കൈയേറ്റമാഫിയയുടെ ഗാഡ്ഗില്‍ വിരുദ്ധ മുഖത്തിന് പിന്നിലെന്ത്?

Wednesday 1 October 2014 10:00 am IST

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്  സ്വസ്ഥമായ ജീവിതമാഗ്രഹിക്കുന്ന മലയോരജനതക്ക് ഒരു വഴികാട്ടിയാണ്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ മുതല്‍ മലയോര മേഖലകളുടെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ കണക്കിലെടുത്ത് മണ്ണിനെയും പ്രകൃതിയെയും വിശദമായി അപഗ്രഥിച്ചാണ് അദ്ദേഹം തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്രഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം എന്തുമായിക്കൊള്ളട്ടെ 'മാധവ് ഗാഡ്ഗില്‍' കമ്മറ്റി റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ഏവര്‍ക്കും അംഗീകരിക്കേണ്ടിവരും. ചരിത്രാതീതകാലം മുതല്‍ വലിയ പോറലേല്‍ക്കാതെ നമ്മുടെ ജനത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവന്ന പശ്ചിമഘട്ട മേഖല ഇന്ന് ഹെക്ടറുകള്‍ വെട്ടിപ്പിടിക്കുകയും അതിന്റെ പേരില്‍ പട്ടയം സമ്പാദിക്കുകയും ചെയ്യുന്ന വന്‍കിട കയ്യേറ്റമാഫിയയാണ് 'കര്‍ഷകരുടെ പേരില്‍' പശ്ചിമഘട്ടത്തില്‍ ജനങ്ങളെ തെരുവിലിറക്കുന്നത്. ആയിരക്കണക്കിന് പാറമടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച്, രാസവസ്തുനിര്‍മ്മാണ ഫാക്ടറികള്‍ മാലിന്യങ്ങള്‍ നിര്‍ബാധം ഒഴുക്കിവിട്ട് പരിസ്ഥിതിയെയും വരുംതലമുറകളുടെ ജീവിത സുരക്ഷയെയും തുലാസിലാക്കുകയാണ്. ഇതിന്റെ പിന്നില്‍ ആരായിരുന്നാലും അവരുടെ സാമ്പത്തികസ്രോതസ്സ് കണ്ടുപിടിച്ച് ഫോറിന്‍ ഫണ്ടിംഗ് ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടുകതന്നെ വേണം. പണത്തിന്റെയും കയ്യൂക്കിന്റെയും മതരാഷ്ട്രീയത്തിന്റെയും ഹുങ്കിന് വളംവച്ചുകൊടുക്കുന്ന തീരുമാനങ്ങള്‍ പരാജയപ്പെടുത്തുകതന്നെ വേണം. നീതിന്യായ കോടതികളും അവസരത്തിനൊത്തുയര്‍ന്നാലേ നമ്മുടെ നാടിന്റെ ഇന്നത്തെ ദുരിതാവസ്ഥക്കൊരു പരിഹാരമാവൂ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും നമുക്കൊന്ന് പരിശോധിക്കാം. ഇടതുപക്ഷവും കേരളാ കോണ്‍ഗ്രസും ഒരുവിഭാഗം രൂപതകളും പിന്തുണക്കുന്ന അക്രമാസക്തമായ ഗാഡ്ഗില്‍ കമ്മറ്റി വിരുദ്ധ പ്രക്ഷോഭവും ഗവണ്‍മെന്റുകളെ 'ക്ഷ' വരപ്പിക്കുന്ന പരിസ്ഥിതിനയ വിരുദ്ധ പ്രക്ഷോഭങ്ങളും നിയമം കയ്യിലെടുക്കുന്ന നിയമവിരുദ്ധരുടെ മുഷ്‌ക്കായിതന്നെ കണ്ട് നേരിടേണ്ടതുണ്ട്. 'ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി ഇതു നിന്റെ-എന്റെയും ചരമശുശ്രൂഷക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം' എന്ന് കരളുരുകിപ്പാടിയ കേരളത്തിന്റെ പ്രിയങ്കരനായ കവി ഒ.എന്‍.വി. കുറുപ്പിനെപ്പോലും അവമതിച്ചുകൊണ്ടുള്ള സമരങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെന്തെന്ന് ഇനിയുള്ള വസ്തുതകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാവും. അതിരപ്പിള്ളി-വാഴച്ചാല്‍ വൈദ്യുതപദ്ധതി നടപ്പാക്കല്‍, അനിയന്ത്രിതമായ പാറപൊട്ടിക്കല്‍, അനിയന്ത്രിതമായ ഭൂമികയ്യേറ്റം, റിസോര്‍ട്ട്, കള്ളത്തടി മാഫിയ, വനംതടി വ്യാപകമായി മുറിച്ചുകടത്തല്‍, ആനത്താര കയ്യേറ്റം, ആദിവാസികളെയും