പശ്ചിമഘട്ട സംരക്ഷണത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

Sunday 28 September 2014 9:08 pm IST

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗോവ ഫൗണ്ടേഷന്‍, പേഴ്‌സണല്‍ സൊസൈറ്റി എന്നീ സംഘടനകള്‍ പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലെ ഹരിത ട്രിബ്യൂണലിന്റെ വിധിയാണ് 2014 സപ്തംബര്‍ 25 ന് പുറത്തുവന്നത്. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് മന്ത്രാലയത്തിന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ കര്‍ശനമായി പാലിക്കുവാനാണ് വിധിച്ചിരിക്കുന്നത്. പശ്ചിമഘട്ട ജനസമൂഹത്തിന്റെ താത്പര്യവും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 16 ന് ഡോ.കസ്തൂരി രംഗന്‍ ചെയര്‍മാനായി പഠനം നടത്തി സമര്‍പ്പിച്ച ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച് ഉത്തരവായത്. എന്നാല്‍ കേരളത്തിലെ ഭരണനേതൃത്വവും പ്രതിപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും ചേര്‍ന്ന് നിയമങ്ങള്‍ കാറ്റില്‍ പറത്തുവാന്‍ നടത്തിയ ശ്രമങ്ങളാണ്  തുടര്‍ന്ന് കേരളം കണ്ടത്. ഹര്‍ത്താല്‍, ധര്‍ണ, ഫോറസ്റ്റ് ഓഫീസ് കത്തിക്കല്‍, നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ദാരുണ മരണത്തിനിടയാക്കിയ സമരം, രാജ്യദ്രോഹപരമായ പ്രസംഗങ്ങള്‍, മതമേലധ്യക്ഷന്മാരുടെ ഇടപെടലുകള്‍, ഇടയലേഖനങ്ങള്‍, ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ ജനജീവിതം സ്തംഭിപ്പിച്ച  സമരങ്ങള്‍ എന്നിവയായിരുന്നു സംസ്ഥാനത്തെ ജനങ്ങള്‍ പിന്നീട് ദര്‍ശിച്ചത്. ഇവരാരും പശ്ചിമഘട്ട സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിച്ചില്ലെന്ന് മാത്രമല്ല കേരളത്തിലെ ഇടനാട്ടിലെ പോലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഹൈറേഞ്ച് വിട്ടു നല്‍കണമെന്നും ആവശ്യപ്പെടുന്നു എന്നതാണ് പ്രധാനം. കേരളത്തിന്റെ ഭൂപ്രകൃതി, മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തിരിഞ്ഞാണ് കിടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇതില്‍ തീരപ്രദേശ സംരക്ഷണത്തിനായി 1991 ല്‍ തന്നെ തീരദേശ സംരക്ഷണ നിയമം നിലവില്‍ വന്നതാണ്. 1986 ലെ പരിസ്ഥിതി നിയമം പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അനുശാസിക്കുന്നുമുണ്ട്. കാരണം കേരളത്തിന്റെ വനമേഖല, നദികളുടെ വൃഷ്ടിപ്രദേശം, മഴ, കുടിവെള്ളം, വന്യജീവികള്‍, കാലാവസ്ഥ, ജൈവവൈവിധ്യം, കൃഷി, വൈദ്യുതി, നദികള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന്റെ ആധാരശിലയാണ് സഹ്യാദ്രിയെന്ന തിരിച്ചറിവാണിത്. ഇടനാട്ടിലെ വികസനമെന്നാല്‍ നിര്‍മാണപ്രവൃത്തനങ്ങളാണേറെയും. അംബരചുംബികളായ കെട്ടിടങ്ങളുടെയും റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെയും പണക്കൊഴുപ്പാണവിടെ നടക്കുന്നത്. ഭൂമിയുടെ വിലയും ഭൂമാഫിയയുടെ കച്ചവടതാത്പര്യങ്ങളുമാണവിടെ ഭരണവര്‍ഗ്ഗം സംരക്ഷിച്ചു നല്‍കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ആശുപത്രിക്കച്ചവടക്കാര്‍ക്കും കെട്ടിപ്പൊക്കുവാന്‍ പാടശേഖരങ്ങളും ജലസ്രോതസ്സുകളും നികത്തി നല്‍കുവാന്‍ പടയൊരുക്കങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്. ഇടനാട്ടില്‍ മണ്ണ്, പാറ, ചെങ്കല്ല്, മണല്‍, വെള്ളം, ധാതുക്കള്‍ എല്ലാം വില്‍പ്പനചരക്കാണ്. എങ്ങും പണക്കൊയ്ത്താണ്. ഭൂമി വില കുതിച്ചുയരുന്നു. ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ജിഡിപി ഉയര്‍ന്ന നിലയില്‍തന്നെയാണ്. വാഹനങ്ങളുടെ കുത്തൊഴുക്കാണെവിടെയും. ഗതാഗത സൗകര്യങ്ങള്‍ക്കായി കോടികള്‍ ഇറക്കുവാന്‍ സര്‍ക്കാരിന് ഒരുമടിയുമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്‍ കിടപ്പാടം വിറ്റ് ഇടനാട് കാലിയാക്കുന്നു. വികസനമെന്ന പേരില്‍ നടത്തുന്ന ഓരോ ചുവടുവെയ്പ്പിനും കുടിവെള്ളക്ഷാമമായും വെള്ളപ്പൊക്കമായും വരള്‍ച്ചയായും കൃഷിനാശമായും രോഗങ്ങളായും തിരിച്ചടികള്‍ ഇടനാട് സഹിച്ചുകൊണ്ടിരിക്കുന്നത് മറന്നാണ് ഹൈറേഞ്ചിനെ ഇടനാടാക്കി മാറ്റുവാന്‍ ഭരണ-പ്രതിപക്ഷ മാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നമാണ് പശ്ചിമഘട്ട പ്രശ്‌നമെന്ന് ഇവരൊക്കെ പറയുന്നുണ്ടെങ്കിലും ശരിയായ പ്രശ്‌നങ്ങള്‍ അതൊന്നുമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. ആരൊക്കെയാണ് ഹൈറേഞ്ച് സമരത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ അവരുടെ ലക്ഷ്യം മനസ്സിലാക്കാനാകും. കേന്ദ്ര ഏജന്‍സിയും ഇന്റലിജന്‍സും  അന്വേഷണം നടത്തേണ്ടത് ഇതാണ്. എന്തിന് ഹൈറേഞ്ച് സംരക്ഷണ സമരത്തിലേക്ക്  ബോംബെറിഞ്ഞു? ഫോറസ്റ്റ് ഓഫീസുകള്‍ കത്തിച്ച് വനംകൊള്ള സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ എന്തിന് കത്തിച്ചു? പട്ടയം ലഭിക്കലും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടുകളുമായി എന്തിന് ബന്ധിപ്പിച്ചു? റിപ്പോര്‍ട്ടുകളില്‍ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത്? ശരിയായ കര്‍ഷകരെ ഇളക്കിവിടുന്നത് ആരാണ്? അവരുടെ ലക്ഷ്യം എന്താണ്? ഇക്കാര്യങ്ങള്‍ എന്തായാലും വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്ന കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും പരിശോധിക്കുവാന്‍ പോകുന്നില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ രണ്ട് ലക്ഷത്തി