അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടം സംരക്ഷിക്കണം: ട്രിബ്യൂണല്‍

Friday 26 September 2014 12:51 am IST

ന്യൂദല്‍ഹി: വനം-പരിസ്ഥിതി മന്ത്രാലയം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുംവരെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകള്‍ പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. അന്തിമവിധി വരുന്നതുവരെ പശ്ചിമഘട്ട മേഖലയില്‍ വന്‍കിട പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കാന്‍ പാടില്ലെന്നും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അദ്ധ്യക്ഷനായ ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി. പശ്ചിമഘട്ട മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ വനം-പരിസ്ഥിതി മന്ത്രാലയത്തിന് ഉചിത തീരുമാനം കൈക്കൊള്ളാം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടന്ന് തീരുമാനമെടുക്കണം. പരിസ്ഥിതി ലോല മേഖലകള്‍ കേരളം പുനര്‍നിര്‍ണ്ണയിച്ചത് പരിഗണിക്കേണ്ടതാണെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഡോ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാരിനു മുന്നോട്ടുപോകാം. 2013 നവംബര്‍ 13ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും പരിസ്ഥിതിലോല മേഖലയായി നിര്‍ണ്ണയിച്ചിരിക്കുന്ന പശ്ചിമഘട്ടത്തിലെ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തണം. 1986ലെ പരിസ്ഥിതി സംരക്ഷണനിയമപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ്. ഇക്കാര്യത്തില്‍ ട്രിബ്യൂണല്‍ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും അഞ്ചംഗ പ്രിന്‍സിപ്പല്‍ ബെഞ്ച് വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ച് പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ അഞ്ച് പ്രകാരം 2013 നവംബര്‍ 13ന് പുറത്തിറക്കിയ ഉത്തരവ് അടിസ്ഥാനമാക്കി നിലനിര്‍ത്തിക്കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവ്. പരിസ്ഥിതി ലോലമേഖലയായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഖനനം, പാറപൊട്ടിക്കല്‍, മണല്‍ഖനനം, താപവൈദ്യുത പദ്ധതികള്‍ എന്നിവ പാടില്ല. 20,000 ചതുരശ്ര മീറ്ററോ അതിന് മുകളിലോ ഉള്ള കെട്ടിടങ്ങള്‍ അനുവദിക്കരുത്, 50 ഹെക്ടറോ മുകളിലോ ഉള്ള ടൗണ്‍ഷിപ്പുകളും വികസന പദ്ധതികളും പാടില്ല, 150,000 ചതുരശ്ര മീറ്ററിലുള്ള കെട്ടിട സമുച്ചയങ്ങള്‍ പാടില്ല, ചുവപ്പ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പാടില്ല തുടങ്ങിയവയായിരുന്നു നിയന്ത്രണം. പരിസ്ഥിതി ലോലമേഖലകള്‍ നിര്‍ണ്ണയിക്കുന്നത് പ്രാദേശിക തലത്തില്‍ നടത്തുന്ന ഭൗതിക പരിശോധനകള്‍ക്ക് ശേഷമാണെന്നും ഇഎസ്‌ഐ മേഖല വര്‍ദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രപരിസ്ഥിതി സെക്രട്ടറി ഈ മാസം 19ന് ട്രിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനും ട്രിബ്യൂണല്‍ അംഗീകാരം നല്‍കി. എന്നാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലേതു നടപ്പാക്കണമെന്നതു സംബന്ധിച്ച അന്തിമതീരുമാനം കേന്ദ്രസര്‍ക്കാരിനു തന്നെയെന്ന് ഹരിതകോടതി വിധിയോടെ വ്യക്തമായിട്ടുണ്ട്. 1,64,280 ചതുരശ്ര കിലോമീറ്ററുള്ള പശ്ചിമഘട്ടത്തെ മൂന്ന് സോണുകളാക്കി സംരക്ഷിക്കണമെന്നാണ് മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ചത്. എന്നാല്‍ 59,940 ചതുരശ്ര കി.മീ സംരക്ഷിച്ചാല്‍ മതിയെന്നും കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കി.മീ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയെന്നും കസ്തൂരി രംഗന്‍ സമിതിയും കണ്ടെത്തി. അന്തിമ വിജ്ഞാപനമുണ്ടാകുന്നതുവരെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച അവ്യക്ത തുടരുക തന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.