കതിരൂര്‍ മനോജ് വധം; നമ്പിടി ജിതിന്‍ രണ്ടാം പ്രതി

Sunday 28 September 2014 7:55 am IST

പാനൂര്‍(കണ്ണൂര്‍): കതിരൂര്‍ മനോജ് വധം. നമ്പിടി ജിതിന്‍ രണ്ടാം പ്രതിയായി കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃത്യത്തില്‍ ഇയാള്‍ പങ്കെടുത്തതായി ബോധ്യപ്പെട്ടതിനാല്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് പി.സന്തോഷിന് മൊഴി നല്‍കാനായി ഇന്ന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പയ്യന്നൂരിലെത്തിയ കൊലയാളി സംഘത്തിലെ വിക്രമന് സഹായം നല്‍കിയത് സംബന്ധിച്ചാണ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ സിപിഎം പയ്യന്നൂര്‍ ഓഫീസ് സെക്രട്ടറി സുജിത്ത്, കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് എന്നിവര്‍ക്കും ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കതിരൂര്‍ ലോക്കല്‍ സെക്രട്ടറിയെ മുമ്പ് ചോദ്യം ചെയ്തിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ കഴിയുന്ന കൊലയാളി സംഘത്തെ പിടികൂടാനുള്ള കഠിന ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി റെയ്ഡിന് ഒരുങ്ങുമ്പോഴേക്കും ഒളിവ് കേന്ദ്രങ്ങള്‍ മാറ്റുകയാണ് കൊലയാളി സംഘങ്ങള്‍. സ്ഥിരമായി ഒരു കേന്ദ്രത്തില്‍ തന്നെ നില്‍ക്കാതെ മാറിമാറി ഒളിവില്‍ കഴിയുകയാണ് ഇവരെന്നാണ് സൂചന. പ്രതികളെ സംരക്ഷിച്ചവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രതികളെ സഹായിക്കാതിരിക്കാന്‍ വേണ്ടി കൂടിയാണീ നടപടി. യുഎപിഎ ആക്ട് ചുമത്തിയതിനാല്‍ ജാമ്യം ലഭിക്കാന്‍ സഹായികള്‍ക്കും പ്രയാസമായിരിക്കും. അതേ സമയം അന്യസംസ്ഥാനങ്ങളില്‍ പോലീസ് പോയെങ്കിലും ആരെയും കണ്ടെത്താനായില്ല. സിഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ തെരച്ചിലിനായി പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.