വിദ്യാദേവതയെ പ്രണമിച്ച്‌ കുരുന്നുകള്‍ ഹരിശ്രീകുറിച്ചു.

Friday 7 October 2011 12:11 am IST

കൊച്ചി: വിദ്യപകരുന്ന വെളിച്ചം തേടി കുരുന്നുകള്‍ ക്ഷേത്രസമുച്ചയത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ണ്ണം കൊണ്ട്‌ നാവില്‍ കുറിക്കുന്ന അക്ഷരങ്ങള്‍ ഉരുവിട്ട്‌ ഉണക്കലരിയില്‍ കുരുന്നു വിരലുകൊണ്ട്‌ ഹരിശ്രീ കുറിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ എല്ലാ ക്ഷേത്രത്തിലെയും സരസ്വതീമണ്ഡപത്തില്‍ ഗ്രന്ഥപൂജയൂം വിദ്യാരംഭവും നടത്തി. ദീപാരാധനയും തൃമധുരനിവേദ്യവും സംഗീതാരാധനയൂം വിധിയാംവണ്ണം നടന്നു. മനസ്സിന്റെ മണിമുറ്റത്തേക്ക്‌ അക്ഷരത്തെ ആവാഹിച്ചെടുക്കുന്ന ഗുരുക്കന്മാരുടെ അനുഗ്രഹം തേടി ആയിരങ്ങളെത്തി. തൃപ്പൂണിത്തുറ: മൂകാംബികാ സരസ്വതീ സാന്നിധ്യവും ലക്ഷ്മീനാരായണമൂര്‍ത്തിയുടെ സ്വയംഭൂവായ രുദ്രാക്ഷശിലയും കൊണ്ട്‌ അനുഗൃഹീതമായ ചോറ്റാനിക്കര ഭഗവതീക്ഷേത്രത്തില്‍ ആയിരങ്ങള്‍ ഹരിശ്രീ കുറിക്കാനെത്തി. രാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടു. രാവിലെ പന്തീരടി പൂജയ്ക്ക്‌ പുലിയന്നൂര്‍ പ്രശാന്ത്‌ നാരായണന്‍ നമ്പൂതിരിപ്പാടും തുടര്‍ന്ന്‌ നടന്ന സരസ്വതീപൂജയ്ക്ക്‌ മേല്‍ശാന്തി വെങ്കിട്ടന്‍ എമ്പ്രാന്തിരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്‌ കിഴക്കേ നടപ്പുരയില്‍ കീഴ്ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ പത്ത്‌ വൈദിക ബ്രാഹ്മണര്‍ ഹരിശ്രീ കുറിക്കാന്‍ ഉണ്ടായിരുന്നു. കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട്‌ പ്രണവമന്ത്രം എഴുതി ചൂണ്ടാണിവിരല്‍കൊണ്ട്‌ പ്രത്യേക തട്ടകത്തിലെ ഉണക്കലരിയില്‍ ഹരിശ്രീഗണപതയേ നമഃ എന്നെഴുതിച്ചു. എഴുത്തിനിരുത്തിയ കുട്ടികള്‍ക്ക്‌ പഴം, പഞ്ചാമൃതം, സാരസ്വതാരിഷ്ടവും ബിസ്കറ്റും നല്‍കി. തിരക്കുനിയന്ത്രിക്കുന്നതിന്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രി കെ.ബി. ഗണേഷ്കുമാര്‍, മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദര്‍ശനത്തിനെത്തിയവരില്‍ ഉള്‍പ്പെടുന്നു. ദേവസ്വം ബോര്‍ഡ്‌ സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍, അസിസ്റ്റന്റ്‌ കമ്മീഷണര്‍ വിദ്യാസാഗര്‍, ദേവസ്വം മാനേജര്‍ കെ. ബിജുകുമാര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. രാവിലെ അമല്‍ എം.എന്‍. സംഗീത സദസ്സ്‌ നടത്തി. തുടര്‍ന്ന്‌ ഇരുപതോളം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളത്തിന്‌ ശ്രീറാം ചോറ്റാനിക്കര നേതൃത്വം നല്‍കി. വെച്ചുര്‍ രമാദേവിയുടെ ഓട്ടന്‍തുള്ളല്‍, ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബിലെ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്‌, തിരുവാങ്കുളം കലാ സൗധത്തിന്റെ നൃത്തനൃത്യങ്ങള്‍, സമ്പ്രദായഭജന, പിന്നണി ഗായകന്‍ പ്രദീപ്‌ പള്ളുരുത്തിയുടെ ഭക്തിഗാനാഞ്ജലി എന്നിവയും നടന്നു. കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തില്‍ സപ്തംബര്‍ 28 മുതല്‍ നടന്നുവന്നിരുന്ന നവരാത്രി മഹോത്സം സരസ്വതി