ശബരിമല തീര്‍ത്ഥാടനം; ചെങ്ങന്നൂരിലേക്ക് പ്രത്യേക തീവണ്ടികള്‍ 204 സര്‍വീസുകള്‍ നടത്തും

Saturday 27 September 2014 4:15 pm IST

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലേക്ക് പ്രത്യേക തീവണ്ടികള്‍ 204 സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് തീവണ്ടിക്ക് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് അനുവദിക്കും. പമ്പയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കും. ചെങ്ങന്നൂരില്‍ കൂടുതല്‍ ജനസാധാരണ്‍ ടിക്കറ്റ് കൗണ്ടര്‍ അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ 100 ബസുകള്‍ സര്‍വീസ് നടത്തും. കഴിഞ്ഞ തവണ 90 ബസുകള്‍ ഉപയോഗിച്ച് 5,229 സര്‍വീസുകള്‍ നടത്തിയിരുന്നു. 5.73 ലക്ഷം തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. 3.75 കോടി രൂപ വരുമാനം ലഭിച്ചു.ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകര്‍ക്കായി റെയില്‍വേയും കെഎസ്ആര്‍ടിസിയും ദേവസ്വം ബോര്‍ഡും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങും. വിവിധഭാഷകള്‍ അറിയാവുന്നവരുടെ സേവനം ഇവിടെ ലഭ്യമാക്കും. കൂടുതല്‍ പ്രത്യേക തീവണ്ടികള്‍ക്കു വേണ്ടിയും കൂടുതല്‍ തീവണ്ടികള്‍ക്ക് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാനും നടപടിയെടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. തിര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ കൂടും. എല്ലാ മലയാളമാസവും ഒന്നാം തീയതി ആയരിക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ എത്തുന്നതിനാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകര്‍ക്കായി സ്ഥിരം സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി കഴിഞ്ഞു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി എംപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.