പ്രമോദത്തെ അതിജീവിക്കാന്‍

Saturday 27 September 2014 8:14 pm IST

വിഘ്‌നങ്ങളില്‍ നാലാമത്തേത് 'പ്രമാദം.' പരക്കെക്കണ്ടുവരുന്ന ഒരു രോഗമാണ്. കാര്യങ്ങള്‍ അറിയാവുന്നവര്‍ക്കാണ്  ഇത് കൂടുതല്‍ കണ്ടുവരുന്നത്. മദത്തിന്റെ ഭാവമാണെങ്കില്‍ സാരമില്ല. ഇതു കടുകട്ടിയായ മാദമാണ്. ഋഷി 'പ്ര' എന്ന ഉപസര്‍ഗം ചേര്‍ത്ത് അതിനൊരു കാലുവെച്ചുകൊടുത്തു. നമ്മള്‍ നാട്ടില്‍ പറയാറില്ലേ? അഹങ്കാരത്തിന് കാലുവെക്കുക എന്ന്. ഇത് അതുതന്നെയാണ്. പുരോഹിതന്‍ പറയുന്നു, ''എല്ലാവരും ആചമിക്ക്.'' എല്ലാവരും ആചമിക്കുന്നുണ്ട്. പക്ഷേ പുരോഹിതന്‍ അതു ചെയ്യുന്നില്ല. ആരാണ് പുരോഹിതന്‍? ''പുരസ്ഥിത്വാ യജമാനസ്യഹിതം വാഞ്ഛതി യഃ സഃ പുരോഹിതഃ'' മുന്നില്‍നിന്നുകൊണ്ട് യജ്ഞാനുഷ്ഠാനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഹിതത്തിനായി മാതൃക കാട്ടുന്നവനാണ് പുരോഹിതന്‍. യജമാനന് പുരോഹിതന്‍ പിതാവിനെപ്പോലെയാണ്. സ്വാമി ദയാനന്ദന്‍ സങ്കലനം ചെയ്ത സംസ്‌കാരവിധിയുടെ ആരംഭത്തില്‍ ആചമനപ്രകരണത്തില്‍ അദ്ദേഹം എഴുതി, ''...എന്നിങ്ങനെ മൂന്നുപ്രാവശ്യം  ആചമിക്കുക. പുരോഹിതനും ചെയ്യണം.'' മഹാനായ ആ മഹര്‍ഷിയുടെ ഈ പരാമര്‍ശം ഒന്നുമാത്രം പോരെ പ്രമാദം എന്താണെന്നറിയാന്‍. അത് ആര്‍ക്കാണെന്നറിയാന്‍. അറിയുന്നവനാണ് അറിവില്‍ അഹങ്കരിച്ച്, അറിയാത്തവരെ പുച്ഛഭാവത്തില്‍ നോക്കിക്കൊണ്ട്, ആചരണം തെറ്റിക്കുന്നത്. പ്രമദത്തിന്റെ ഭാവമാണ് പ്രമാദം അത് ചികിത്സിക്കേണ്ടതാണ്. ''ഓം അമൃതായൈ നമഃ, ഓം നിത്യായൈ നമഃ, ഓം വിശ്വംഭരായൈ നമഃ, ഓം ഈശാനൈ്യ നമഃ, ഓം പ്രഭായൈ നമഃ, ഓം ജയായൈ നമഃ, ഓം വിജയായൈ നമഃ, ഓം ശാന്തൈ്യ നമഃ'' ഈ എട്ടു മന്ത്രങ്ങള്‍ ജപിക്കുന്നവന്, ഇവ ഉപയോഗിച്ച് അര്‍ച്ചിക്കുന്നവന് പ്രമാദദോഷം ഉണ്ടാകില്ല. എന്താണ് പ്രമാദം എന്ന് മഹര്‍ഷി വ്യാസന്‍ പറയുന്നതുനോക്കുക. ''സമാധി സാധനാനാമ് അഭാവനം പ്രമാദഃ'' ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമായ സാധനങ്ങളെ ഭാവിക്കാതിരിക്കുന്നതാണ് പ്രമാദം. ഞാന്‍ ചിലപ്പോള്‍ ആചമിക്കാറില്ല, എനിക്ക് അതിന്റെ ആവശ്യമില്ല, വെള്ളമെടുക്കണമെന്നില്ല അങ്ങോട്ടു സങ്കല്‍പ്പിച്ചാല്‍ മതി, ഞാന്‍ പിന്നെ ചെയ്‌തോളാം, ഞാന്‍ കാലത്ത് ചെയ്തതാണ്.'' എന്നിങ്ങനെ പോകുന്നു പ്രമാദിയുടെ ന്യായീകരണ വാക്കുകള്‍. അമൃതം ലഭിക്കുന്നത് ആര്‍ക്ക്? വിടാതെ പിടികൂടുന്നവന്. മരിക്കാത്ത ശ്രദ്ധയാണ് അമൃതത്വത്തിന് കാരണം, ആയതിനാല്‍ അമൃതായൈ നമഃ നിത്യായൈനമഃ- നിത്യവും ആചരിക്കണം. വിശ്വംഭരായൈ നമഃ- ഹൃദയം നിറഞ്ഞ ശ്രദ്ധയാണ് വിശ്വംഭരാ. ഈശാനൈ്യ നമഃ- സാധകന് ആജ്ഞ നല്‍കുന്ന  ശ്രദ്ധയാണ് ഈശാനീ. പ്രഭായൈ നമഃ- സാധകന് ദീര്‍ഘവീക്ഷണത്തിന്റെ പ്രഭ നല്‍കുന്ന ശ്രദ്ധയാണ് പ്രഭാ. ജയായൈ നമഃ- ശ്രദ്ധയുടെ തോതനുസരിച്ച് ജയം പങ്കിട്ടു നല്‍കുന്നവളാണ് ജയാ. വിജയായൈ നമഃ-വിശിഷ്ടമായ ജയം നേടിക്കൊടുക്കുന്നവളാണ് വിജയാ. സാധകചിത്തത്തെ ചിന്താരഹിതമാക്കുന്നവളാണ് ശാന്തി. യോഗിക്ക് അഥവാ സാധകന് ശ്രദ്ധയെന്നത് ജനനിയാണ്. അവള്‍ പ്രമാദത്തെ തുടച്ചുനീക്കുന്നു. വ്യാസമഹര്‍ഷി പറയുന്നു ''ശ്രദ്ധാ ചേതസഃ സമ്പ്രസാദാഃ സാ ഹി ജനനീവ കല്യാണീ യോഗിനം പാതി. തസ്യ ഹി ശ്രദ്ധാനസ്യ വിവേകാര്‍ഥിനോ വീര്യമുപജായതേ. സമുപജാത ശ്രദ്ധാ. അവള്‍ തന്നെയാണ്  ഒരമ്മയെപ്പോലെ യോഗിയെ രക്ഷിക്കുന്നത്. ശ്രദ്ധാന്വിതനായ വിവേകാര്‍ഥിക്ക് യോഗസാധനാനുഷ്ഠാനത്തില്‍ ഉത്സാഹം (വീര്യം) ഉണ്ടാകുന്നു. ഉത്സാഹിക്ക് അതത് വിഷയസംബന്ധമായ മങ്ങാത്ത ഓര്‍മ പടിയിറക്കുന്നു. വേദം പറയുന്നു, ''ഉദ്യാനം പുരുഷ നാവയാനമ്'', ഉച്ചത്തിലേക്ക് കയറാനാണ് നിന്നെ സൃഷ്ടിച്ചത്, കയത്തിലേക്ക് എടുത്തുചാടാനല്ല: വേദം വിധി പറഞ്ഞ സ്ഥിതിക്ക്, ഇനി എന്തെങ്കിലും പറയുന്നത് വേദനിന്ദയെന്ന നാസ്തിക്യത്തെ ജനിപ്പിക്കും. നമുക്ക് പ്രമാദത്തെവെന്ന് അഞ്ചാം ദിവസത്തേക്കുകടക്കാം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.