വീരബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാന്ത്വനമായി രാജ്‌നാഥ് സിങ്

Saturday 27 September 2014 7:45 am IST

കണ്ണൂരില്‍ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പുഷ്പാര്‍ച്ചന നടത്തുന്നു

കതിരൂര്‍(കണ്ണൂര്‍): വീരബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലിദാനികളുടെ കുടുംബാംഗങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ പരിക്കേറ്റ് നിത്യദുരിതത്തിലായവര്‍ക്കും സാന്ത്വനവുമായി ബിജെപി ദേശീയ നേതാവും ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിങ്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടയില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ബലിദാനികളുടെ കുടുംബങ്ങളുടെയും മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ പരിക്കേറ്റ് നിത്യദുരിതത്തിലായവരുടെയും സംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സാന്ത്വനമേകിയത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട പിഞ്ചോമനകള്‍ മുതല്‍ മാതാപിതാക്കള്‍ വരെ സംഗമത്തില്‍ പങ്കെടുത്തു. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കുടുംബാംഗങ്ങള്‍ പലരും ഗദ്ഗദകണ്ഠരായും ഈറനണിഞ്ഞും നില്‍ക്കുന്നത് സംഗമത്തില്‍ പങ്കെടുത്തവരുടെ കരളലിയിക്കുന്ന രംഗമായി. ഇന്നലെ കതിരൂര്‍ ഡയമണ്ട് മുക്ക് ആര്‍എസ്എസ് കാര്യാലയമായ ‘മാധവ’ത്തിന്റെ അങ്കണത്തിലായിരുന്നു ചടങ്ങ്.

1968 ല്‍ സിപിഎം കൊലക്കത്തിക്കിരയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ മുതല്‍ യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് കൗസല്യ, മനോജ് വധത്തിന് തൊട്ടുമുമ്പ് പിണറായി പൊട്ടന്‍പാറയില്‍ സിപിഎം പ്രവര്‍ത്തകര്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ നുച്ചോളി സുരേഷ് കുമാറിന്റെ പിഞ്ചോമനകളും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു. വൈകുന്നേരം 3.50 ഓടെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സിപിഎമ്മുകാര്‍ കൊലചെയ്ത ആര്‍എസ്എസ് നേതാവ് മനോജിന്റെ ഡയമണ്ട് മുക്കിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച ശേഷം 4.30 ഓടെയാണ് കാര്യാലയമായ മാധവത്തിലെത്തിയത്. കാര്യാലയാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബലിദാനികളുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും മന്ത്രി അഭിസംബോധന ചെയ്തു. വേദിയിലെത്തിയ മന്ത്രിയെ ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ ഷാള്‍ അണിയിച്ച് വേദിയിലേക്ക് സ്വീകരിച്ചു. സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ആമുഖഭാഷണം നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ സംസാരിച്ചു.

പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ വേര്‍പാടില്‍ തനിക്കുള്ള ദുഖവും അവരുടെ കുടുംബത്തോടുള്ള കടപ്പാടും അറിയിച്ചുകൊണ്ടുള്ള മന്ത്രിയുടെ വാക്കുകള്‍ വേദിയിലിരിക്കുന്നവരെയും ജനങ്ങളെയും കണ്ണീരണിയിച്ചു. നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ തന്നെ മന്ത്രിയുടെ വരവറിഞ്ഞ് കതിരൂരിലേക്ക് ഒഴുകിയെത്തി.

ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. മേഖലയില്‍ ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. കുടുംബസംഗമം നടന്ന വേദിയിലേക്ക് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചാണ് ആളുകളെ കടത്തിവിട്ടത്. എന്‍എസ്ജി കമാന്റോകളും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും നൂറുകണക്കിന് പോലീസും മേഖലയില്‍ നിലയുറപ്പിച്ചിരുന്നു.

സംഘപരിവാര്‍ നേതാക്കളായ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍, കെ. ആര്‍ ഉമാകാന്തന്‍, എ. ഗോപാലകൃഷ്ണന്‍, വി.ശശിധരന്‍, വി.കെ.സജീവന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, കെ.പി.ശ്രീശന്‍, സി.സദാനന്ദന്‍ മാസ്റ്റര്‍, പി.കെ. വേലായുധന്‍, എ. ദാമോദരന്‍, വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്‍, വേലായുധന്‍, അഡ്വ. ആര്‍.ജയപ്രകാശ്, എ.രഞ്ചിത്ത്, എ.പി.പുരുഷു, ഒ.രാഗേഷ്, വി.പി.ഷാജി, എ.പി.ഗംഗാധരന്‍, വി.രത്‌നാകരന്‍, വി.ശങ്കരന്‍, തമ്പാന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മനോജിന്റെ വീട് രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു

കതിരൂര്‍: മാര്‍ക്‌സിസ്റ്റ് ഭീകരതക്കിരയായി കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കിഴക്കേ കതിരൂരിലെ മനോജിന്റെ വീട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്് സന്ദര്‍ശിച്ചു. വൈകുന്നേരം കൂത്തുപറമ്പിലെത്തിയ മന്ത്രി നാലു മണിയോടെ മനോജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ തുടങ്ങി നിരവധി നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പത്തു മിനുട്ടോളം മനോജിന്റെ വീട്ടില്‍ ചെലവഴിച്ച മന്ത്രി തുടര്‍ന്ന് കതിരൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന ബലിദാനികളായവരുടെ കുടുംബങ്ങളുടെയും പരിക്കേറ്റവരുടെയും സംഗമത്തിലും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.