പൂജയ്ക്കുശേഷം പൂജ എടുപ്പ്‌, വിദ്യാരംഭം തുടങ്ങിയ പരിപാടികളോടുകൂടി സമാപിച്ചു. രാവിലെ ഗുരുവായൂര്‍ കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതീപൂജനടന്നു. തുടര്‍ന്ന്‌ അദ്ദേഹം ക്ഷേത്രത്തില്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്തിരുന്ന കുരുന്നുകള്‍ക്ക്‌ ഹരിശ്രീ ചൊല്ലിക്കൊടുത്തു അതിനുശേഷം നവരാത്രി മണ്ഡപത്തില്‍ പാവക്കുളം ശ്രീശങ്കര മൂസിക്‌ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന ഉണ്ടായിരുന്നു. അന്നദാനത്തോടുകൂടി പരിപാടികള്‍ സമാപിച്ചു. കൊച്ചി: തച്ചപ്പുഴ ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ ക്ഷേത്രം തന്ത്രി വിജയ്പ്രകാശ്‌ ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന നവകുമാരി പൂജയില്‍ ഒന്‍പത്‌ ബാലികമാര്‍പങ്കെടുത്തു. വൈകിട്ട്‌ ചാമുണ്ഡേശ്വരിപൂജ, മഹാകാളിപൂജ, മഹാലക്ഷ്മിപൂജ, ആയുധ പൂജയും ഉണ്ടായി. വിജയദശമി നാളില്‍ രാവിലെ സരസ്വതീപൂജയ്ക്കുശേഷം പൂജയെടുപ്പും തുടര്‍ന്ന്‌ വിദ്യാരംഭവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാരസ്വതമന്ത്രജപത്തില്‍ നൂറുകണക്കിന്‌ കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പ്രസാദഊട്ടും വൈകിട്ട്‌ മാതൃമണ്ഡലത്തിന്റെ സംഗീതാര്‍ച്ചനയും നടന്നു. വിജയദശമി ദിനാചരണം മാതാ അമൃതാനന്ദമയീമഠത്തില്‍ നടന്നു. വിദ്യാരംഭത്തോടനുബന്ധിച്ച്‌ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമിജിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനാമൃതത്തിനുശേഷം നൂറോളം കുരുന്നുകള്‍ക്ക്‌ സ്വാമിജി വിദ്യാരംഭം കുറിച്ചു. പെരുമ്പാവൂര്‍: നവരാത്രി ആഘോഷങ്ങളുടെ സമാപനദിവസമായ വിജയദശമിദിനമായ ഇന്നലെ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലുമായി നിരവധി കുരുന്നുകള്‍ അറിവിന്റെ ഹരിശ്രീ കുറിച്ചു. മിക്ക ക്ഷേത്രങ്ങളിലും വിപുലമായ നവരാത്രി ആഘോഷങ്ങളും നടന്നു. അയ്മുറി ചേലാട്ട്കാവ്‌ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന, സരസ്വതി സൂക്തജപദീക്ഷ എന്നിവ നടന്നു. കെ.എന്‍.വാസുദേവന്‍ നമ്പൂതിരിപ്പാട്‌ വിദ്യാരംഭത്തിന്‌ നേതൃത്വം നല്‍കി. ആല്‍പ്പാറക്കാവ്‌ ക്ഷേത്രത്തില്‍ ആയുധപൂജ, അഖണ്ഡ നാമജപം, സംഗീതാരാധന എന്നിവ നടന്നു. വിശേഷാല്‍ പൂജകള്‍ക്ക്‌ ശേഷം വിദ്യാരംഭം നടന്നു. രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ നടന്ന വിദ്യാരംഭ പരിപാടികള്‍ക്ക്‌ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങോള്‍കാവ്‌, ഇരവിച്ചിറ മഹാദേവ ക്ഷേത്രം, വായ്ക്കരകാവ്‌, ചൊള്ളാല്‍കാവ്‌, പാലക്കാട്ടുതാഴം ഭഗവതിക്ഷേത്രം, കുഴിപ്പിള്ളിക്കാവ്‌ ക്ഷേത്രം എന്നിവിടങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകള്‍, സംഗീതാരാധന, വിദ്യാരംഭംകുറിക്കല്‍ എന്നിവ നടന്നു. കാലടി: വിജയദശമിയുടെ പുണ്യത്തില്‍ സരസ്വതീ കടാക്ഷത്തിനായി കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ നരേന്ദ്രഭട്ട്‌, സുധാകരഭട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീശാരദാസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗാനാലാപനവും നടന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരാജഗോപാലയജ്ഞം സമാപിച്ചു. യജ്ഞപ്രസാദം ഏറ്റുവാങ്ങാന്‍ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. അന്നദാനവും നടന്നു. ആദിശങ്കര കീര്‍ത്തിസ്തംഭത്തിലും വിദ്യാരംഭചടങ്ങുകള്‍ നടന്നു. തുറവൂര്‍ തലക്കോട്ട്‌ പറമ്പിലമ്മ ദേവീക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ പാലേലി മോഹന്‍, ഡോ. രത്നമ്മ, പ്രൊഫ. സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീശങ്കര സ്കൂള്‍ ഓഫ്‌ ഡാന്‍സില്‍ വിദ്യാരംഭം നടന്നു. സ്കൂള്‍ ഡയറക്ടര്‍ സുധാ പീതാംബരന്‍ നൃത്തവിദ്യാര്‍ത്ഥികള്‍ക്കും സംഗീതാധ്യാപിക സിന്ധുവേണുഗോപാല്‍ സംഗീതവിദ്യാര്‍ത്ഥികള്‍ക്കും വിദ്യാരംഭം കുറിച്ചു. പാറപ്പുറം തിരുവലഞ്ചുഴി നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ ഡോ. രാഘവന്‍ നേതൃത്വം നല്‍കി. പുതിയേടം മുരിയമംഗലം രാരുപുരം ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ മഠസ്സി മന വിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പറവൂര്‍: പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനായി ആയിരങ്ങള്‍ എത്തി. ഇന്നലെ പുലര്‍ച്ചെത്തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി വിശ്വനാഥന്‍ നമ്പൂതിരി, വേഴപ്പറമ്പില്‍ ദാമോദരന്‍ നമ്പൂതിരി, വിശ്വനാഥമാരാര്‍, ആനന്ദന്‍ ചെറായി, ഡോ. വിഷ്ണുനമ്പൂതിരി, അഡ്വ. സതീശ്‌ ശര്‍മ്മ, ഡോ. എം.എന്‍. വെങ്കിടേശ്വരന്‍, പ്രൊഫ. കൃഷ്ണന്‍പോറ്റി, ലളിതാംബിക, സി.ജി. ജയപാല്‍ തുടങ്ങിയവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആലുവ: ആലുവ മേഖലയിലെ നിരവധി ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജയും അര്‍ച്ചനകളും നടന്നു. ആലുവ പെരുമ്പിള്ളിഭഗവതി ക്ഷേത്രം, ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ദേശം ചിറയത്ത്‌ മഹാവിഷ്ണുക്ഷേത്രം, എടത്തല കുരുമ്പക്കാവ്‌ ക്ഷേത്രം, ദേശം അനന്തപുരം മഹാവിഷ്ണുക്ഷേത്രം, തുരുത്തുമ്മല്‍ ഭദ്രകാളിക്ഷേത്രം, തായിക്കാട്ടുകര മാന്ത്രക്കല്‍ ഭഗവതിക്ഷേത്രം, ദേശം തലകൊള്ളി ക്ഷേത്രം, ആലുവ ചീരക്കട ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം, ദേശം ദത്ത ആഞ്ജനേയ ക്ഷേത്രം, അമ്പാട്ടുകാവ്‌ ഭഗവതിക്ഷേത്രം, ശ്രീമൂലനഗരം മഹാവിഷ്ണുക്ഷേത്രം, തോട്ടയ്ക്കാട്ടുകര ശ്രീഗണപതി ധര്‍മ്മശാസ്താക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലാണ്‌ പ്രത്യേകപൂജകളും ഗായത്രി സഹസ്രനാമജപം, അര്‍ച്ചനകള്‍, അഷ്ടദ്രവ്യഗണപതിപൂജ എന്നിവ നടന്നത്‌. നിരവധി ക്ഷേത്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തലുകളും ഉണ്ടായി. ആലുവ: ആവണംകോട്‌ സരസ്വതി ക്ഷേത്രത്തില്‍ ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു. പുലര്‍ച്ചെ അഞ്ചിന്‌ ആരംഭിച്ച ചടങ്ങ്‌ ഉച്ചക്ക്‌ 12 വരെ നീണ്ടു. പ്രത്യേക വേദിയില്‍ പി.