തൂപ്പുകാരിയില്‍ നിന്ന് പ്രധാന അദ്ധ്യാപികയിലേക്ക്

Tuesday 30 September 2014 9:41 pm IST

സ്വപ്‌നങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ലന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍സി ടീച്ചറുടെ അദ്ധ്യാപന ജീവിതം. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടത്തിയ പ്രയത്‌നമാണ് കെ.ഡി.എല്‍സി എന്ന തൂപ്പുകാരിയെ എല്‍സി ടീച്ചര്‍ എന്ന പ്രധാന അദ്ധ്യാപികയാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ പരേതരായ വടക്കേത്തല കണ്ണമ്പുഴ ദേവസി-കത്രീന ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവളായ എല്‍സിക്ക് അദ്ധ്യാപനവൃത്തി കൈയ്യെത്താത്ത ദൂരത്തായിരുന്നു. ബാന്റ് മാസ്റ്ററും വയലില്‍ വിദഗ്ധനുമായ അപ്പന്റെ പാത പിന്‍തുടരാനായിരുന്നില്ല എല്‍സിക്കു താല്‍പ്പര്യം. പഠിച്ചു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹം ഉള്ളില്‍ കലശലായെങ്കിലും കുടുംബ സാഹചര്യം മൂലം പത്താം തരത്തില്‍ പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കി. ചെറുപ്രായത്തില്‍ത്തന്നെ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. പറമ്പിലും പാടത്തും പണിയെടുത്തും പറമ്പുകളിലെ ചവറുകള്‍ അടിച്ചുകൂട്ടി കത്തിച്ച് ചാരമാക്കി വിറ്റും, ഒരു വര്‍ഷം കഴിച്ചുകൂട്ടി. അതിനിടിയിലാണ് ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാം എന്ന ചിന്ത ഉടലെടുത്തത്. ട്യൂഷന്‍ ആരംഭിച്ചതോടെ വീണ്ടും പഠിക്കണമെന്ന മോഹം ഉണ്ടായി. അങ്ങനെ പ്രീഡിഗ്രി എഴുതിയെടുത്തു. 1981 ല്‍ ടൈപ്പ്‌റേറ്റിങ്ങും ഷോര്‍ട്ട്ഹാന്റും ഒരുമിച്ച് പാസ്സായി. പിന്നീടാണ് സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നത്. ആദ്യ വര്‍ഷം പരീക്ഷ എഴുതുന്നതിന് മുമ്പായി കുറച്ചു കാലം സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്തു. 1985ല്‍ തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായിട്ടായിരുന്നു നിയമനം. വീട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഡിപ്ലോമ എന്ന സ്വപ്‌നം പാതിവഴിക്ക് ഉപേക്ഷിച്ചു. രണ്ടുമാസത്തിനു ശേഷം ചെവ്വൂര്‍ സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലേക്ക് മാറ്റമായി. ഒപ്പം സ്ഥിരം നിയമനവും. പത്തര വര്‍ഷമാണ് ആ സ്‌കൂളില്‍ സേവനമനുഷ്ഠിച്ചത്. പ്യൂണായിട്ടായിരുന്നു പിന്നീടുള്ള ഉയര്‍ച്ച.1996 മുതല്‍ മൂന്നു സ്‌കൂളുകളിലായി മൂന്നരവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ക്ലര്‍ക്കായി. മായന്നൂര്‍, വരന്തരപ്പിള്ളി, മണ്ണംവേട്ട സ്‌കൂളിലായി മൂന്നു വര്‍ഷം ക്ലര്‍ക്കായി സേവനം അനുഷ്ഠിച്ചു. മായന്നൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ വെച്ചാണ് ടിടിസിക്ക് ചേരാന്‍ തീരുമാനിച്ചത്. നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനുള്ള ക്വാട്ടയില്‍ പ്രവേശനവും കിട്ടി. നാല്‍പ്പതാം വയസ്സില്‍ ടീച്ചര്‍ പഠനത്തിനു പോകുന്നതിനെ പരിഹാസിക്കാനും ആളുകളുണ്ടായിരുന്നു. 2003 ല്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ അസിസ്റ്റന്റ് തസ്തികയില്‍ അദ്ധ്യാപികയായുള്ള ആദ്യ നിയമനം. രണ്ടരമാസത്തിനു ശേഷം പുതുക്കാട് സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളിലേക്ക് സ്ഥലം മാറ്റം. അവിടെ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. നാലുകൊല്ലം വരന്തരപ്പിള്ളി സി ജെ എം എച്ച് എസി ല്‍ യു പി അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് 2011 ല്‍ പ്രധാന അദ്ധ്യാപികയായി നിയമിക്കപ്പെടുന്നത്. വെണ്ടോര്‍ സെന്റ് സേവ്യര്‍സ് എല്‍ പി സ്‌കൂളിലായിരുന്നു അത്. പൊന്നൂര്‍ എല്‍ എഫ്, പാലിശേരി എ എല്‍ പി എസ് എന്നിവിടങ്ങളിലും പ്രധാന അദ്ധ്യാപികയായിരുന്നു. അദ്ധ്യാപന വൃത്തിയില്‍ മതിയായ സേവനകാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍  പ്രധാന അധ്യാപികയുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന ഒരു പരാതി ടീച്ചര്‍ക്കുണ്ട്. ഇപ്പോള്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയാണ്. ഭര്‍ത്താവ് ഔസേപ്പും മക്കളായ റോസ്മി, റോയ്, റോബിന്‍, റോസന്‍ എന്നിവരുമടങ്ങുന്ന കുടുംബം കാരംകുളംകടവിലാണ് താമസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.