കേരള കലാമണ്ഡലം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു എം.കെ.കെ. നായര്‍ പുരസ്‌കാരം ജയറാമിന്, പദ്മ സുബ്രഹ്മണ്യത്തിന് ഫെലോഷിപ്പ്

Wednesday 1 October 2014 11:03 pm IST

തിരുവനന്തപുരം: 2013ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്‌മെന്റ് എന്നിവ പ്രഖ്യാപിച്ചു. ഡോ. പദ്മ സുബ്രഹ്മണ്യത്തിനാണ് ഫെലോഷിപ്പ്. കലാരത്‌നം അവാര്‍ഡിന് കലാമണ്ഡലം പി.കെ. നാരായണന്‍നമ്പ്യാര്‍ അര്‍ഹനായി. പ്രഥമ കേരള കലാമണ്ഡലം എം.കെ. നായര്‍ പുരസ്‌കാരം ചലചിത്രതാരം ജയറാമിനാണ്. പുരസ്‌കാരങ്ങള്‍ കലാമണ്ഡലം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ ഒമ്പതിന് കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ കേരള ഗവര്‍ണര്‍ പി. സദാശിവം സമ്മാനിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.  കേരളത്തിന്റെ ശാസ്ത്രീയരംഗകലകളുടെ പ്രയോക്താക്കളും സംസ്‌കാരം, ഇതര ദൃശ്യ-ശ്രവ്യ കലകള്‍, ശാസ്ത്രം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ പ്രഗല്‍ഭര്‍ക്ക് അവര്‍ ശാസ്ത്രീയ രംഗകലകളുടെ വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഈവര്‍ഷം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. 35,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് ഫെലോഷിപ്പ്. 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് കലാരത്‌നം. മറ്റ് പുരസ്‌കാരങ്ങള്‍ ചുവടെ. കഥകളി വേഷം-കലാമണ്ഡലം രാജശേഖരന്‍, കഥകളി സംഗീതം-കലാമണ്ഡലം സുബ്രഹ്്മണ്യന്‍, ചെണ്ട-കലാമണ്ഡലം (പാഞ്ഞാള്‍) ഉണ്ണികൃഷ്ണന്‍, മദ്ദളം-കലാമണ്ഡലം വേണുക്കുട്ടന്‍, ചുട്ടി-ശില്‍പി ജനാര്‍ദനന്‍, മിഴാവ് -കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, നൃത്തം-കലാമണ്ഡലം കവിത കൃഷ്ണകുമാര്‍, കൂടിയാട്ടം-പൈങ്കുളം നാരായണചാക്യാര്‍, തുള്ളല്‍-കലാമണ്ഡലം ജനാര്‍ദനന്‍, കലാഗ്രന്ഥം-ഡോ. കെ.ജി. പൗലോസ്, യുവപ്രതിഭ അവാര്‍ഡ്-കലാമണ്ഡലം അരുണ്‍. ബി വാര്യര്‍, മുകുന്ദരാജ സ്മൃതി പുരസ്‌കാരം-ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, ഡോ.വി.എസ്. ശര്‍മ എന്‍ഡോവ്‌മെന്റ്-മാര്‍ഗി ഉഷ, ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് -കലാമണ്ഡലം കൃഷ്ണപ്രസാദ്. 25,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് കലാമണ്ഡലം അവാര്‍ഡുകള്‍. 5000 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് മുകുന്ദരാജ സ്മൃതി പുരസ്‌കാരം. 3000 രൂപയും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് യുവപ്രതിഭ അവാര്‍ഡ്. 3000 രൂപ വീതമാണ് മറ്റ് എന്‍ഡോവ്‌മെന്റുകള്‍ക്ക് നല്‍കുന്നത്. വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ചെയര്‍മാനായും പന്തളം സുധാകരന്‍ വൈസ് ചെയര്‍മാനായും മടവൂര്‍ വാസുദേവന്‍നായര്‍, ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, കലാമണ്ഡലം സരസ്വതി, വാസന്തി മേനോന്‍, പ്രഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കലാമണ്ഡലം രാമചാക്യാര്‍, കലാമണ്ഡലം പരമേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും നിര്‍ണയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.