ആശയുടേത് വേറിട്ട വഴിപാട്

Monday 29 September 2014 2:21 am IST

തിരുവനന്തപുരം: നവരാത്രി നാളില്‍ ആശയുടേത് വേറിട്ട വഴിപാടുകള്‍. കുടുംബാംഗങ്ങളുടെ ഇഷ്ടദേവന്മാരുടെ മുന്നില്‍ അഭ്യസിച്ച കല സമര്‍പ്പിക്കുക. ശ്രീകണ്‌ഠേശ്വരം ശിവന്‍, ചോറ്റാനിക്കര ദേവി,  ഗുരുവായൂര്‍ കണ്ണന്‍ എന്നിവരുടെ മുന്നിലാണ് ആശ നൃത്തവും സംഗീതവും സമര്‍പ്പിക്കുന്നത്. അതും നവരാത്രി നാളിലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വഴിപാടായി. പ്രമുഖ പ്രവാസി മലയാളി മന്മഥന്‍നായരുടെ മകള്‍ ആശ അമേരിക്കയില്‍ അറിയപ്പെടുന്ന നര്‍ത്തകിയാണ്. ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനിയാട്ടവുമൊക്കെ ഭാവഗാംഭീര്യത്തോടെയും വികാരതീവ്രതയോടെയും കാഴ്ചക്കാരിലേക്ക് പകര്‍ന്നാടുന്ന കലാകാരി. നൃത്തത്തിനൊപ്പം ശാസ്ത്രീയസംഗീതത്തിലൂടെയും അനുവാചക ഹൃദയങ്ങളില്‍ ഇടംപിടിക്കുന്ന ആശ പ്രവാസി മലയാളി വേദികളില്‍ സാന്നിധ്യമാണ്. ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രസന്നിധിയില്‍ ആശയുടെ കുച്ചുപ്പുടി പ്രൗഡസദസ്സിന് മുന്നിലാണ് അവതരിപ്പിച്ചത്. പ്രൊഫഷണല്‍ നര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനം. ഇന്നലെ ആശയുടെ ശാസ്ത്രീയ സംഗീതവും ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ന് വൈകിട്ട് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലാണ് നൃത്തം അവതരിപ്പിക്കുക. നാളെ ഇവിടെ തന്നെ ശാസ്ത്രീയ സംഗീത കച്ചേരിയും നടത്തും. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ചയാണ് നൃത്തവും സംഗീതവും അവതരിപ്പിക്കുക. കാസറ്റുകള്‍ ഒന്നും ഇല്ലാതെ പരമ്പരാഗത രീതിയിലുള്ള പാട്ടും പക്കമേളവും ഒക്കെ ഉപയോഗിച്ച് നടത്തുന്ന നൃത്തം പൂര്‍ണമായി വഴിപാടായിട്ടാണ് ഓരോ ക്ഷേത്രത്തിലും നടത്തുന്നത്. ''അമ്മയുടെ ഇഷ്ടദേവനാണ് ശിവന്‍. നടരാജ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലൊന്നായ ശ്രീകണ്‌ഠേശ്വരത്ത് നൃത്തവും സംഗീതവും നടത്തണമെന്നത് വളരെ നാളത്തെ ആഗ്രഹമായിരുന്നു. എനിക്കിഷ്ടം ചോറ്റാനിക്കരദേവിയാണ്. അച്ഛന്‍ ഗുരുവായൂരപ്പ ഭക്തനും. വിജയദശമിനാളില്‍ മൂന്നു ക്ഷേത്രങ്ങളിലും കലാപ്രകടനം കാഴ്ചവയ്ക്കുന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.'' - ആശ ജന്മഭൂമിയോടു പറഞ്ഞു. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും, ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റുമായ കെ.ജി.മന്മഥന്‍ നായരുടെയും രാധയുടെയും മകളായ ആശ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എംബിഎയ്ക്ക് പഠിക്കുകയാണ്. ഭര്‍ത്താവ് പ്രജിത്തും ഡോക്ടറാണ്. മൂന്നുക്ഷേത്രത്തിലും നടത്തുന്ന വഴിപാടിന് പുറമെ ഒക്‌ടോബര്‍ 2 ന് കരുനാഗപ്പള്ളി മുറ്റുംപുഴദേവീക്ഷേത്രത്തിലും 3 ന് മുക്കുംപുഴ ശിവക്ഷേത്രത്തിലും ആശയുടെ സംഗീത-നൃത്തസന്ധ്യയുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.