എഴുതിയാല്‍ തീരാത്ത കവിത...

Thursday 25 September 2014 9:33 pm IST

ചില പാട്ടുകള്‍, അവ ചലച്ചിത്രഗാനങ്ങളോ, ലളിതഗാനങ്ങളോ, ഭക്തിഗാനങ്ങളോ ഏതുമാകട്ടെ, ഒരിക്കല്‍ കേട്ടാല്‍ അത് നമ്മോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലുള്ള നിരവധി ഗാനങ്ങളാല്‍ സമ്പന്നമാണ് മലയാള പാട്ടുശാഖ. ചലച്ചിത്രഗാനങ്ങളിലാണ് കേട്ടാലും കേട്ടാലും മതിവരാത്ത നിരവധി പാട്ടുകളുള്ളത്. ഒരിക്കല്‍ കേട്ട് ഇഷ്ടപ്പെടുകയും മനസ്സില്‍ പതിയുകയും ചെയ്ത ഗാനം വര്‍ഷങ്ങളെത്ര കഴിഞ്ഞാലും നമുക്കൊപ്പമുണ്ടാകും. അതിന്റെ ഒരുവരി ആരെങ്കിലും മൂളിക്കേട്ടാല്‍, ഈണത്തിന്റെ കാറ്റ് സഞ്ചരിച്ചെത്തിയാല്‍ അറിയാതെ ചെവിയോര്‍ത്ത് ഒപ്പം മൂളിപ്പോകും. ''സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം...'' എന്ന വരികേട്ടാല്‍ ആ പാട്ടിന്റെ ആദ്യാവസാനത്തിലേക്ക്, ഈണത്തിന്റെ ലാളിത്യത്തിലേക്ക്, പാട്ട് ചിത്രീകരണത്തിന്റെ ഭംഗിയിലേക്ക് മനസ്സുപായുന്നത് അതിനാലാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍നായരുടെ വരികളാണ് മേല്‍പ്പറഞ്ഞ പാട്ടിനെ ആര്‍ദ്രമാക്കുന്നത്. ഒരു വാസ്തുശില്പി എല്ലാ കണക്കുമൊപ്പിച്ച് വീടുവയ്ക്കുന്നതുപോലെയാണ് രമേശന്‍നായരുടെ എഴുത്ത്. ഐശ്വര്യം തുളുമ്പുന്ന വരികള്‍. സിനിമാഗാനങ്ങളിലും ലളിതഗാനങ്ങളിലും രമേശന്‍ നായരുടെ എഴുത്തിന്റെ ഐശ്വര്യം നിറഞ്ഞു നില്‍ക്കുന്നത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ മാതാ അമൃതാനന്ദമയീ മഠം എല്ലാവര്‍ഷവും നല്‍കിവരുന്ന അമൃതകീര്‍ത്തി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. അഞ്ഞൂറോളം നല്ല സിനിമാ ഗാനങ്ങള്‍ക്ക് അദ്ദേഹം വരികളെഴുതി. ഓരോന്നും വേറിട്ട സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവയാണ്. പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടാകുമെങ്കിലും വലിയൊരു വിഭാഗം സിനിമാഗാനാസ്വാദകരെ ആകര്‍ഷിച്ച ഗാനമാണ് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'അച്ചുവേട്ടന്റെ വീട്' എന്ന ചിത്രത്തിലെ പാട്ട്. വിദ്യാധരന്‍ സംഗീത സംവിധാനം ചെയ്ത ഗാനം ഈണത്തിന്റെ ലാളിത്യത്തിനൊപ്പം വരികളുടെ അര്‍ത്ഥപൂര്‍ണ്ണത കൊണ്ടു കൂടിയാണ് നിത്യഹരിതമാകുന്നത്. ''ചന്ദനം മണക്കുന്ന പൂന്തോട്ടം... ചന്ദ്രിക മെഴുകിയ മണിമുറ്റം... ഉമ്മറത്തംബിളി നിലവിളക്ക്... ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം'' എന്ന വരികള്‍ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. വീടിനെക്കുറിച്ച് സ്വപ്‌നം കാണുന്ന ഒരാള്‍ തന്റെ കുടുബത്തോട് തന്റെ ആഗ്രഹത്തിലെ വീട് എങ്ങനെയായിരിക്കണമെന്ന് പറയുന്നതിനൊപ്പം എല്ലാവരുടെയും വീട് ഏതു തരത്തിലാകണമെന്ന ഉപദേശം കൂടിയാണ് ഈ ഗാനത്തിലൂടെ നല്‍കുന്നത്. ''മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വിടുപണി ചെയ്യേണം സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം...''