പാക്‌ അധീന കാശ്മീരില്‍ ചൈനീസ്‌ ഭടന്മാര്‍: കരസേനാ മേധാവി

Friday 7 October 2011 12:26 am IST

ന്യൂദല്‍ഹി: ലിബറേഷന്‍ ആര്‍മി ഓഫ്‌ ചൈനയിലെ പട്ടാളക്കാരടക്കം 4000 പേര്‍ പാക്‌ അധീനതയിലുള്ള കാശ്മീരിലുണ്ടെന്ന്‌ കരസേന മേധാവി ജനറല്‍ വി.കെ.സിങ്ങ്‌ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളും സുരക്ഷാഭടന്മാരും എഞ്ചിനീയറിംഗ്‌ സേനയുമടക്കം അവിടെ 4000 പേരോളം കാണുമെന്ന്‌ അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. 16 -ാ‍മത്‌ ഫീല്‍ഡ്‌ മാര്‍ഷല്‍ കെ.എം.കരിയപ്പ സ്മാരക പ്രഭാഷണം നടത്തവെ ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്റെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച്‌ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു സൈനിക മേധാവി. ഇന്ത്യ സ്വന്തമെന്നു കരുതുന്ന ഭൂമിയില്‍ ഉള്ള ചൈനീസ്‌ സൈനികരുടെ സാന്നിദ്ധ്യം ഇന്ത്യക്ക്‌ ആശങ്കയുളവാക്കുന്നു. ചൈനയുടെ ഇത്തരം സാന്നിദ്ധ്യം രാജ്യത്തിന്റെ സത്വര ശ്രദ്ധ ക്ഷണിക്കുന്നതായി കഴിഞ്ഞ ദിവസം വ്യോമസേന മേധാവി എന്‍.എ.കെ.ബ്രൗണി ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിലുള്ള ഇന്ത്യയുടെ ആശങ്ക ചൈനയെ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ജമ്മുവിലും കാശ്മീരിന്റെ ഗില്‍ജിത്ത്‌ ബാള്‍ട്ടിസാന്‍ മേഖലയിലും 11000 ചൈനീസ്‌ ഭടന്മാരുള്ളതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചൈന പാക്കിസ്ഥാനില്‍ അണക്കെട്ടുകളും ഹൈവേകളും നിര്‍മിക്കുന്നതായി ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഈയിടെ പരാമര്‍ശിക്കുകയുണ്ടായി. അതിര്‍ത്തിക്കപ്പുറം ഭീകരര്‍ താവളങ്ങളൊരുക്കിയതായും ഇടക്കിടെ അവര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായും കരസേനാ മേധാവി അറിയിച്ചു. ഇത്തരം നുഴഞ്ഞു കയറ്റങ്ങള്‍ക്കെതിരെ സൈന്യം നിതാന്ത ജാഗ്രത പുലര്‍ത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.