മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കകള്‍ വര്‍ദ്ധിച്ചു; ജീവനക്കാരില്ല, സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം

Saturday 27 September 2014 9:20 pm IST

ആലപ്പുഴ: ആവശ്യത്തിന് ജീവനക്കാരില്ലാതെ വണ്ടാനം മെഡിക്കല്‍ കോളേജ്  ആശുപത്രി സമുച്ചയം ആരംഭിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. 12 കോടി 36 ലക്ഷം രൂപ മുടക്കി പണിപൂര്‍ത്തിയാക്കിയ 800 കിടക്കകളുള്ള ജി 1, ജി 2 കെട്ടിടങ്ങളുടെ പ്രവര്‍ത്തനമാണ് ഒക്‌ടോബര്‍ ഒന്നിന് തുടക്കമാകുന്നത്. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 1,348 കിടക്കകളാകും. എന്നാല്‍ കിടക്കകളുടെ എണ്ണം അനുസരിച്ച് സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. നാല് രോഗികള്‍ക്ക് ഒരു നഴ്‌സെന്ന ആനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ നിലവില്‍ 708 നഴ്‌സ്മാര്‍ വേണ്ടിടത്ത് 296 പേര്‍ മാത്രമാണുള്ളത്. സ്റ്റാഫ് നഴ്‌സ് കൂടാതെ നഴ്‌സിങ് ഗ്രേഡ് 1, ഗ്രേഡ് 2, അറ്റന്റര്‍മാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരെയും അധികമായി നിയമിക്കേണ്ടതുണ്ട്. പുതുതായി ആരംഭിക്കുന്ന ബ്ലോക്കിലേക്കും നിലവിലുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ നീക്കം. ഇതുമൂലം അധിക ജോലിഭാരം എടുക്കേണ്ട അവസ്ഥയിലാണന്നും ജീവനക്കാരെ നിയമിക്കാതെ വാര്‍ഡ് വിഭജനം നടത്താന്‍ അനുവദിക്കില്ലെന്നും സ്റ്റാഫ് നഴ്‌സുമാര്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ശനിയാഴ്ച ധര്‍ണ നടത്തിയത്. എന്‍ജിഒ സംഘ് സംസ്ഥാന സമിതിയഗം മധു ധര്‍ണ ഉദ്ഘാടനം ചെയ്തു. നഴ്‌സസ് യൂണിയന്‍ നേതാവ് അമ്പിളി, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ചന്ദ്രകുമാര്‍, എന്‍ജിഒ സംഘ് താലൂക്ക് സെക്രട്ടറി ജി. പ്രഹ്ലാദന്‍, ഇന്ദിര, ശ്യാംകുമാര്‍, ഇ.ജി. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.