കൃഷ്ണമപുത്രോ ശര്വജേതാ ഇക്ഷുചാപോ രതിപ്രിയഃ
ശംബരഘ്നോ വിശ്വജിഷ്ണര് വിശ്വഭ്രമണകാരകഃ
812. കൃഷ്ണപുത്രഃ – കൃഷ്ണന്റെ പുത്രന്. ശ്രീകൃഷ്ണന്റെയും രുഗ്മിണി ദേവിയുടെയും പുത്രനായി പ്രദ്യുമ്നന് എന്നപേരില്‍ കാമദേവന് അതവരിച്ചത് 802-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു.
813. ശര്വജേതാഃ – ശര്‍വനെ ജയിച്ചവന്. സംഹാരമൂര്‍ത്തിയായ ശിവനാണു ശര്‍വന്‍. ആ ശര്‍വനെ കാമദേവന് രണ്ടുതവണ തോല്‍പ്പിച്ചു. തപോനിഷ്ഠനായിരുന്ന ശിവന്റെ ശ്രദ്ധ പാര്വതിദേവിയിലാക്കാന് ശ്രമിച്ച കാമദേവനെ ശിവന് തന്റെ നേത്രാഗ്നിയില്‍ ദഹിപ്പിച്ചു. ശരീരം നഷ്ടപ്പെട്ട് അനംഗനായെങ്കിലും കാമദേവന്റെ ശ്രമം വിജയിച്ചു. ശിവന് പാര്‍വതിയെ വിവാഹം കഴിച്ചു. ശരീരം നഷ്ടപ്പെട്ട അനംഗന്‍ ലളിതാദേവി പുനര്ജന്മം കൊടുത്ത സംഭവം ‘ലക്ഷ്മീപുത്രഃ’ എന്ന 807-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. പുതിയ ശരീരം കിട്ടിയ കാമദേവന് ദേവിയെയും ശ്രീപരമേശ്വരനെയും നമസ്ക്കരിച്ച് തന്റെ വില്ലുകൈയിലെടുത്തു കുലച്ച് തന്റെ പുഷ്പശരങ്ങളഞ്ചും ശിവന്റെ നേര്‍ക്ക് എയ്തു വിട്ടു. ആ അസ്ത്രവീര്യത്താല്‍ പരാജിതനായ ശിവന് തന്റെ ശരീരത്തിന്റെ പകുതി പാര്‍വതിക്കു കൊടുത്ത് അര്‍ദ്ധനാരീശ്വരനായി. ഇപ്പോള്‍ ദേവിയെ കൂടാതെ സ്പന്ദിക്കാന്‍പോലും കൈലാസപതിക്കു കഴിവില്ല. ഇത് കാമദേവന്റെ രണ്ടാമത്തെ ജയം.
814. ഇക്ഷുചാലഃ – കരിമ്പു വില്ലായുള്ളവന്. പുഷ്പബാണം എന്ന 805-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ കാമദേവന്റെ മധുരിക്കുന്ന വില്ലിനെപ്പറ്റി പറഞ്ഞു. കാമദേവന്റെ ആയുധങ്ങളെല്ലാം അഴകും മാധുര്യവുമുള്ളവയാണ്. അദ്ദേഹത്തിന്റെ അമ്പുകള്‍ പൂക്കളാണ്. ആ പുഷ്പബാണങ്ങളില് തേന്‍ കൊതിച്ചെത്തുന്ന വണ്ടുകളാണ് കരിമ്പുവില്ലിന്റെ ഞാണ്. കരിമ്പു വില്ലില്‍ വണ്ടുകളെ ഞാണായി കെട്ടാനും അതില്‍ പൂവമ്പു തൊടുത്തെയ്ത് പുരാരിയെപ്പോലും തോല്‍പ്പിക്കാനും കാമദേവനു കഴിഞ്ഞു.
815. രതിപ്രിയഃ – രതീദേവിയുടെ ഭര്‍ത്താവ്. തന്റെ മകളായ രതിയെ ദക്ഷാപ്രജാപതി കാമദേവനു വിവാഹം കഴിച്ചുകൊടത്തു. രതി ഒരിക്കലും പിരിയാതെ കാമദേവനോടൊപ്പമുണ്ടാകും. ശിവന്റെ കോപാഗ്നിയില്‍ കാമദേവന് ദഹിച്ചതോടെ വിധവയായ രതി കുറെക്കാലം സന്ന്യാസിനിയെപ്പോലെ കഴിഞ്ഞു. ലളിതാദേവിയുടെ കാരുണ്യത്താല്‍ കാമനു ശരീരം തിരിച്ചുകിട്ടിയപ്പോള്‍ രതി വീണ്ടും കാമന്റെ സന്തതസഹായിയായി. കാമദേവന് പ്രദ്യുമ്നനായി അവതരിച്ചപ്പോഴും രതി കൂടെയുണ്ടായിരുന്നു.
രതി എന്ന പദത്തിന് ആനന്ദം, ആസ്വാദനം, താത്പര്യം, ആസക്തി, സംതൃപ്തി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഈ വികാരങ്ങളുടെ നാഥനായി കാമദേവനെ സ്തുതിക്കുന്നതായും വ്യാഖ്യാനിക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: