<എരുമേലിയില്‍ അവലോകനയോഗം ഇന്ന്

Thursday 25 September 2014 10:46 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു വരുന്ന തീര്‍ത്ഥാടകര്‍ക്കൊരുക്കേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള അവലോകനയോഗം ഇന്ന് രാവിലെ 9ന് ദേവസ്വം ഹാളില്‍നടക്കും. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംഎല്‍എ പി.സി. ജോര്‍ജ്, ദേവസ്വം അധികൃതര്‍, റവന്യൂ, മറ്റുവകുപ്പുതല മേധാവികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ മുന്‍കാലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കം നേതാക്കള്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നാളിതുവരെ പൂര്‍ത്തീകരിക്കാനോ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. കൊരട്ടി പാലത്തില്‍ സ്വാഗതകമാനം, ഫയര്‍ ഫോഴ്‌സ് യൂണിറ്റ്, കവുങ്ങുംകുഴി മാലിന്യംസ്‌കരണ പ്ലാന്റ്, വഴി വിളക്കുകള്‍, കണമല പുതിയ പാലം, കുടിവെള്ള വിതരണം, വലിയതോട് നവീകരണം, കെഎസ്ആര്‍ടിസി സെന്ററിന്റെ വികസനം, സമാന്തര റോഡുകളുടെ വികസനം തുടങ്ങി മിക്ക പദ്ധതികളും പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങിക്കിടക്കുകയാണ്. കനകപ്പലം 110കെവി സബ് സ്റ്റേഷന്‍ പോലുള്ള പദ്ധതികള്‍ പോലും വര്‍ഷങ്ങളായി കാടുകയറി കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പതിവ് പ്രഹസനമൊരുക്കാന്‍ തീര്‍ത്ഥാടന അവോകനയോഗം ചേരുന്നത്. ഹൈന്ദവ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ത്രിതല പഞ്ചായത്തുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരൊക്കെ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്നുപോലും പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും ത്രിതല പഞ്ചായത്തും ലക്ഷക്കണക്കിന് രൂപയാണ് വിവിധ പദ്ധതികള്‍ക്കായി എരുമേലിയില്‍ ചെലവഴിക്കുന്നുവെന്നു പറയുമ്പോള്‍ ജനങ്ങളില്‍ ആശങ്കയും കടുത്ത് പ്രതിഷേധവുമാണുയരുന്നത്. ശബരിമല തീര്‍ത്ഥാടനവേളയിലുണ്ടാകുന്നവര്‍ മാലിന്യ സംസ്‌കരണം എരുമേലിക്ക് ഇന്നും തീരാശാപമായി തന്നെ തുടരുകയാണ്. കൊടിത്തോട്ടത്തെ ചെറിയ പ്ലാന്റ് നന്നാക്കാന്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിക്കുക, വഴിവിളക്കുകള്‍ക്കായി ലക്ഷങ്ങള്‍ എന്നു തുടങ്ങി വിവിധ പദ്ധതികള്‍ക്കായി തുക ചെലവഴിക്കുകയെന്ന സ്ഥിരം നടപടിക്രമം മാത്രമാണ് തീര്‍ത്ഥാടനത്തിലുണ്ടാകുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. strong>

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.