അമൃതകീര്‍ത്തി പുരസ്‌കാരം എസ്. രമേശന്‍ നായര്‍ക്ക്

Wednesday 24 September 2014 1:02 am IST

അമൃതപുരി: ഈ വര്‍ഷത്തെ അമൃതകീര്‍ത്തി വൈജ്ഞാനിക -സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി എസ്. രമേശന്‍ നായര്‍ക്ക്. അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച്, ഭാരതീയ വൈജ്ഞാനിക -സാഹിത്യരംഗത്ത് നിസ്തുല സംഭാവന നല്‍കിയ പ്രതിഭകള്‍ക്ക് മാതാ അമൃതാനന്ദമയീമഠം നല്‍കുന്നതാണ് പുരസ്‌കാരം. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പനചെയ്ത വാഗ്‌ദേവി ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 27ന് അമ്മയുടെ ജന്മദിനാഘോഷച്ചടങ്ങില്‍ സമ്മാനിക്കും. സ്വാമി അമൃതസ്വരൂപാനന്ദപുരി (അധ്യക്ഷന്‍), സ്വാമി തുരീയാമൃതാനന്ദപുരി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ.എന്‍.പി. ഉണ്ണി, കവി പി.നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. ആചാര്യ നരേന്ദ്രഭൂഷണ്‍, പി. പരമേശ്വരന്‍, മഹാകവി അക്കിത്തം, എസ്. അഭയങ്കര്‍, പ്രതിഭാറായ്, എം.എച്ച്. ശാസ്ത്രി, പ്രൊഫ.ആര്‍. വാസുദേവന്‍പോറ്റി, പി. നാരായണക്കുറുപ്പ്, പറവൂര്‍ ശ്രീധരന്‍ തന്ത്രി, പ്രൊഫ.കെ.വി. ദേവ്, ഡോ.എന്‍.പി. ഉണ്ണി, സി. രാധാകൃഷ്ണന്‍, എം.പി. വീരേന്ദ്രകുമാര്‍, ഡോ. മനോജ് ജോഷി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. 1948 മേയ് രണ്ടിന് കന്യാകുമാരിക്ക് സമീപം കുമാരപുരത്ത് ഷഡാനന്‍ തമ്പിയുടെയും പരമേശ്വരി അമ്മയുടെയും മകനായാണ് രമേശന്‍ നായര്‍ ജനിച്ചത്. 1972-ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും എംഎ മലയാളം റാങ്കോടെ പാസായി. ഭക്തിരസത്തില്‍ ഊന്നിയ ഭാവഗീതങ്ങളിലൂടെ മലയാളികളെ സ്വാധീനിച്ച രമേശന്‍ നായര്‍ പ്രശസ്തനായ നാടക-ചലച്ചിത്രഗാന രചയിതാവുമാണ്. തിരക്കഥാരംഗത്തും നാടകരംഗത്തും ഒരുപോലെ പ്രതിഭ തെളിയിച്ച അദ്ദേഹം ഭക്തിരസംതുളമ്പുന്ന നിരവധി ടെലിവിഷന്‍ പരമ്പരകളും രചിച്ചിട്ടുണ്ട്. 150 മലയാള ചലച്ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇരുന്നൂറിലേറെ ആല്‍ബങ്ങളും പുറത്തിറക്കി. തിരുക്കുറളിന്റെയും ചിലപ്പതികാരത്തിന്റെയും പരിഭാഷയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പുത്തേഴന്‍ പുരസ്‌കാരം, ഇടശേരി പുരസ്‌കാരം, വെണ്‍മണി പുരസ്‌കാരം, രേവതിപട്ടത്താന പുരസ്‌കാരം, ഓട്ടൂര്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. റിട്ടേര്‍ഡ് അധ്യാപികയായ പി. രമയാണ് ഭാര്യ. സംഗീതസംവിധായകന്‍ മനു രമേശ് മകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.