ബൈക്ക് യാത്രികനെ വെട്ടി പരിക്കേല്‍പ്പിച്ചു

Friday 3 October 2014 10:12 pm IST

മുഹമ്മ: ബൈക്ക് യാത്രികനായ യുവാവിനെ നാലംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ച് ബൈക്കും പണവും കവര്‍ന്നു. കലവൂര്‍ ബീവറേജസിന് സമീപം വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കളിയിക്കാവിള പനയ്ക്കല്‍വെളി പനച്ചുവട്ടില്‍ സുരേഷി (കില്ലര്‍ സുരേഷ്-38)നെയാണ് അക്രമിച്ച് ബൈക്കും പണവും ഫോണും തട്ടിയെടുത്തത്. ചേര്‍ത്തല വയലാറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ നാലംഗസംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം കലവൂര്‍ എല്‍പി സ്‌കൂളിന് സമീപം വെട്ടിപ്പരിക്കേല്‍പ്പിച്ച് പണവും ഫോണും കവര്‍ന്നതായി ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മണ്ണഞ്ചേരി 13-ാം വാര്‍ഡ് ഗുരുമന്ദിരത്തിന് സമീപത്ത് നിന്നും ബൈക്ക് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് മാരാരിക്കുളം സിഐ: അനീഷ്, മണ്ണഞ്ചേരി എസ്‌ഐ: വി.ആര്‍. ജഗദീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സുരേഷ് തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.