എസ്‌. ദിവാകരന്‍പിള്ള, ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട്‌, എം.കെ. വാര്യര്‍, രാധാമണി ടീച്ചര്‍, മിനി സജീവ്‌, സി.എന്‍. രാമചന്ദ്രന്‍, സരസ്വതി അമ്മ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. എഴുത്തിനിരുത്തലിന്‌ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ ഉയര്‍ന്നുനിന്നത്‌ ആദ്യാക്ഷരം നുകരുന്ന കുരുന്നുകളുടെ കരച്ചിലും ഗുരുക്കന്മാര്‍ ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങളുമായിരുന്നു. വിദ്യാരംഭം കുറിക്കാനുള്ള തിരക്ക്‌ വളരെയേറെയായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക്‌ മുന്‍പേ ഭക്തരുടെ വന്‍ ക്യുവായിരുന്നു. ദേവീദര്‍ശനം കഴിഞ്ഞ്‌ നാലമ്പലത്തിന്‌ ചുറ്റും മണലില്‍ അക്ഷരങ്ങള്‍ എഴുതി മുതിര്‍ന്നവര്‍ ഓര്‍മ്മ പുതുക്കിയും അനുഗ്രഹം തേടി. നവരാത്രിയോടനുബന്ധിച്ച്‌ നടന്ന സംഗീതോത്സവം സംഗീതജ്ഞന്‍ ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്തു. ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, സിനിമാതാരം ശ്രിജിത്ത്‌ വിജയ്‌, ഗീത ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ സംഗീതാരാധന, വയലിന്‍ സിംഫണി, ഭക്തിഗാനമേള തുടങ്ങിയ പരിപാടികള്‍ ഉണ്ടായി. കേരള ഊരാണ്‍മ ദേവസ്വം ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി മുല്ലനേഴി ശിവദാസന്‍ നമ്പൂതിരിപ്പാട്‌, മാനേജര്‍ കെ.എ. സന്തോഷ്‌, അഡീഷണല്‍ മാനേജര്‍ ഒ.എ. മുരാരി, ജനറല്‍ കണ്‍വീനര്‍ എന്‍. രാജേന്ദ്രന്‍, ജോ. കണ്‍വീനര്‍ കെ.സി. കുട്ടപ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുംബക്കാവില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ കവി എന്‍.കെ. ദേശം, സുഭദ്രടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അങ്കമാലി: വിജയദശമിയോടനുബന്ധിച്ച്‌ ചെറിയ വാപ്പാലശ്ശേരി ശ്രീദുര്‍ഗാംബിക ക്ഷേത്രത്തില്‍ സാമൂഹ്യസരസ്വതിപൂജയും മണിമന്ദിരം കൃഷ്ണകുമാറിന്റെ കാര്‍മികത്വത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു. സാമൂഹ്യ സരസ്വതിപൂജക്ക്‌ ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം എം.കെ. വത്സലന്‍ കാര്‍മികനായി. തുടര്‍ന്ന്‌ വിദ്യാരംഭവും സാരസ്വതം നെയ്യ്‌ വിതരണവും സംഗീതാര്‍ച്ചനയും നടന്നു. സംഗീതാര്‍ച്ചന സിനിമാതാരം രമേഷ്‌ കുറുമശ്ശേരി, ജനസേവാ രക്ഷാധികാരി ജോസ്‌ മാവേലി, പി. സദാനന്ദന്‍, ഗ്രാമപഞ്ചായത്ത്‌ അംഗം കുഞ്ഞമ്മ ഷാജി, ലാലു വാപ്പാലശ്ശേരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ്‌ പി.കെ. കുട്ടപ്പന്‍, പി.വി. ഉണ്ണി, മനോജ്‌ എസ്‌.കെ, മുകില്‍ രവി, ശ്രീജിത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോതമംഗലം: തിരുവാരപ്പെട്ടി മഹാദേവക്ഷേത്രത്തില്‍ നൂറുകണക്കിന്‌ കുരുന്നുകള്‍ ഹരിശ്രീകുറിച്ചു. ഇന്നലെ രാവിലെ 9ന്‌ ക്ഷേത്രത്തില്‍ നടന്നചടങ്ങില്‍ റിട്ട. അധ്യാപകരായ പി.