പതിനായിരം ചതുരശ്രയടി കെട്ടിടങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ ഏത് കര്‍ഷകനാണ് ഇതില്‍ കൂടുതല്‍ വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയേണ്ടത്? ഹൈറേഞ്ചില്‍ 50 ഹെക്ടറിലധികം വിസ്തീര്‍ണമുള്ള ടൗണ്‍ഷിപ്പും 150000 ചതുരശ്ര മീറ്റര്‍ നിര്‍മാണ വികസന പദ്ധതികളും അനുവദിച്ചിട്ടുണ്ട്. ചുവപ്പ് വിഭാഗം (അതായത് മനുഷ്യനോ മൃഗങ്ങള്‍ക്കോ വായു മലിനീകരണം മൂലം ജീവിക്കാന്‍ അസാധ്യമായ സ്ഥിതി ഉണ്ടാക്കുന്ന) വ്യവസായ ശാലകള്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നത് ശരിയാണ്. രണ്ടു കാരണങ്ങളെക്കൊണ്ടാണ് ഇത് നിരോധിച്ചിട്ടുള്ളത്. ഒന്ന് ഹൈറേഞ്ചിലെ അടിവാരങ്ങളിലും കുന്നുകളിലും അത്യധികമായി വായുമലിനീകരണം  ഉണ്ടായാല്‍ തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കാത്തതിനാല്‍ വായു മാലിന്യം കൂടുതല്‍ കൂടിയ അളവില്‍ ഹൈറേഞ്ച് മേഖലയില്‍ തങ്ങിനില്‍ക്കും. ഉത്തരവുപ്രകാരം താപനിലയങ്ങള്‍ ഹൈറേഞ്ചില്‍ പാടില്ല. കാരണം താപനിലയങ്ങള്‍ മിക്കവാറും പ്രവര്‍ത്തിപ്പിക്കുന്നത് കല്‍ക്കരിയും മറ്റ് ഫോസില്‍ ഇന്ധനങ്ങളും ഉപയോഗിച്ചാണ്. ഇത് പശ്ചിമഘട്ട ജൈവവൈവിധ്യ നാശത്തിനും ജലം, വായു മലിനീകരണത്തിനും ഇടയാക്കും. പാറമടകള്‍ക്കും മറ്റ് ഖനന പ്രക്രിയകള്‍ക്കും 2013 നവംബര്‍ 16 ലെ ഉത്തരവില്‍ വിലക്കുകളുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങളായ താപനിലയം, പാറമടകള്‍, ഖനനം, ചുവപ്പുവിഭാഗത്തിലെ വ്യവസായങ്ങള്‍, വന്‍കിട നിര്‍മിതികള്‍ എന്നിവ വേണ്ടത് ആര്‍ക്കാണ്? ഹൈറേഞ്ചിലെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഇതൊന്നും ആവശ്യമില്ലാത്തതാണ്. എന്നിട്ടും ഇവരുടെ പേരുപറഞ്ഞ് ആര്‍ക്കാണ് ഇതെല്ലാം ആവശ്യം? കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ പഠനം നടത്തണം. പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കാന്‍ ശാസ്ത്രീയമായി കൃഷി നടത്തണമെന്നും കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നും ചുവപ്പ് കാറ്റഗറി വ്യവസായശാലകള്‍ വേണ്ടെന്നും പറഞ്ഞാല്‍ എവിടെയാണ് കര്‍ഷകദ്രോഹമാകുന്നത്. ജനവാസമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നില്ല. സ്ഥലവില്‍പ്പനക്ക് തടസ്സമില്ല. പിന്നെ എന്താണ് പ്രശ്‌നം? 1500 കി.മീ. നീളത്തിലെ 164280 ചതുരശ്ര കി.മീ. പ്രദേശത്തില്‍ 37 ശതമാനമാണ് പരിസ്ഥിതിലോലമായി റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത്. അതായത് ഉദ്ദേശം 60000 ചതുരശ്ര കി.