ഗംഗോത്രി

Friday 7 October 2011 12:21 am IST

"ഗംഗോദ്ഭേദം സമാസാദ്യ ത്രിരാത്രിപോഷിതോ നരഃ വാജപേയമാപ്നോതി ബ്രഹ്മഭൂതോ ഭവേത്‌ സദാ." ഇവിടെ നിന്നാണ്‌ ഗംഗ പുറപ്പെടുന്നത്‌. മൂന്നുരാത്രി ഇവിടെ വന്നു താമസിച്ച്‌ ഉപവസിക്കുന്നതായാല്‍ വാജപേയയാഗം ചെയ്ത ഫലം ലഭിക്കും. കൂടാതെ ബ്രഹ്മഭൂതനായിത്തീരുകയും ചെയ്യും. യമുനോത്തരിയിലേക്ക്‌ ഏതു മാര്‍ഗത്തിലൂടെ പോയോ ആ മാര്‍ഗത്തിലൂടെ ഗംഗാണിവരെ തിരിച്ചുവരണം. ഉത്തരപ്രദേശ്‌ ഗവണ്‍മെന്റ്‌ ലോക്‌-നിര്‍മ്മാണ്‌-വിഭാഗ്‌ വര്‍ഷംതോറും ബസ്പോകാന്‍ തക്ക റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്‌. അതിനാല്‍ കാല്‍നടയായുള്ള മാര്‍ഗ്ഗം കുറഞ്ഞു വരുന്നുണ്ട്‌. ബസു ലഭിക്കുന്നിടത്തു നിന്ന്‌ ബസുമാര്‍ഗം ബര്‍കോട്ടിലൂടെ ഉത്തരകോശിക്കു പോകണം. യമുനോത്തരിയില്‍ നിന്നു പത്തുകിലോ മീറ്റര്‍ തിരികെ വന്നാല്‍ ഉത്തരകാശിക്കു ബസുകിട്ടും. ഉത്തരകാശി ഒരു പ്രധാന തീര്‍ത്ഥസ്ഥലമാണ്‌. ഇവിടെ അനേകം ധര്‍മ്മശാലകളുണ്ട്‌. അനേകം ആശ്രമങ്ങളും ക്ഷേത്രങ്ങളും ഇവിടെ ഭാഗീരഥീ തീരത്തു കാണാം. അവയില്‍ വിശ്വനാഥക്ഷേത്രം കാണേണ്ടതാണ്‌. മാഹാഭാഗവതത്തില്‍ പ്രകീര്‍ത്തിക്കുന്ന ജഡഭരതന്റെ ആശ്രമം ഇവിടെയായിരുന്നു. അതിനു സമീപം ബ്രഹ്മകുണ്ഡത്തില്‍ സ്നാനവും തര്‍പ്പണവും നടത്തുന്നുണ്ട്‌. ഇതില്‍ എപ്പോഴും ഗംഗാജലം ഉണ്ടായിരിക്കും. തീര്‍ത്ഥാടകന്‌ ഹൃഷീകേശില്‍ നിന്നു നേരെ ഉത്തരകോശിക്കു ബസു കിട്ടും. ആറു മണിക്കൂറിലധികം യാത്ര ചെയ്ത്‌ ഉത്തരകാശിയിലെത്തിയാല്‍ അവിടെ നിന്നു ഗംഗോത്തരിക്കും ബസു കിട്ടും. ഉത്തരകാശിയില്‍ നിന്നും നൂറുകിലോമീറ്റര്‍ ഭാഗീരഥീതീരത്തൂടെ ഹിമാലയം കയറി ഗംഗോത്തരിയിലെത്താന്‍ ആറു മണിക്കൂര്‍ യാത്ര വേണം. യമുനോത്തരിക്കു തുല്യം പൊക്കമേറിയ സ്ഥലത്താണ്‌ ഗംഗോത്തരി. ഇവിടെ ഏതാനും സത്രങ്ങളും ധര്‍മ്മശാലകളുമുണ്ട്‌. ഗംഗാമാതാവിന്റെ ക്ഷേത്രമാണ്‌ ഇവിടുത്തെ പ്രധാനക്ഷേത്രം. കേരളീയനായ ആദിശങ്കരാചാര്യനാണ്‌ ഈ ഗംഗാക്ഷേത്രം സ്ഥാപിച്ചത്‌. വേറെയും ചെറുക്ഷേത്രങ്ങള്‍ ഈ ഗംഗാതീരത്തു കാണാം. അവയില്‍ യമുനാസരസ്വതി, രാജാ ഭഗീരഥന്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. അടുത്തു തന്നെയാണ്‌ ഭൈരവക്ഷേത്രം. മുമ്പ്‌ പത്തുകിലോമീറ്റര്‍ ഇപ്പുറത്തുള്ള ലങ്ക എന്ന സ്ഥലംവരെയേ ബസ്‌ വന്നിരുന്നുള്ളു. ഇപ്പോള്‍ ഗംഗോത്രി വരെ ബസു വരുന്നുണ്ട്‌. ലങ്കയില്‍ വഴിയോരത്തു ഒരു ലങ്കേശ്വര മഹാദേവനുണ്ട്‌. അതിനു ചുറ്റും ശിവഭൂതങ്ങളെപ്പോലെ ധാരാളം ദേവദാരുവൃക്ഷങ്ങള്‍ നില്‍ക്കുന്നു. തണുപ്പു പൊതുവേ കൂടുതലാണെങ്കിലും ആകപ്പാടെ പ്രകൃതി മനോഹരമാണ്‌. എവിടെ നോക്കിയാലും വെള്ളത്തൊപ്പിക്കാരായ ഗിരിശൃംഗങ്ങള്‍ സല്ലപിക്കുന്നു കാണാന്‍ ബഹു കൗതുകം തോന്നും. ഇവിടെ സൂര്യകുണ്ഡം, ബ്രഹ്മകുണ്ഡം, വിഷ്ണുകുണ്ഡം മുതലായ തീര്‍ത്ഥങ്ങളുണ്ട്‌. ഇതെല്ലാം ഇവിടത്തെ ഗംഗയായ ഭാഗീരഥിയിലാണ്‌. ഭാഗീരഥീതീരത്ത്‌ ഭഗീരഥന്‍ തപസ്സു ചെയ്തിരുന്ന സ്ഥലത്ത്‌ ഒരു വലിയ ശിലയുണ്ട്‌. അതിനു ഭഗീരഥശിലയെന്നാണ്‌ പേര്‌. അതിലിരുന്നാണ്‌ ഭഗീരഥന്‍ തപസ്സു ചെയ്തത്‌. ഗംഗോത്രിക്ക്‌ അല്‍പം താഴെ കേദാര്‍ - ഗംഗാസംഗമമുണ്ട്‌. അവിടെ നിന്ന്‌ അല്‍പം അകലെയായി പര്‍വ്വതോപരിഭാഗത്തു നിന്നും ഗംഗ ശിവലിംഗത്തില്‍ വന്നു വീഴുന്നുണ്ട്‌. ഈ സ്ഥലത്തിനു ഗൗരീകുണ്ഡമെന്നാണു പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.