ഗീതാസന്ദേശങ്ങളിലൂടെ..

Monday 27 June 2011 10:21 pm IST

എല്ലാത്തരം മനുഷ്യരും വികാരത്തിന്നടിമയാകുമ്പോഴും വിചാരത്തിന്നടിമയാകുമ്പോഴും അവരുടെ മനസ്സിലുണ്ടാകാനും ഇടക്കുവളരാനും സാദ്ധ്യതയുള്ള (കാമവും ക്രാധവും) ആഗ്രഹങ്ങളും വാശിയുമാണ്‌ അവരെക്കൊണ്ട്‌ അധാര്‍മികവും അന്യായവുമായ പലതും ചെയ്യിക്കുന്നത്‌. മറ്റൊരത്ഥത്തില്‍ പലതരം പ്രവൃത്തിയും ചെയ്യിക്കുന്നത്‌. കാമവും ക്രോധവും അവരുടെ മനസ്സിനേയും ബുദ്ധിയേയും ജ്ഞാനത്തേയും പലവിധത്തില്‍ ബാധിക്കുന്നു. ചിലപ്പോള്‍ വ്യക്തിയുടെ സമഗ്രജ്ഞാനത്തെ, ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭത്താലവരണം ചെയ്തിരിക്കുന്നതുപോലെ, അജ്ഞാനം പൂര്‍ണമായും മറയ്ക്കുന്നു. ചിലപ്പോള്‍ കണ്ണാടിയില്‍ പൊടിപിടിച്ചിരിക്കുന്നതുപോലെ, അജ്ഞാനം ഭാഗികമായി മറയ്ക്കുന്നു. ചിലപ്പോള്‍ അഗ്നിയെ പുക ആവരണം ചെയ്തിരിക്കുന്നതുപോലെ ഉപരിപ്ലവമായും ആവരണം ചെയ്തിരിക്കും. ജ്ഞാനികളില്‍ കാമവും ക്രോധവും അതിശക്തമായി ഏറെക്കാലം നിലനില്‍ക്കില്ല. കാമക്രോധത്തിന്റെ ആവരണം അഗ്നിയെ വലയം ചെയ്തിരിക്കുന്ന പുകപോലെ ജ്ഞാനികളുടെ മനസ്സില്‍നിന്ന്‌ എളുപ്പത്തില്‍ മാറ്റാവുന്നതാണ്‌. കാമം ക്രോധം എന്നീ ശത്രുക്കളധിവസിക്കുന്നത്‌ നമ്മുടെ ഇന്ദ്രിയങ്ങളിലും മനസ്സിലും ബുദ്ധിയിലുമാണ്‌. അതുകൊണ്ട്‌ മനുഷ്യനിലെ നന്മകളെ കാമവും ക്രോധവും കിഴ്പ്പെടുത്താതിരിക്കാന്‍ ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കണം. അവയെ നിയന്ത്രിക്കാത്തവന്റെ ജ്ഞാനവിജ്ഞാനത്തെ കാമവും ക്രോധവും ദഹിപ്പിച്ചുകളയുന്നു. അതിനാല്‍ ഓര്‍മിക്കേണ്ടത്‌, ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട്‌ നിയന്ത്രിക്കുക. മനസ്സിനെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കുക. ബുദ്ധിയെ ആത്മനിയന്ത്രണംകൊണ്ട്‌ നിയന്ത്രിക്കുക. ഇത്രയും സാധിച്ചാല്‍ ഈ ലോകത്തിലെ ആരും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയില്ല. അമിതാഗ്രഹങ്ങളേയും ദേഷ്യത്തേയും നിയന്ത്രിക്കാനുള്ള പരിശീലനമാണ്‌ നല്‍കേണ്ടത്‌. മനുഷ്യസമൂഹത്തിലെ ധര്‍മവാസന കുറയുകയും അധര്‍മവാസന കൂടുകയും ചെയ്താല്‍ പ്രകൃതി തന്നെ ധര്‍മത്തെ പുനസ്ഥാപിച്ച്‌, നന്മകളേയും നന്മ ചെയുന്നവരേയും നിലനിര്‍ത്തി പ്രപഞ്ചത്തിന്റെ ഭാവരാഗതാളങ്ങള്‍ സന്തുലിതമാക്കുന്നു.