കനാലുകളില്‍ നിന്നു വാരിയ പോള ഉടന്‍ നീക്കാന്‍ നിര്‍ദേശം

Thursday 25 September 2014 1:08 am IST

ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ നവീകരണപ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ എന്‍. പത്മകുമാര്‍ നേരിട്ടു സന്ദര്‍ശിച്ച് വിലയിരുത്തി. കനാലുകളില്‍ നിന്നു വാരിയ പോള കനാല്‍ പ്രദേശത്ത് നിന്ന് ഉടന്‍ നീക്കാന്‍ കളകടര്‍ ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസിനും കരാറുകാരനും നിര്‍ദേശം നല്‍കി. മുപ്പാലം, ശവക്കോട്ടപ്പാലം, വൈഎംസിഎ പാലം, വാട്‌സാന്‍ പാര്‍ക്ക് പ്രദേശം എന്നിവിടങ്ങളിലെ കനാല്‍ സൗന്ദര്യവല്‍ക്കരണ ജോലികള്‍ കളക്ടര്‍ വിലയിരുത്തി. കനാലില്‍ നിന്നു വാരി കനാലിന്റെ ഇരു വശങ്ങളിലും ഇട്ടിട്ടുള്ള പോള ഉടന്‍ നീക്കണമെന്നും പ്രവൃത്തികള്‍ വേഗത്തിലാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. വാടക്കനാല്‍, ലിങ്ക് കനാലുകളുടെ ആഴംകൂട്ടുമ്പോള്‍ നീക്കുന്ന ചെളി കലര്‍ന്ന മണ്ണ് 50 മീറ്റര്‍ ഇടവിട്ട് 16 സ്ഥലങ്ങളിലായി ഇടും. ഒമ്പതു കനാലുകളിലെ ചെളി കലര്‍ന്ന മണ്ണു വാരി നവീകരിക്കുന്ന പ്രവര്‍ത്തനം 24 ശതമാനം പൂര്‍ത്തിയി. വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍, ലിങ്ക് കനാല്‍ എന്നിവ നവീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കൊമേഴ്‌സ്യല്‍ കനാലിലെ ഏകദേശം 40,000 ക്യുബിക് മീറ്റര്‍ ചെളിമണ്ണ് ഇതിനകം വാരി. ഉപയോഗപ്രദമായ ഒരു ക്യുബിക് മീറ്ററിനു 137 രൂപയാണു പൊതുമരാമത്ത് വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണുണ്ടെന്നു ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ പരിശോധന നടത്തി കണക്കാക്കിയിട്ടുണ്ട്. ഒമ്പതു കനാലുകളിലായി ആകെ 17.5 കിമീ നീളത്തില്‍ പ്രവര്‍ത്തനം നടത്തും. ഇതിനായി 3.5 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി കനാലുകളുടെ സൗന്ദര്യവത്കരണവും നടത്തുന്നുണ്ട്. ഡിസംബറില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. കനാലുകളില്‍ നിന്ന് വാരുന്ന പോള പ്രദേശത്ത് നിന്ന് നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് കളക്ടര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.