പ്രതിഷേധം: ലീബയെ ചോദ്യം ചെയ്യാതെ പോലീസ് മടങ്ങി

Thursday 25 September 2014 10:48 am IST

കൊച്ചി: പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചേരാനല്ലൂര്‍ തുണ്ടിപ്പറമ്പില്‍ ലീബ രതീഷി (29)നെ ചോദ്യംചെയ്യാന്‍ പൊലീസ് സംഘം വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിയത് പ്രതിഷേധത്തിന് കാരണമായി. ലീബയെ മൂന്നാംവട്ടവും ചോദ്യംചെയ്യാനുള്ള നീക്കത്തില്‍ ഭര്‍ത്താവ് രതീഷ് ഉള്‍പ്പെടെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പൊലീസുകാരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. എട്ടംഗ പൊലീസ് സംഘമാണ് ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയത്. തര്‍ക്കത്തിനിടെ ലീബ ബോധരഹിതയായതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലംവിട്ടു. ഇന്നലെ രാവിലെമുതല്‍ ലീബയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹം പരന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. പൊലീസ് സ്‌റ്റേഷനുകളിലും മാധ്യമസ്ഥാപനങ്ങളിലുമുള്‍പ്പെടെ നിരവധി ഫോണ്‍ വിളികളാണ് ലീബയുടെ ആരോഗ്യനില അന്വേഷിച്ച് എത്തിയത്. അഭ്യൂഹത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബോധരഹിതയായ ലീബയ്ക്ക് അടിയന്തരചികിത്സ ലഭ്യമാക്കി. മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ്‌ചെയ്ത ലീബയുടെ സഹോദരന്‍ ലിനീഷ്, സഹോദരി ലിമ എന്നിവരെ ചൊവ്വാഴ്ച ഡെപ്യൂട്ടി കമീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. സഹോദരീ ഭര്‍ത്താവിന്റെ അമ്മയെ കഴിഞ്ഞദിവസം എളങ്കുന്നപ്പുഴയിലെ വീട്ടില്‍ ചോദ്യംചെയ്ത പൊലീസ് പോണേക്കര, പറവൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ലീബയുടെയും രതീഷിന്റെയും ബന്ധുക്കളെയും പലപ്പോഴായി ചോദ്യംചെയ്തിരുന്നു. ലീബയെ നിരവധി തവണ ചോദ്യംചെയ്തിട്ടും മോഷണക്കുറ്റം തെളിയിക്കാന്‍ കഴിയാതെവന്നതോടെ മുഖംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.