മറ്റും മദ്യത്തിനും സെക്‌സിനും അടിമകളാക്കി ഭൂമി തട്ടിയെടുക്കുക, റിസോര്‍ട്ടുകളില്‍ ആദിവാസി പെണ്ണുങ്ങളെ സെക്‌സിനായി ഉപയോഗിക്കുക, മലയോര മേഖല തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരുവിഭാഗം ഹിന്ദു ജാതീയ സംഘടനയുടെ പിന്‍ബലത്തോടെ മുതലാളിത്ത ക്രിസ്ത്യന്‍-ജമാ അത്ത് ഇസ്‌ലാമി മുന്നണിയുടെ കൈപ്പിടിയിലൊതുക്കുക. കേരളത്തിലെ 60 ശതമാനം വ്യവസായവും തൊഴില്‍നിക്ഷേപ മേഖലകളും കൈപ്പിടിയിലൊതുക്കിയ ന്യൂനപക്ഷ മതനേതൃത്വത്തിന്റെ ഭരണഘടനക്കും രാജ്യത്തെ നിയമവ്യവസ്ഥക്കും നേരെയുള്ള സംഘടിത വെല്ലുവിളിയാണ് തീവ്രമായ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. നിരായുധരായ വന്യമൃഗങ്ങളെവരെ ജീവനോടെ ചുട്ടുകൊന്ന് തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണിവര്‍. അതിരപ്പിള്ളി, വാഴച്ചാല്‍ ജലവൈദ്യുതപദ്ധതി പ്രദേശത്തിന്റെ പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങള്‍ (പേജ് 84, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്). (1) കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളില്‍ 104 ഇനങ്ങള്‍ ചാലക്കുടിപുഴയിലുണ്ട്. ഇവയില്‍ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇനങ്ങളും വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉള്‍പ്പെടുന്നു. (2) 210 ഇനം ശുദ്ധജലമത്സ്യങ്ങളില്‍ 23 ഇനങ്ങള്‍ ചാലക്കുടിപ്പുഴയില്‍ മാത്രമുള്ളവയാണ്. (3) ചാലക്കുടി പുഴയിലുള്ള 99 ഇനം മത്സ്യങ്ങളില്‍ 68 ഇനങ്ങളും കാണുന്നത് അതിരപ്പിള്ളി പദ്ധതിപ്രദേശത്താണ്. (4) ചാലക്കുടിപ്പുഴ ഒരു മത്സ്യസങ്കേതമാണ്. ചിലയിനം മത്സ്യങ്ങള്‍ പുഴയില്‍ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റു ചിലവ താഴേക്കും കുടിയേറി അവയുടെ ജീവിത ചംക്രമണം പൂര്‍ത്തിയാക്കുന്നു. അണക്കെട്ട് നിര്‍മ്മാണം ഇവയുടെ നിലനില്‍പ്പ് പ്രത്യക്ഷത്തില്‍ ഇല്ലാതാക്കും. (5) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 'പ്രൊജക്ട് എലിഫെന്റ്' ആയി നിര്‍ണയിച്ചിട്ടുള്ള എലിഫന്റ് റിസര്‍വ്വ്-9 ല്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതിപ്രദേശം മുഴുവന്‍. (6) ആനകളുടെ കുടിയേറ്റ പാത; പറമ്പിക്കുളത്തുനിന്ന് പൂയംകുട്ടി വനത്തിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ആനകള്‍ സഞ്ചരിക്കുന്ന മാര്‍ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാവും. (7) പശ്ചിമഘട്ടത്തില്‍ വംശനാശം നേരിടുന്നതും അപൂര്‍വ്വം കാടുകളില്‍ മാത്രം കാണുന്നതുമായ സിംഹവാലന്‍ കുരങ്ങുകള്‍ ഈ പുഴക്കരയിലെ കാടുകളിലാണ് 13 എണ്ണമുള്ള കൂട്ടമായി കാണപ്പെടുന്നത്. (8) വംശനാശഭീഷണി നേരിടുന്ന ആമകള്‍ കൂടുതലുള്ള ഏകസ്ഥലം ഇതാണ്. (9) ജൈവവൈവിധ്യത്താലും തദ്ദേശീയവും അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജീവജാല സമ്പന്നമായ 28.4 ഹെക്ടര്‍ പുഴയോരകാടുകളാണ് അണക്കെട്ടും അനുബന്ധ പ്രവര്‍ത്തനങ്ങളുംമൂലം നശിച്ചുപോവുക. (10) വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ 413 ച.കി.