മംഗള സുദിനം

Thursday 25 September 2014 6:20 am IST

ചൊവ്വയ്ക്കുണ്ട് ഭൂമിയുമായി ചില സമാനതകള്‍ ചൊവ്വയും ഭൂമിയും തമ്മില്‍ സാമ്യങ്ങളേറെയാണ്. അളവില്‍ ഏറെ വ്യത്യാസമുണ്ടെങ്കിലും, ജീവന്റെ നിലനില്‍പ്പിനുള്ള അവശ്യചേരുവകളായ കാര്‍ബണും ഓക്‌സിജനും നൈട്രജനും ചൊവ്വയിലുമുണ്ട്. ചൊവ്വിയില്‍ കാര്‍ബണ്‍ഡയോക്‌സൈഡാണ് കൂടുതല്‍, 95. 32 ശതമാനം. ഭൂമിയില്‍ നൈട്രജന്റെ അളവ് 77 ശതമാനമാണെങ്കില്‍ ചൊവ്വയിലത് 2.7 ശതമാനം മാത്രമാണ്. ഓക്‌സിജന്റെ  അളവ് ഭൂമിയില്‍ 21 ശതമാനവും ചൊവ്വയില്‍ കേവലം 0.13 ശതമാനവുമാണത്രെ. ചൊവ്വയിലെ ദിനരാത്രങ്ങള്‍ ഏതാണ്ട് ഭൂമിയുടേതിന് സമാനമാണ്. 24 മണിക്കൂര്‍ 37 മിനുട്ട് നീളുന്നതാണ് ചൊവ്വയിലെ ഒരു ദിനം അഥവാ ഒരു സോള്‍. ഭൂമിയിലാണെങ്കില്‍ ഇത് 24 മണിക്കൂറാണ്.  ഭൂമിയുടെ അച്ചുതണ്ടിന്റെ (എല്ലാ അച്ചുതണ്ടുകളും സാങ്കല്പികമാണ്) ചരിവ് 23.5 ഡിഗ്രിയാണെങ്കില്‍ ചൊവ്വയുടേത് 25 ഡിഗ്രിയാണ്. ഇത് ചൊവ്വയിലും ഋതുഭേദങ്ങള്‍ക്ക് കാരണമാകുന്നു. ഭൂമിയില്‍ ഒരു വര്‍ഷമെന്നത് 365 ദിനങ്ങളാണെങ്കില്‍ ചൊവ്വയുടേത് 687 ദിവസങ്ങളാണ്. ഭൂമിയുടേതിനെ തട്ടിച്ചു നോക്കുമ്പോള്‍ നേരിയതെങ്കിലും സൂര്യനില്‍നിന്നും പ്രഭവിക്കുന്ന ഹാനികരങ്ങളായ വികിരണങ്ങളെ തടയാന്‍ പ്രാപ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. ഭൂമിയുടേതുപോലെ ഇരു ധ്രുവങ്ങളിലും മഞ്ഞുതൊപ്പികളുമുണ്ട് ചൊവ്വയ്ക്ക്. ഇതില്‍ ഉത്തരധ്രുവത്തൊപ്പി ഏതാണ്ട് പൂര്‍ണ്ണമായും ജലമുറഞ്ഞുണ്ടായതാണ്. ദക്ഷിണധ്രുവത്തിലെ മഞ്ഞുതൊപ്പി ജലവും കാര്‍ബണ്‍ഡയോക്‌സൈഡും ഖനീഭവിച്ചുണ്ടായതും. ഉപരിതല ഊഷ്മാവ് -63 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വയില്‍. ഭൂമിയിലാവട്ടെ 14 ഡിഗ്രി സെല്ഷ്യസും. ഫോബോസ്, ഡീമോസ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളതെങ്കില്‍ ചന്ദ്രന്‍ എന്ന ഒരു ഉപഗ്രഹം മാത്രമാണ് നമ്മുടെ ഭൂമിയ്ക്കുള്ളത്. കൃത്യമായ ഭ്രമണപഥം: ഒരു ഭീഷണിയും ചൊവ്വയോട് ഏറ്റവും അടുത്ത്(അപ്പോജി), 460 കിലോമീറ്ററും അകലെ(പെരിജി) 80,000 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്ത ഭ്രമണപഥമാണ്് മംഗള്‍യാന്റെ ലക്ഷ്യം. ഈ ഭ്രമണപഥത്തില്‍ എത്തിയാല്‍ അടുത്ത വെല്ലുവിളി ഒരു വാല്‍നക്ഷത്രത്തില്‍ നിന്നാണത്രെ. അടുത്തമാസം ചൊവ്വയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരു വാല്‍നക്ഷത്രത്തില്‍ നിന്ന് രക്ഷനേടാനും മംഗള്‍യാന് ഏറെ ക്ലേശിക്കേണ്ടിവരും. മംഗള്‍യാന്റെ ആയുസ്സ് കൃത്യമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയായാല്‍ 10 മാസത്തോളം മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ടാകും. തദ്ദേശീയമായി നിര്‍മിച്ച ശാസ്ത്രീയ ഉപകരണങ്ങള്‍ക്കൊണ്ട് ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകള്‍, ഘടന, ധാതുസമ്പത്ത്, അന്തരീക്ഷം,സര്‍വ്വോപരി ചുവന്ന ഗ്രഹത്തിലെ ജീവനും ജലവും സംബന്ധിച്ച സാധ്യതകളിലേക്കും കടന്നുചെല്ലുകയാണ് ലക്ഷ്യം. ഗോളാന്തരയാത്രകള്‍ക്കുവേണ്ട സാങ്കേതിക സംവിധാനങ്ങളും വിവരങ്ങളും പ്രായോഗികമായി പരീക്ഷിച്ച് തെളിയിക്കുകയെന്ന പ്രധാനദൗത്യവും മംഗള്‍യാന് ഉണ്ട്. മംഗള്‍യാനിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ (പേലോഡുകള്‍) .ഇപ്പോഴത്തെ പഠനങ്ങള്‍ക്കായുള്ള പേലോഡുകളില്‍ ഒരു ക്യാമറ, രണ്ട് സ്‌പെക്ട്രോമീറ്ററുകള്‍, ഒരു റേഡിയോ മീറ്റര്‍, ഒരു ഫോട്ടോ മീറ്റര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആകെ ഭാരം 15 കിലോഗ്രാം. ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍(LAP) .ചൊവ്വയുടെ ഉയര്‍ന്ന അന്തരീക്ഷത്തിലെ ഡ്യുറ്റീരിയത്തിന്റെയും ഹൈഡ്രജന്റേയും അനുപാതം രേഖപ്പെടുത്തും. ഇതുവഴി ചൊവ്വയിലെ ജലശോഷണ പ്രക്രിയ മനസ്സിലാക്കാം. മീഥൈന്‍ സെ്ന്‍സര്‍ ഫോര്‍ മാഴ്‌സ് .ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥൈന്റെ അളവും ഉറവിടവും നിര്‍ണയിക്കും. .മാഴ്‌സ് എക്‌സ്സോസ്‌ഫെറിക് ന്യൂട്രല്‍ കോംപസിഷന്‍ അനലൈസര്‍(MENCA) .ചൊവ്വയില്‍ അമ്ല-ക്ഷാരാവസ്ഥകളില്ലാത്ത ഘടകങ്ങളുടെ അളവ് നിര്‍ണയിക്കാനുള്ള ഈ ഉപകരണം ചാന്ദ്രയാനിലെ ആള്‍ട്ടിറ്റിയൂസിനല്‍ കോംപോസിഷന്‍ എക്‌സ്‌പ്ലോറര്‍(CHANCE) പേലോഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ്. മാഴ്‌സ്‌കളര്‍ ക്യാമറ(MCC) .ചൊവ്വ ഉപരിതലത്തിന്റെയും അതിന്റെ ഘടനയുടെയും ത്രിവര്‍ണ ചിത്രങ്ങള്‍ ശേഖരിക്കും. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയെക്കുറിച്ച് പഠിക്കാനും ചൊവ്വയുടെ സവിശേഷമായ അന്തരീക്ഷവും കാലാവസ്ഥയും നിരീക്ഷിക്കാനും സഹായിക്കും. തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ്ങ് സ്‌പെക്ട്രോമീറ്റര്‍(TIS) .ഈ ഉപകരണം രാത്രിയും പകലും താപവികിരണം രേഖപ്പെടുത്തും. ചൊവ്വയിലെ ധാതുസമ്പത്തും ഉപരിതല ഘടനയും ശേ െരേഖപ്പെടുത്തും. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ക്രാന്തദര്‍ശിയായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേദ്രമോദിയും ഇസ്‌റോയിലെത്തും. പരാജയസാധ്യതകളെക്കുറിച്ചെല്ലാം നമുക്ക് മറക്കാം. രാജ്യമെങ്ങും വിജയത്തിന്റെ ഉത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ അനന്തമായ ബഹിരാകാശ സ്വപ്‌നങ്ങളിലേക്കുള്ള ഒരു ചെറുകാല്‍വെയ്പ് മംഗളമായി ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. കൂട്ടിന് മാവെനും 2013 നവംബറില്‍ത്തന്നെ അമേരിക്ക വിക്ഷേപിച്ച മാവെനും(Mars Atmosphere and Volatile EvolutioN-MAVEN-) ചൊവ്വയുടെ  ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയിട്ടുണ്ട്. മംഗള്‍യാന്‍ വിക്ഷേപിച്ച് 13 ദിവസം കഴിഞ്ഞായിരുന്നു മാവെന്റെ പ്രയാണം. രണ്ടുപേടകങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കാമെന്ന പ്രതീക്ഷയിലാണ് നാസയും ഇസ്്‌റോയും. ചൊവ്വയിലെ ജലസാന്നിധ്യം, കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങളുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയവ മാവന്‍ പഠനവിധേയമാക്കും. നാസയുടെ രണ്ട് ഓര്‍ബിറ്റുകളും യൂറോപ്യന്‍ ഏജന്‍സിയുടെ ഒരു ഓര്‍ബിറ്റും ഇപ്പോള്‍ ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ട്. നാസയുടെ തന്നെ രണ്ട് റോവറുകളും ചൊവ്വയുടെ ഉപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് സംഭവിക്കുന്നത് രാവിലെ 6.56: പേടകത്തിന്റെ ദിശമാറ്റുന്നു 7.17: മംഗള്‍യാന്‍ ചൊവ്വയുടെ നിഴലിലേക്ക്. സൂര്യനില്‍ നിന്ന് മറയുന്ന പേകടത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് ബാറ്ററികളുടെ സഹായത്തോടെ 7.17.32: അതീവ നിര്‍ണായകമായ ലിക്വിഡ് അപ്പോജി മോട്ടോറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. അതോടെ പേടകത്തിന്റെ വേഗംം സെക്കന്റില്‍ 1098.7 മീറ്ററായി കുറയുന്നു. 7.21: പേടകം പൂര്‍ണമായി ചൊവ്വയുടെ നിഴലിലാകുന്നതോടെ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പ്രോഗ്രാം കമാന്‍ഡുകളില്‍ പേടകത്തിന്റെ പ്രവര്‍ത്തനം. 7.45: ചൊവ്വയുടെ നിഴലില്‍ നിന്നും പേടകം പുറത്തുവരുന്നതോടെ വാര്‍ത്താവിനിമയം പുനസ്ഥാപിക്കപ്പെടുന്നു. ലാം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. പേടകത്തിന്റെ വേഗം കൂടിയാലും കുറഞ്ഞാലും അപകടം. വേഗം കുറഞ്ഞാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങാന്‍ സാധ്യത. കൂടുകയോ നിര്‍ദ്ദിഷ്ട രീതിയില്‍ കുറയ്ക്കുകയോ ചെയ്യാനായില്ലെങ്കില്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും വിട്ടകന്ന് പേടകം അജ്ഞാത ലോകത്തേക്ക്. ദൗത്യം വിജയിച്ചാല്‍ ആദ്യ സൂചനകള്‍ എട്ടുമണിയോടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.