എസ്‌. ബാലകൃഷ്ണന്‍നായര്‍, പി. ശ്രീധരന്‍നായര്‍ എന്നിവരാണ്‌ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നത്‌. നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ഷേത്രം മേല്‍ശാന്തി മാണിക്കപുത്തന്‍മഠം ശ്രീനിവാസന്‍ നമ്പൂതിരി, കീഴ്ശാന്തി ബാലകൃഷ്ണന്‍ നമ്പൂതിരി എന്നിവരില്‍ നിന്നും പ്രത്യേകം പൂജ ചെയ്ത സാരസ്വതാരിഷ്ടം പ്രസാദമായി നല്‍കി. വിജയദശമിയോടനുബന്ധിച്ച്‌ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു. മരട്‌: വിദ്യാരംഭത്തോടനുബന്ധിച്ച്‌ വൈറ്റില, മരട്‌, പൂണിത്തുറ, കുമ്പളം, നെട്ടൂര്‍ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു. വിജയദശമി ദിനമായ ഇന്നലെ രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വിദ്യാരംഭത്തിന്റെ ഭാഗമായി മിക്ക ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും നടന്നു. മരട്‌ കൊട്ടാരം ഭഗവതിക്ഷേത്രം, തിരു അയിനിശിവക്ഷേത്രം, പാണ്ടവത്ത്‌ ക്ഷേത്രം, തുരുത്തി ഭഗവതി ക്ഷേത്രം, ഭുവനേശ്വരി ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുണ്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രം, മരട്‌ തെക്ക്‌ ആലിങ്കല്‍ ക്ഷേത്രം, തിരുനെട്ടൂര്‍ മഹാദേവക്ഷേത്രം, നെട്ടൂര്‍ തെക്കേപാട്ടുപുരയ്ക്കല്‍, വടക്കേപാട്ടുപുരയ്ക്കല്‍ ക്ഷേത്രങ്ങള്‍, കല്ലാത്ത്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തട്ടേക്കാട്‌ ക്ഷേത്രം, നെട്ടൂര്‍ തണ്ടാശ്ശേരിക്ഷേത്രം, എന്നിവിടങ്ങളില്‍ നൂറുകണക്കിന്‌ കുരുന്നുകളെ എഴുത്തിനിരുത്തി. കുമ്പളം പ്രദേശത്തെ കളത്തില്‍ ക്ഷേത്രം, തൃക്കോവില്‍ ശിവക്ഷേത്രം, ശക്തിപുരം മഹാഭദ്രകാളിക്ഷേത്രം, ലക്ഷ്മീനാരായണക്ഷേത്രം, പനങ്ങാട്‌ കാമോത്ത്‌ ഭഗവതിക്ഷേത്രം, മാടവന തേനാളില്‍ ക്ഷേത്രം, ഉദയത്തുംവാതില്‍ ശ്രീകൃഷ്ണക്ഷേത്രം, ചേപ്പനംകോതേശ്വരക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച്‌ പൂജവെപ്പും ഒട്ടേറെ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നു. മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെയും പരിസര പ്രദേശത്തേയും വിവിധ ക്ഷേത്രങ്ങളില്‍ രാവിലെ എട്ട്‌ മണിമുതല്‍ ആരംഭിച്ച വിദ്യാരംഭം വളരെ വൈകിയും തുടര്‍ന്നു. വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രം, പുഴക്കരക്കാവ്‌ ദേവീ ക്ഷേത്രം, ആനിക്കാട്‌ തിരുവംപ്ലാവില്‍ ക്ഷേത്രം, പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, തോട്ടക്കര മഹാദേവ ക്ഷേത്രം, മുടവൂര്‍ ചാക്കുന്നത്ത്‌ മഹാദേവക്ഷേത്രം, തൃക്കളത്തൂര്‍ പള്ളിമുറ്റത്ത്‌ കാവ്‌ ദേവീ ക്ഷേത്രം, മണ്ണൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവാരപ്പെട്ടി മഹാദേവക്ഷേത്രം, വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക്‌ യൂണിയന്റെ സാംസ്കാരിക ഘടകമായ വിരാട്‌ വിശ്വകര്‍മദീപം, വിവേകാനന്ദ വിദ്യാലയം എന്നിവടങ്ങളിലാണ്‌ ആചാര്യന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാരംഭം നടത്തിയത്‌. തുടര്‍ന്ന്‌ വിശേഷാല്‍ പൂജകളും, പ്രസാദവിതരണവും സംഗീതാര്‍ച്ചനയും പഞ്ചകീര്‍ത്തനാലാപനവും സംഘടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.