മീ. ഇതില്‍ ഭൂരിഭാഗവും ഇപ്പോള്‍ തന്നെ റിസര്‍വ് വനമായും വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളായും ബയോസ്ഫിയര്‍ റിസര്‍വുകളായും നാഷണല്‍ പാര്‍ക്കായും ലോകപൈതൃകസ്ഥലങ്ങളായും സംരക്ഷിക്കപ്പെടുന്നവയാണ്. വനമേഖലയിലെ ഖനനവും പാറമടകളും പുഴമണല്‍ ഖനനവും ഇക്കോളജിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന കാര്യങ്ങളാണ്. ഹൈറേഞ്ചില്‍ നിയമങ്ങളില്ലാതെ എന്തും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഇക്കാര്യങ്ങളിലുള്ള ഏതെങ്കിലും നിരോധനം ഒരു തടസ്സമായി തോന്നുകയുള്ളൂ. ഇടുക്കി ജില്ലയില്‍ മാത്രം പെരിയാറില്‍ ഇതിനോടകം 16 അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ സംവഹന ശേഷിയില്‍ കൂടുതലാണിത്. ജലത്തിന്റെ മര്‍ദ്ദം മൂലം ഉണ്ടായേക്കാവുന്ന ഭൂചലനങ്ങളും ഭൂമികുലുക്കങ്ങളും അതിജീവിക്കുവാന്‍ ഈ അണക്കെട്ടുകള്‍ക്ക് അസാധ്യമാണുതാനും. അതുകൊണ്ട് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുമ്പോള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 16 ലെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുക? പശ്ചിമഘട്ടത്തിലെ ഒരു നഗരത്തിന് 50 ഹെക്ടര്‍ പരിധിപോരെ? അവിടെ 150000 ചതുരശ്ര മീറ്റര്‍ നിര്‍മാണങ്ങള്‍ നടത്തിയാല്‍ പോരെ? ഇതില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ ആര്‍ക്കാണ് നടത്തേണ്ടത്? ഇത്തരം ടൗണ്‍ഷിപ്പുകളുടെ ഖര-ദ്രവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതും ജലവിതരണം മുടക്കമില്ലാതെ നടത്തുന്നതും വൈദ്യുതി ലഭ്യമാക്കുന്നതും ഹൈറേഞ്ചിനെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമാണെന്നതിനാലാണ് ഉത്തരവില്‍ ഇങ്ങനെ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ മാറ്റം വരുത്തിയാല്‍ ദൂരവ്യാപകമായ പരിസ്ഥിതി ആഘാതങ്ങളാണ് സംഭവിക്കുക. ഹൈറേഞ്ച് സംരക്ഷിച്ചില്ലെങ്കില്‍ ഹൈറേഞ്ചിലെ ജീവിതം ദുഷ്‌കരമാകുമെന്നുറപ്പാണ്. ഇടനാടുപോലെയല്ല ഹൈറേഞ്ച്. അതിനാല്‍ പശ്ചിമഘട്ട സംരക്ഷണം ലാക്കാക്കി പരിസ്ഥിതി പരിപാലന സെന്റര്‍ വേണമെന്ന കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശവും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. ഈ ഉത്തരവില്‍ സാധാരണക്കാരനെ ബാധിക്കുന്ന എന്ത് പ്രശ്‌നങ്ങളാണ് ഉള്ളതെന്ന് എത്ര വായിച്ചിട്ടും മനസ്സിലാകുന്നില്ല. അപ്പോള്‍ പിന്നെ സമരക്കാരുടെ (എല്‍ഡിഎഫ്, യുഡിഎഫ്, ഹൈറേഞ്ച് സംരക്ഷണ സമിതി, മറ്റ് സമരക്കാര്‍) ഉദ്ദേശം എന്താണ്? ഇടനാട്ടിലെ പോലെ വന്‍ കെട്ടിടങ്ങള്‍ കെട്ടി റിസോര്‍ട്ടുകള്‍ നിര്‍മിക്കലാണോ? കയ്യേറ്റം കൂടിയ തോതില്‍ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശമുണ്ടോ? വനമേഖലയില്‍ വ്യാപകമായി റോഡുകള്‍ നിര്‍മിക്കലാണോ? പശ്ചിമഘട്ട മലമടക്കുകളിലെ പാറ പൊട്ടിച്ച് വിറ്റ് ധനസമ്പാദനമാണോ? പശ്ചിമഘട്ട അരുവികളിലെ ശുദ്ധജല വില്‍പ്പനയാണോ? വനമേഖല കയ്യേറ്റം നടത്തലാണോ? വനം തട്ടിയെടുത്ത് കൂടുതല്‍ ഭാഗത്ത് നാണ്യകൃഷി നടത്തലാണോ? ഭൂമിയ്ക്ക് വന്‍വില ഉയര്‍ത്തി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണോ? സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഹോട്ടലുകളും സ്ഥാപിച്ച് പണക്കൊയ്ത്തിനുള്ള ആസൂത്രിത ശ്രമമാണോ ഈ സമരകോലാഹലങ്ങളൊക്കെയെന്ന് കേരളീയ ജനത സംശയിച്ചുപോയാല്‍ അവരെ കുറ്റം പറയാനാകില്ല. മുല്ലപ്പെരിയാറില്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ പാരമ്പര്യമാണ് കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ക്കുള്ളത്. ഏതാനും പേര്‍ക്ക് സ്വത്ത് സമ്പാദിക്കുവാന്‍ ഒരു നാടിനെ കുഴിച്ചില്ലാതാക്കുവാനും പൈതൃകം നശിപ്പിക്കുവാനും കൂട്ടുനില്‍ക്കണമോ എന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ചിന്തിക്കണം. പശ്ചിമഘട്ടത്തിലെ വനനാശവും പാറഖനനവും തമിഴ്‌നാട്ടില്‍ നിന്നുള്ള ചൂടുകാറ്റ് വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് കേരളത്തെ മരുവല്‍ക്കരണത്തിന്റെ പിടിയിലാക്കും. കേരളീയ പാരമ്പര്യവും ആര്‍ഷഭാരത സംസ്‌കാരവും മനസ്സിലാക്കാതെ പ്രകൃതിവിഭവകൊള്ളയാണ് സംസ്ഥാനത്തെ മുന്നണികളുടെ ലക്ഷ്യമെങ്കില്‍ അത് ജനങ്ങള്‍ എതിര്‍ത്ത് തോല്‍പ്പിക്കും. കേരളത്തിലെ പശ്ചിമഘട്ട സംരക്ഷണ തീരുമാനം കേന്ദ്ര സര്‍ക്കാരിന് ഹരിത ട്രിബ്യൂണല്‍ വിട്ടിരിക്കുന്നതു കാരണം കേരളത്തിലെ മുന്നണികള്‍ക്ക് കുറ്റപ്പെടുത്തുവാന്‍ ഇനി കേന്ദ്ര സര്‍ക്കാരായി. ഇത് ബാലിശവുമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പശ്ചിമഘട്ട സംരക്ഷണ വിരുദ്ധ സമരങ്ങളുടെ യഥാര്‍ത്ഥ ചിത്രം അന്വേഷണത്തിലൂടെ പുറത്തുവരണം. പശ്ചിമഘട്ടത്തിന്റെ അമിതചൂഷണത്തിനായി മുന്നണികള്‍ കൂട്ടുനില്‍ക്കുന്നത് ലജ്ജാകരമാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതില്‍ പ്രധാന പങ്ക് പശ്ചിമഘട്ടത്തിനാണ്. ഈ പശ്ചിമഘട്ടം സംഘടിതമായി നശിപ്പിച്ചല്ലാതാക്കാനും കൈക്കലാക്കാനും ശ്രമിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് കേരളത്തിലെ ഇരുമുന്നണികളും. അതുകൊണ്ട് പശ്ചിമഘട്ട വികസനം പ്രാദേശിക ജനത തീരുമാനിക്കുവാനും പശ്ചിമസംരക്ഷണം ശാസ്ത്രീയമായി നടപ്പാക്കുവാനും നിര്‍ദ്ദേശിച്ച പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറണം. ഗുണ്ടായിസത്തിലൂടെ ഹൈറേഞ്ച് സ്വന്തമാക്കുവാനുള്ള കുത്സിത ശ്രമങ്ങളെ നിയമവാഴ്ചയിലൂടെ അറുതിവരുത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.