കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ക്ക് മാനസിക പീഡനമെന്ന്

Thursday 25 September 2014 10:43 pm IST

എരുമേലി: കെഎസ്ആര്‍ടിസി വകുപ്പിലെ കണ്ടക്ടര്‍മാരുടെ ഫോറത്തിന്റെ മറവില്‍ ഡ്രൈവര്‍മാര്‍ക്ക് മാനസിക പീഡനം. ജോലി വേണമെങ്കില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒറ്റയ്ക്ക് തന്നെ ഓടിക്കണമെന്ന് ഭീഷണിപ്പെടുത്തി സര്‍വ്വീസുകള്‍ നടത്തുന്നതായി പരാതി. എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലാണ് പ്രധാന സംഭവം. എരുമേലി പയ്യാവൂര്‍ സര്‍വ്വീസ് നാലുഡ്യൂട്ടി ലഭിക്കുന്ന ഒരു ദിവസത്തെ ജോലിക്ക് മണിക്കൂറുകള്‍ ഒറ്റക്ക് ഡ്രൈവ് ചെയ്യേണ്ട ഗതികേടാണിവിടുത്തെ ഡ്രൈവര്‍മാര്‍ക്കുള്ളത്. എരുമേലിയില്‍ നിന്നും ദിവസവും വൈകിട്ട് നാലു മണിക്കാരംഭിക്കുന്ന സര്‍വ്വീസ് പിറ്റേദിവസം ഏഴിനോ എട്ടിനോ കണ്ണൂര്‍ പയ്യാവൂരിലെത്തുകയൂള്ളൂ. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഡ്രൈവിങില് ഇരുഭാഗത്തേക്കുമായി 1,100 കിലോമീറ്ററിലധികം ദൂരമാണ് ഓടിക്കേണ്ടത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ -കം- കണ്ടക്ടര്‍ രീതിയില്‍ നടത്തുന്നതുകൊണ്ട് രണ്ടുപേര്‍ക്കും മാറിമാറി ബസ് ഓടിക്കാനുള്ള അവസരവും ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമവും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡ്രൈവര്‍മാരുടെ പ്രമോഷനെ സംബന്ധിച്ചുള്ള പരിമിതികളാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും പറയുന്നു. ഡ്രൈവറായി ജോലിയില്‍ പ്രേവശിക്കുന്നയാള്‍ ഡിപ്പോകളിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ വരെ മാത്രമാണ് നിലവിലെ പ്രമോഷന്‍ സാദ്ധ്യതകള്‍. എന്നാല്‍ കണ്ടക്ടര്‍മാര്‍ക്ക് പ്രോമോഷന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്. കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ ഫോറത്തിന്റെ മറവുപിടിച്ച് ചിലര്‍ ഡ്രൈവര്‍മാരെ അധികജോലി ചെയ്യിട്ടും വിശ്രമില്ലാതെ ബസ് ഓടിപ്പിച്ചും മാനസികമായി പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. സമയബന്ധിതമായി വിശ്രമം ലഭിക്കാതെ ബസ് ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന കടുത്ത ആശങ്കയിലാണ് ഡ്രൈവര്‍മാര്‍. കെഎസ്ആര്‍ടിസിയിലെ ചിലര്‍ പറയുന്ന സര്‍വ്വീസുകളില്‍ പോയില്ലെങ്കില്‍ അവധിയാക്കുമെന്ന ഭീഷണിയാണ് ഡ്രൈവര്‍മാരെ ആശങ്കയിലാക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ ഡ്രൈവര്‍ കം- കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡ്രൈവര്‍മാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നു. എരുമേലി സെന്ററിലെ മറ്റു സര്‍വ്വീസുകളെ അപേക്ഷിച്ച് താരതമ്യേന വരുമാനമുണ്ടാക്കുന്ന ദീര്‍ഘദൂരസര്‍വ്വീസുകളെ സ്വകാര്യ ബസ്സുടമകള്‍ക്കായി അട്ടിമറിക്കാനും ശ്രമം നടക്കുന്നതായാണ് ജീവനക്കാരില്‍ ചിലര്‍ പറയുന്നത്. കെഎസ്ആര്‍ടിസിയുടെ സുഗമമായ പ്രവര്‍ ത്തനത്തിന് സാങ്കേതികമായ ന്യായങ്ങള്‍ നിരത്തി സര്‍വ്വീസുകള്‍ മുടക്കുന്നതും സമ യം മാറ്റിവിടുന്നതും ജീവനക്കാരെ മാനസികമായി പലതരത്തില്‍ പീഡിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.