ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം വോളിബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ പുരുഷന്മാര് മാലെദ്വീപിനെ പരാജയപ്പെടുത്തി. സ്കോര്‍: 25-10, 25-19, 25-17. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. കഴിഞ്ഞ ദിവസം ഹോങ്കോംഗിനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ഇറാനുമായി ഏറ്റുമുട്ടും.
അതേസമയം വനിതാ ടീം പുറത്തായി. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യന്‍ വനിതകള്‍ പ്രാഥമിക റൗണ്ടില്‍ തന്നെ മടങ്ങുന്നത്. പൂള് എയിലെ അവസാന മത്സരത്തില്‍ തായ്ലന്റാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 25-19, 25-12, 25-11.
പൂള് എയിലെ ഏറ്റവും അവസാനക്കാരായാണ് ഇന്ത്യ പുറത്താകുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയും രണ്ടാം മത്സരത്തില്‍ ജപ്പാനുമാണ് ഇന്ത്യയെ തോല്പിച്ചത്. മൂന്ന് മത്സരങ്ങളിലുമായി ഒരൊറ്റ സെറ്റ് പോലും നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: