യൂത്ത്ഫ്രണ്ടിന്റെ സുവര്‍ണജൂബിലി സമ്മേളനം; ജോസ് കെ. മാണിയുടെ സ്ഥാനാരോഹണവേദിയാക്കി

Tuesday 30 September 2014 9:58 pm IST

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി യൂത്ത്ഫ്രണ്ട് എം കോട്ടയത്ത് നടത്തിയ സംസ്ഥാന റാലിയും സമ്മേളനവും ജോസ് കെ. മാണി പാര്‍ട്ടിയിലെ രണ്ടാമന്‍ ആകുന്നതിന്റെ സൂചനയായി. നേരത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ജോസ് കെ. മാണിയുടെ പേരില്‍ നോട്ടീസ് നടത്തിയത് ചര്‍ച്ചയായിരുന്നു. യുവജനറാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ആണ് നയിച്ചതെങ്കിലും റാലിയുടെയും സമ്മേളനത്തിന്റെയും പൂര്‍ണനിയന്ത്രണം ജോസ് കെ. മാണി ഏറ്റെടുത്തു. സമ്മേളനവേദിയിലും മുഴങ്ങിക്കേട്ടത് ജോസ് കെ. മാണിയുടെ പേര് മാത്രമാണ്. സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള അനൗണ്‍സ്‌മെന്റില്‍ ജോസ് കെ. മാണിയെ വര്‍ണിക്കാന്‍ യുവനേതാക്കള്‍ മത്സരിക്കുകയായിരുന്നു. വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും സി.എഫ്. തോമസ്, പി.സി. ജോര്‍ജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എത്തിയതിനുശേഷവും ജോസ് കെ. മാണിയെ പാടിപ്പുകഴ്ത്തുന്നത് തുടര്‍ന്ന്. അതിന്റെ നീരസം പി.ജെ. ജോസഫിന്റെയും പി.സി. ജോര്‍ജിന്റെയും മുഖത്ത് ദൃശ്യമായിരുന്നു. സമ്മേളനം ജോസ് കെ. മാണിയുടെ ആമുഖപ്രസംഗത്തോടെയാണ് ആരംഭിച്ചത്. ആമുഖപ്രസംഗവും ചെയര്‍മാന്റെ ഉദ്ഘാടനവും കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ പകുതിയിലധികവും പിരിഞ്ഞുപോയി. ഇതോടെ പിജെ. ജോസഫും പി.സി. ജോര്‍ജും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രസക്തിയില്ലാതായി. യൂത്ത്ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രഹാം എംപിയും പാര്‍ട്ടി എംഎല്‍എമാരും അടക്കമുള്ള സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും വേദിയിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.