. ബാലചന്ദ്രമേനോന്റെ ഭൂരിപക്ഷം സിനിമകള്‍ക്കും പാട്ടെഴുതിയത് രമേശന്‍നായരാണ്. മേനോന്‍സിനിമകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അതിലെ ഗാനങ്ങളായപ്പോള്‍ രമേശന്‍നായരുടെ കയ്യൊപ്പ് അതില്‍ പതിയുകയായിരുന്നു. 1986ലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'രാക്കുയിലിന്‍ രാഗ സദസ്സില്‍' എന്ന ചിത്രം പുറത്തുവന്നത്. പാട്ടുകളിലൂടെയാണ് ആ സിനിമ വിജയിച്ചത്. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ രമേശന്‍നായരെഴുതിയ വരികള്‍ എക്കാലത്തും മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ഭാര്യയെന്താകണമെന്ന ആഗ്രഹം പാട്ടിലൂടെ അദ്ദേഹം മലയാള ചലച്ചിത്രസംഗീതാസ്വദകരെയാകെ അറിയിച്ചു. ''പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ....'' രമേശന്‍നായരുടെ സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നതിനൊപ്പമോ, അതില്‍ കൂടുതലായോ അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം സംഗീതാസ്വാദകരുണ്ട്. രമേശന്‍നായരെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തുന്ന നിരവധി കൃഷ്ണഭക്തിഗാനങ്ങള്‍ ഓരോ ആസ്വാദകനിലും ഭക്തിയുടെ സൗന്ദര്യം നിറയ്ക്കുന്നു. ''ഗുരുവായൂരൊരു മഥുര... എഴുതിയാല്‍ തീരാത്ത കവിത... ഒഴുകാതൊഴുകുന്ന യമുന...ഭക്ത- ഹൃദയങ്ങളില്‍ സ്വര്‍ണ്ണദ്വാരക...'' രമേശന്‍നായരുടെ വാക്കിലും നോക്കിലും നടപ്പിലുമെല്ലാം ഗുരുവായൂരപ്പന്‍ നിറഞ്ഞുനില്‍ക്കുന്നു. ഗുരുവായൂരപ്പനെ വിട്ടൊരു ജീവിതത്തിന് അദ്ദേഹം തയ്യാറല്ല. ശ്രീകൃഷ്ണ ഭഗവാന്‍ അത്രയധികം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. വാക്കുകളില്‍ അത് പ്രതിഫലിക്കുന്നു... ''ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ ശംഖം കൊടുത്തവനേ...പാഞ്ചജന്യം കൊടുത്തവനേ... നിന്റെ ഏകാദശിപ്പുലരിയില്‍ ഗരുവായൂര്‍ സംഗീതപ്പാല്‍ക്കടലല്ലോ...എന്നും സംഗീതപ്പാല്‍ക്കടലല്ലോ.....'' അനേകമൂര്‍ത്തിയും അനുപമകീര്‍ത്തിയുമായ ഗുരുവായൂരപ്പന്റെ മുന്നിലേക്ക് ഒരു അവില്‍പ്പൊതിയുമായി കവി എത്തുകയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഈറനണിഞ്ഞു വന്ന് വാകച്ചാര്‍ത്ത് തൊഴാന്‍ അദ്ദേഹം നില്‍ക്കുന്നു. ''അനേക മൂര്‍ത്തേ അനുപമകീര്‍ത്തേ.... അവിടുത്തേക്കൊരവില്‍പ്പൊതി.... അനന്തദുഃഖ തീയില്‍ പിടയുമോ- രാത്മാവിന്റെയഴല്‍പ്പൊതി'' ഗുരുവായൂരപ്പന്റെ മാറിലെ വനമാലപ്പൂക്കളിലെ ആദ്യവസന്തം താനാണെന്നാണ് കവി പറയുന്നത്. പാദത്തിലെ താമരമൊട്ടിനെ ആദ്യം വിടര്‍ത്തിയ സൂര്യപ്രകാശവും കവിയാണ്. ഭഗവാന്റെ ഗീതവും വേദവുമെല്ലാം കവിതന്നെ.... ''കൗസ്തുഭമെന്നും കാളിന്ദിയെന്നും കാര്‍മുകിലെന്നും കേട്ടൂ ഞാന്‍... ഉറക്കെ ചിരിക്കുവാന്‍ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കി നീ... തിരുനട കാക്കാന്‍ നിര്‍ത്തീ നീ...'' ഗുരുവായൂരപ്പന്റെ കാരുണ്യവും കടാക്ഷവും എല്ലാക്കാലത്തും രമേശന്‍നായര്‍ക്കൊപ്പമുണ്ട്. അതിപ്പോള്‍ ശ്രീകൃഷ്ണ ഭക്തിയുടെ ജ്വലിക്കുന്ന ഭാവമായ മാതാഅമൃതാനന്ദമയീ ദേവിയുടെ കടാക്ഷമായും പ്രതിഫലിച്ചിരിക്കുന്നു. കൃഷ്ണഭഗവാന്റെ മുന്നില്‍ അവില്‍പ്പൊതിയുമായി നില്‍ക്കുന്ന സതീര്‍ത്ഥ്യന് ഭഗവാന്‍ നല്‍കിയ സമ്മാനമായി അമൃതകീര്‍ത്തിപുരസ്‌കാരത്തെ വിശേഷിപ്പിക്കാം. ''ഒരുപിടി അവലുമായ് ജന്മങ്ങള്‍ താണ്ടി ഞാന്‍ വരികയായ് ദ്വാരക തേടി.... ഗുരുവായൂര്‍ക്കണ്ണനെ തേടി.... അഭിഷേകവേളയിലെങ്കിലും നീ അപ്പോള്‍ അടിയനു വേണ്ടി നട തുറന്നു....'' കവിയെന്ന നിലയില്‍ രമേശന്‍നായര്‍ തന്റെ ജീവിതം ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നതായാണ് അദ്ദേഹത്തിന്റെ കൃഷ്ണഭക്തി ഗാനങ്ങള്‍ തെളിവു നല്‍കുന്നത്. എല്ലാം ഗുരുവായൂരപ്പനില്‍ സമര്‍പ്പിച്ച ഒരു ഭക്തനു മാത്രമേ തന്റെ തൂലികകൊണ്ട് ഇത്തരത്തില്‍ ഭഗവാന് വഴിപാട് ചെയ്യാന്‍ സാധിക്കൂ. ''ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി.... പലപല ജന്മം ഞാന്‍ നിന്റേ...കള- മുരളിയില്‍ സംഗീതമായി...'' 1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ച രമേശന്‍നായര്‍ മലയാളഭാഷയില്‍ ബിരുദാനന്തര ബിരുദം റാങ്കോടെയാണ് നേടിയത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. അദ്ദഹമെഴുതിയ ശതാഭിഷേകം എന്ന നാടകം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, വികടവൃത്തം, സൂര്യഹൃദയം, അഗ്രേപശ്യാമി, ആള്‍രൂപം, സ്ത്രീപര്‍വ്വം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1980ല്‍ ചിലപ്പതികാരത്തിന് പുത്തേഴന്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഇടശ്ശേരി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ സ്മാരക പുരസ്‌കാരം, തിരുവനന്തപുരം തമിഴ്‌സംഘം പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, കോയമ്പത്തൂര്‍ ഇളംകോ അടികള്‍ സ്മാരക സാഹിത്യപീഠത്തിന്റെ നാഞ്ചില്‍ ചിലമ്പുച്ചെല്‍വര്‍ ബഹുമതി, തിരുക്കുറള്‍ സ്മാരക അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. തിരുക്കുറള്‍ വിവര്‍ത്തനത്തിന് തിരുവനന്തപുരം തമിഴ് സംഘത്തിന്റെ ഉള്ളൂര്‍ സ്മാരക അവാര്‍ഡ്, തമിഴ്‌നാട് ഗവണ്‍മെന്റിന്റെ വിശിഷ്ട സാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. പൂന്താനം അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, രേവതി പട്ടത്താനം അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ്, കേരള പാണിനി അവാര്‍ഡ്, ഓട്ടൂര്‍ പുരസ്‌കാരം, 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അമൃതകീര്‍ത്തി കൂടിയായപ്പോള്‍ ഗുരുവായൂരപ്പന്റെയും ഒപ്പം, അമ്മയുടെയും അനുഗ്രഹാശ്ശിസ്സുകള്‍ അദ്ദേഹത്തിലേക്കു പ്രവഹിക്കുന്നു. ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടുത്തെ ശംഖമാണെന്റെ കണ്ഠം കാളിന്ദിപോലേ ജനപ്രവാഹം-ഇതു കാല്‍ക്കലേയ്‌ക്കോ? വാകച്ചാര്‍ത്തിലേയ്‌ക്കോ? e-mail: pradeepthazhava@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.