മീറ്ററില്‍ സ്ഥിതിചെയ്യുന്ന 8 കാടര്‍ വനവാസി ഊരുകളുണ്ട്. ഇതില്‍ 56 കുടുംബങ്ങളുള്ള വാഴച്ചാല്‍, 23 കുടുംബങ്ങളുമുള്ള പൊകലപ്പാറ ഊരുകള്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പരിധിക്കുള്ളിലാണ്. (11) 56 കുടുംബങ്ങളുള്ള വാഴച്ചാല്‍ ഗിരിവര്‍ഗ്ഗ ഊര്, ഗിരിവര്‍ഗ്ഗ സഹകരണസംഘം, െട്രെബല്‍ റസിഡന്‍ഡ്യല്‍ സ്‌കൂള്‍ എന്നിവ അണക്കെട്ടിന് 400 മീറ്റര്‍ ഉള്ളിലാണുള്ളത്. 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഗിരിവര്‍ഗ്ഗ ഊര് ജലസംഭരണിയുടെ അതിരിലാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ കൊല്ലാനുദ്ദേശിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പച്ചക്കൊടി കാട്ടലാകും മലയോര മുതലാളിത്ത മാഫിയയുടെ സഹകരണത്തോടെയുള്ള വന്‍പ്രക്ഷോഭങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നെന്ന കാര്യം വിസ്മരിച്ചുകൂടാ. ഇതൊക്കെ പരിഗണിച്ച 2001 ഒക്‌ടോബര്‍ 17ലെ കേരള ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധേയമാണ്. ''ലക്ഷ്യമിട്ട വൈദ്യുതി ഉല്‍പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂര്‍ണ ഉല്‍പാദനശേഷി വീണ്ടെടുക്കുക. വിതരണനഷ്ടം പരമാവധി കുറയ്ക്കുക. വൈദ്യുതി മോഷണം തടയുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ആണ് ചെയ്യേണ്ടത്. അതുകൊണ്ട് കോടതി അതിരപ്പിള്ളി വാഴച്ചാല്‍ പ്രദേശം സംരക്ഷിക്കാനും നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നിഷേധിക്കാനും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് ശുപാര്‍ശ െചയ്യുന്നു. മാത്രവുമല്ല ചാലക്കുടിപ്പുഴയെ ഒരു മത്സ്യവൈവിധ്യ സമ്പന്ന മേഖലയായി പ്രഖ്യാപിച്ച് കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിധ്യ പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയില്‍ സംരക്ഷിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.'' ഗാഡ്ഗില്‍ കമ്മറ്റി കണ്ടെത്തിയ പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങളും ചുവടെ ചേര്‍ക്കുന്നു. (1) തദ്ദേശവാസികളെ കൂട്ടത്തോടെ പലായനംചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ തികച്ചും സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുള്ള ചെറുപട്ടണങ്ങള്‍ നിര്‍മ്മിക്കുവാന്‍ മലയോര പൊതുസ്ഥലങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് വില്‍ക്കുന്നത് സാമൂഹിക നന്മ എന്ന ഗണത്തില്‍പ്പെടുത്തി ന്യായീകരിക്കാനാവുമോ? (2) നഗരവികസനം, മലയോര സുഖവാസകേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവയുടെ വികസനത്തിനുവേണ്ടി സഹ്യാദ്രിയിലെ കന്യാവനങ്ങളും നീര്‍മറി പ്രദേശങ്ങളും വിട്ടുനല്‍കാനാവുമോ? (3) ആംബിവാലി, ലവാഢ പദ്ധതികള്‍ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ പോലെയാണ്. ആയിരക്കണക്കിന് ഏക്കര്‍ പശ്ചിമഘട്ട വനങ്ങളാണ് ഇതിനുവേണ്ടി വെട്ടിവെളുപ്പിക്കുന്നത്. സ്വകാര്യകമ്പനികളുടെ നിയമമാണ് ഇവിടെ നടപ്പിലാക്കുന്നത്. കൃഷ്ണ, കാവേരി എന്നീ നദികളുടെ ഉപരിജലവും ഭൂഗര്‍ഭജലവും ഒരുപോലെ ഊറ്റിക്കൊണ്ടിരിക്കുന്നു. കനത്ത ജലചൂഷണംമൂലം സമുദ്രത്തില്‍ പതിക്കുന്നതുവരെ (ബംഗാള്‍ ഉള്‍ക്കടല്‍) നീരൊഴുക്ക് നിലനിര്‍ത്താന്‍ ഈ നദികള്‍ ഏറെ ക്ലേശിക്കുകയാണ്. (5) ശരാവതി, നേത്രാവതി, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ 100 ഓളം നദികളുടെ താഴേക്കുള്ള ഒഴുക്ക് ദുര്‍ബ്ബലമായതുമൂലം ഇടനാടുകള്‍ പോലും ഒാരുവെള്ളത്തിന്റെ ഭീഷണിയിലാണ്. കടുത്ത വേനല്‍മാസങ്ങളില്‍ ഓരുവെള്ളം മൂലം കുടിവെള്ളത്തില്‍ ഉപ്പുകലരുന്നതും കൃഷിനാശവും കേരളത്തില്‍ പതിവായിരിക്കുന്നു. (6) പശ്ചിമഘട്ട മേഖലകളില്‍ തടിവ്യവസായം, നദീതട പദ്ധതികള്‍, തോട്ടങ്ങള്‍ എന്നിവക്കുവേണ്ടി നദികളുടെ ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങൡലുള്ള വനങ്ങള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നദികള്‍ക്ക് ജലവും ഉറവയും നല്‍കുന്ന ചെറുനീര്‍ച്ചാലുകള്‍ തന്മൂലം ശോഷിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യാനിടയാവുന്നു. (7) ഇടുക്കി അണക്കെട്ടില്‍ മഴക്കാലത്ത് ലഭിക്കുന്ന അധികജലം ഒഴുക്കിവിടാനുള്ള സ്പില്‍വേ പോലും കേരളസര്‍ക്കാര്‍ നിര്‍മിച്ചിട്ടില്ല. അണക്കെട്ടിലെ ജലം കേരളത്തിലെ ജലസേചനത്തിനായി ഉപയോഗപ്പെടുത്താന്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളോ ചെറുകിട ജലവൈദ്യുത പദ്ധതികളോ കേരളം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. (8) ജലസ്രോതസ്സുകള്‍ക്കടുത്ത് (പൊക്കം കുറഞ്ഞ പ്രദേശങ്ങള്‍, മധ്യഭാഗഭൂമി) ധാതു അയിരുകള്‍ക്കും ഗ്രാനൈറ്റിനും വെട്ടുകല്ലിനും വേണ്ടിയുള്ള ഖനനം ജലത്തിന്റെ ലഭ്യതയെയും റീചാര്‍ജിനെയും പ്രതികൂലമായി ബാധിക്കുന്നു. (9) ആസൂത്രണമില്ലാത്ത ഖനനംമൂലം പരമ്പരാഗത ജലസേചന സംവിധാനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുദാഹരണങ്ങളാണ് ദക്ഷിണ കര്‍ണാടകത്തിലും ഉത്തരകേരളത്തിലും 'സുരംഗം' എന്ന പേരില്‍ കല്ലുമലകളില്‍ നിലനിന്നിരുന്ന ജലസേചന സംവിധാനം. പശ്ചിമഘട്ട നദികളായ ചന്ദ്രഗിരി, വളപട്ടണം, നേത്രാവതി എന്നിവ ഈ കല്ലുമലകളില്‍ റീചാര്‍ജ് ചെയ്യപ്പെടുന്ന ജലത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവയാണ്. (10) നീലഗിരിയില്‍ ഫലഭൂയിഷ്ടമായ, ജലസമ്പന്നമായ ചതുപ്പുകള്‍ കീടനാശിനിയിലധിഷ്ഠിതമായ കൃഷിക്കും ഗ്രീന്‍ഹൗസ് ഫാമുകള്‍ നിര്‍മ്മിക്കാനും ഭവനനിര്‍മ്മാണത്തിനും മറ്റുമായി രൂപാന്തരെപ്പടുത്തിയിരിക്കുകയാണ്. (11) മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കാലു അണക്കെട്ട് പദ്ധതി മൂലം വെള്ളത്തിനടിയിലാകുന്ന മുഴുവന്‍ പ്രദേശവും ഗിരിവര്‍ഗ്ഗ ഉപപദ്ധതി മേഖലയില്‍പ്പെട്ട പ്രദേശമാണ്. ബന്ധപ്പെട്ട നിയമപ്രകാരം ഇതിന് ഗ്രാമസഭകളുടെ അനുമതി ആവശ്യമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഭൂരിഭാഗം ഗ്രാമസഭകളും എതിര്‍ത്തിട്ടും ഗവണ്‍മെന്റ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇവിടെ അധിവസിക്കുന്ന പട്ടികവര്‍ഗ്ഗ-പരമ്പരാഗത വനവാസി ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയാണ് അവരെ കൈവശ വനഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നത്. ഇത് 2006 ല്‍ എഫ്ആര്‍ ആക്ട് സെക്ഷന്‍ 4 സബ്‌സെക്ഷന്‍ 5 പ്രകാരം കുറ്റകരമാണ്. എന്നിട്ടും ഇവിടെ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.