മദനിയുടെ ആവശ്യങ്ങള്‍ സുപ്രീംകോടതി തള്ളി

Friday 26 September 2014 11:53 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്ന ആവശ്യവും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ ജാമ്യം നാലാഴ്ചത്തേക്ക് കൂടി കോടതി നീട്ടി. വിവിധ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിലും കണ്ണാശുപത്രികളിലുമായി ദീര്‍ഘകാല ചികിത്സ ആവശ്യമാണെന്നും ഇതിന് കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്നും മദനി ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു. കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രചികിത്സാലയത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. ബംഗളൂരിലെ ചികിത്സയില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകുന്നില്ലെന്നായിരുന്നു മദനിയുടെ വാദം. അതിനാല്‍ നേത്രശസ്ത്രക്രിയ നടത്താന്‍ സാധിച്ചിട്ടില്ലെന്നും മദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മദനിയെ കേരളത്തിലേക്ക് കൊണ്ടുപോകുന്നത് വലിയ സുരക്ഷാ പ്രതിസന്ധിക്ക് കാരണമാകുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. നിലവില്‍ മദനി ജാമ്യവ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ല. ബംഗളൂരുവിലെ ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇതു തുടരുന്നതില്‍ എതിര്‍പ്പില്ല, കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു പരിഗണിച്ച കോടതി മദനിയുടെ ബംഗളൂരുവിലെ ചികിത്സ ഒരു മാസം കൂടി തുടരട്ടെയെന്ന് പറഞ്ഞു. ഇതിനു ശേഷം മദനിയുടെ ആരോഗ്യനില പരിശോധിച്ച് ഒക്‌ടോബര്‍ 31ന് മറ്റുകാര്യങ്ങള്‍ തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.