എഫ്‌ഡിഐ എന്നാല്‍ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ : മോദി

Thursday 25 September 2014 5:30 pm IST

ന്യൂദല്‍ഹി: ഫസ്റ്റ് ഡെവലപ്‌മെന്റ് ഇന്ത്യ എന്നാണ് താന്‍ എഫ്ഡിഐക്ക് നല്‍കുന്ന നിര്‍വ്വചനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദേശ നിക്ഷേപം ലോകത്തിന് മുന്നില്‍ തുറന്നിടുന്നത് വലിയ സാധ്യതകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ച്, സാമ്പത്തിക വികസനവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഒരു വ്യവസായി പോലും ഭാരതം വിടാനുള്ള സാഹചര്യം ഒരുക്കരുത്. ഏഷ്യയിലേക്കാണ് ലോകം നോക്കിക്കൊണ്ടിരിക്കുന്നത്. സംരംഭകരെ ക്ഷണിച്ച് സമയം കളയാന്‍ താനില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ വിലാസം നല്‍കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ഇളവുകള്‍ നല്‍കുന്നതുവഴി വ്യവസായ വികസനം സാധ്യമാകില്ല. വികസനത്തിനും വളര്‍ച്ചക്കും അനുയോജ്യമായ സാഹചര്യം ഉറപ്പുവരുത്തുകയാണ് വേണ്ടത്. സംരംഭകര്‍ ഭാരതമെന്ന രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. പരസ്പര വിശ്വാസത്തിന്റെ സാഹചര്യം ഉറപ്പുവരുത്താനായാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താനാകും. വിദേശ നിക്ഷേപത്തെ താന്‍ വ്യത്യസ്ഥമായാണ് കരുതുന്നത്. വിദേശ നിക്ഷേപം ഇന്ത്യക്കാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. കൂടുതല്‍ വികസന പദ്ധതികളിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനാകും. ദരിദ്രരായവര്‍ക്ക് ജോലി ലഭിച്ചാല്‍ അവരുടെ കുടുംബത്തിന്റെ വാങ്ങല്‍ ശേഷി വര്‍ധിക്കും. രാജ്യത്തിന്റെ ഉത്പാദനം വര്‍ധിക്കുന്നതിനൊപ്പം ഇതിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങളിലേക്കെത്തുമെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യക്ക് ഒന്നാമതെത്താന്‍ കഴിയുന്ന 25 മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. വാഹനവിപണി, ഐ.ടി, മരുന്ന്, തുണിത്തരങ്ങള്‍, തുറമുഖം, വ്യോമയാനം, തുകല്‍ വ്യവസായം, രാസപദാര്‍ത്ഥങ്ങള്‍, വിനോദസഞ്ചാരം, ആരോഗ്യ പരിപാലനം, റെയില്‍വേ തുടങ്ങിയവയാണ് സര്‍ക്കാര്‍ കണ്ടെത്തിയ 25 മേഖലകളില്‍ പ്രധാനം. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന്റെ പ്രഖ്യാപനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.