പാനൂര്‍: ഒളവിലത്തും ചെറവാഞ്ചേരിയിലും ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീട്ടിലേക്ക് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. ബോംബേറില്‍ ബിജെപി നേതാവിന്റെ മകളുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു.
ചെറുവാഞ്ചേരിയില്‍ ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ട് ആര്.വി.ശശിധരന്റെ വീട്ടിലേക്കാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ സിപിഎം അക്രമിസംഘം ബോംബെറിഞ്ഞത്. ഉറങ്ങുകയായിരുന്ന ശശിധരന്റെ മകള്‍ ശിശിര(19)യുടെ കേള്‍വിശക്തി സ്ഫോടനത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ശിശിരയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളിങ്ങ് ബെല്ലടിച്ച് ശശിധരനെ വിളിച്ചുണര്‍ത്തിയ ശേഷമാണ് ബോംബെറിഞ്ഞത്. ലൈറ്റിട്ടതിനാല് അക്രമികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ഡിവൈഎഫ്ഐ നേതാവ് വെളുമ്പത്ത് ചിത്രജോഷി, ചെറുവാഞ്ചേരിയിലെ കെ.സി.അശ്വന്ത്, കെ.സി.ദിപിന് എന്ന ഉണ്ണി എന്നിവര്‍ക്കെതിരെ ശശിധരന് കണ്ണവം പോലീസില്‍ പരാതി നല്കി.
ചൊക്ലി ഒളവിലത്ത് ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് കണ്ടിയില്‍ വിനീഷിന്റെ വീട്ടിലേക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം സംഘം ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇവിടെയും അക്രമം. മുന്‍വശത്ത് സ്റ്റീല്‍ ബോംബ് എറിഞ്ഞ ശേഷം വീട്ടില്‍ കയറിയ സംഘം ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സിപിഎം നാരായണന് പറമ്പ് ബ്രാഞ്ച് സെക്രട്ടറി എ.സി.രാജീവന്, ഒളവിലത്തെ സംഗീഷ്, വടക്കയില്‍ നിതിന്‍, അഴയൂര് ലക്ഷംവീട് കോളനയിലെ ഫസല്‍, കുഞ്ഞിപ്പറമ്പത്ത് ശ്രീജി, കോറിയോട്ട് മീത്തല്‍ ശരത്, വാതുക്കല് പറമ്പത്ത് രജീഷ്, അമറോത്ത് സുനില്‍ കുമാര്‍, കുയ്യാലക്കണ്ടിയില് മനോഹരന്, പ്രശാന്തന് എന്നിവര്‍ക്കെതിരെ വിനീഷിന്റെ അമ്മ ഉഷ ചൊക്ലി പോലീസില്‍ പരതി നല്കി. ഒളവിലം ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ബസ് ഷെല്‍ട്ടറും സിപിഎം സംഘം അടിച്ചുതകര്‍ത്തു. ഇതു പത്താംതവണയാണ് സിപിഎം സംഘം ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുന്നത്. ഒരു മാസം മുമ്പ് പുനര്‍നിര്‍മ്മിച്ച ഷെല്‍ട്ടറിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമമുണ്ടായത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഒളവിലത്ത് ഇന്നലെ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ബിജെപി ഹര്‍ത്താല്‍ നടത്തി.
ആര്‍എസ്എസ് വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.രാഗേഷ്, ജില്ലാ സേവാ പ്രമുഖ് വി.പി.ഷാജി, സംഘപരിവാര്‍ നേതാക്കളായ കെ.ഹരിദാസ്, എം.പി.സുമേഷ്, പത്മിനി ടീച്ചര്‍, കെ.അജേഷ്, കെ.സി.വിഷ്ണു, എന്‍.പി.ശ്രീജേഷ്, പി.പി.സുരേഷ് ബാബു എന്നിവര്‍ അക്രമം നടന്ന വിനീഷിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: