്നതിനിടെ വൈദ്യുതി പോസ്റ്റും തകര്‍ ക്കുകയായിരുന്നു. സ്ഥിരമായി വിരണ്ടോടുന്ന ആനയുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.