ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ അക്രമം

Friday 26 September 2014 10:04 pm IST

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറിയും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമിസംഘം മര്‍ദ്ദിച്ചു. അക്രമികളുടെ പരാക്രമത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗികകളും ബന്ധുക്കളും പരിഭ്രാന്തരായി. അക്രമത്തിനുശേഷം സിപിഎം ഓഫീസില്‍ കയറി ഒളിച്ച ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലിസന്റെ ശ്രമം സിപിഎംക്കാര്‍ തടഞ്ഞു. 16 അംഗ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ എബിവിപി ചങ്ങനാശേരി നഗര്‍ സെക്രട്ടറി അനുജിത്ത് സുരേഷ്, യൂണിറ്റ് സെക്രട്ടറി ഗോപന്‍.ജി. പണിക്കര്‍, അര്‍ജുന്‍ എന്നിവരെ ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയില്‍വച്ച് ആക്രമിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പരിഭ്രാന്തരായ രോഗികളും, കൂട്ടിനു വന്നവരും ചിതറിയോടി. അരമണിക്കൂറോളം അക്രമികള്‍ ആശുപത്രി വളപ്പില്‍ കൊലവിളി നടത്തി. എസ്‌ഐ ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി പോലീസ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. സിപിഎം ഓഫീസില്‍ അഭയം തേടിയ അക്രമികളെ പിടികൂടുവാന്‍ എത്തിയ പോലീസിനെതിരെ അസഭ്യം പറയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎമ്മിന്റെ ഭീഷണിക്കുവഴങ്ങി അക്രമികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ് മടങ്ങുകയായിരുന്നു. രാവിലെ കോളജിലേക്ക് വരുന്ന വഴി പെരുന്ന രണ്ടാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍വച്ച് അര്‍ജുന്‍ എന്ന എ.ബി.വി.പി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 16 അംഗ അക്രമി സംഘം താലൂക്ക് ആശുപത്രിയില്‍ എത്തി ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് എബിവിപി നഗര്‍ പ്രസിഡണ്ട് സൂരജ്.എസ്.എസ് ആവശ്യപ്പെട്ടു. വൈശാഖ്, കണ്ണന്‍, രാഹുല്‍, സന്ദീപ് എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ എബിവിപി വിദ്യാര്‍ത്ഥികളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി ആര്‍എസ്എസ് താലൂക്ക് കാര്യകാരി, ബിജെപി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ അക്രമികള്‍ നേരത്തെയും അക്രമം നടത്തിയിരുന്നു. ഡിവൈഎഫ്‌ഐക്കാര്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടും ഒരുസംഘം ആളുകള്‍ ആശുപത്രിയില്‍ കയറി അക്രമംകാട്ടുകയും രോഗികളെയും ബന്ധുക്കളെയും വിരട്ടിയൊടിക്കുകയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയും പരിസരവും ഡിവൈഎഫ്‌ഐ അക്രമികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മുന്‍പ് നടന്ന അക്രമത്തിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തതും അക്രമികളെ സംരക്ഷിക്കുന്ന നയം സ്വീകരിച്ചതുമാണ് വീണ്ടും അക്രമങ്ങള്‍ തുടരാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.