കനിമൊഴിക്ക്‌ പിന്നിലെ കറുത്ത കരങ്ങള്‍

Monday 27 June 2011 10:25 pm IST

ലികോം അഴിമതിയുടെ പങ്കായി കലൈഞ്ജര്‍ ടിവി വഴി 200 കോടി നേടിയതിനും അതിനായി ഗൂഢാലോചന നടത്തിയതിനും തെളിവുള്ളതിനാല്‍ ജയിലിലാണ്‌ കരുണാനിധിയുടെ മകള്‍ കനിമൊഴി. എന്നാല്‍ സാമ്പത്തിക അഴിമതിയേക്കാള്‍ ഞെട്ടിക്കുന്നതാണ്‌ അവരുടെ പിന്നില്‍ നില്‍ക്കുന്ന ഭാരതവിരുദ്ധ ശക്തികളുടെ ശൃംഖല.ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട്‌ സിബിഐ റെയ്ഡ്‌ നടത്തിയ 'തമിഴ്‌ മൈയ്യം' എന്ന എന്‍ജിഒയുടെ കോര്‍ഡിനേറ്ററും മാനേജിംഗ്‌ ട്രസ്റ്റിയുമാണ്‌ കനിമൊഴി. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്‌ ചിദംബരവുമായി ചേര്‍ന്ന്‌ 'കരുത്ത്‌' എന്ന മറ്റൊരു എന്‍ജിഒയ്ക്ക്‌ കനിമൊഴി നേതൃത്വം നല്‍കുന്നുണ്ട്‌. കഴിഞ്ഞ കരുണാനിധി സര്‍ക്കാരിന്റെ കാലത്ത്‌ തമിഴ്‌നാടിന്റെ സാംസ്കാരിക രംഗം അടക്കിവാഴുകയായിരുന്നു തമിഴ്‌ മൈയ്യം. തമിഴ്മൈയ്യത്തിന്റെ ഓഡിറ്റ്‌ ചെയ്ത ബാലന്‍സ്‌ ഷീറ്റ്‌ പ്രകാരം 2008 ജനുവരി 10 ന്‌ ടെലികോം ലൈസന്‍സ്‌ നല്‍കുന്നതിന്‌ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ അഴിമതിയില്‍ ഉള്‍പ്പെട്ട ടെലികോം കമ്പനികള്‍ തമിഴ്‌ മൈയ്യത്തിന്‌ നല്‍കിയ സംഭാവനകള്‍ ഇപ്രകാരമാണ്‌. യുണിടെക്‌-ഒരു ലക്ഷം രൂപ, ടാറ്റ ടെലിസര്‍വീസ്‌ 10 ലക്ഷം, റിലയന്‍സ്‌ ക്യാപ്പിറ്റല്‍ -25 ലക്ഷം രൂപ, ഇന്ത്യ ബില്‍സ്‌-50 ലക്ഷം.തമിഴ്‌ കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളെ സമ്പുഷ്ടമാക്കി ലോകമെമ്പാടുമുള്ള തമിഴരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക. അതിനുതകുന്നവിധം ആധുനിക മാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ തമിഴ്‌ ജനതയുടെ മുന്നില്‍ അവതരിപ്പിച്ച തമിഴ്മൈയ്യത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തമിഴ്‌ ഭാഷയുടേയും സംസ്കാരത്തിന്റേയും ഹൈന്ദവവേരുകള്‍ മുറിച്ച്‌ മാറ്റുക എന്നതാണ്‌. അതിന്‌ 400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മധുരയില്‍ റോബര്‍ട്ട്‌ നോബിലി എന്ന കത്തോലിക്ക പുരോഹിതന്‍ ഉപയോഗിച്ച തന്ത്രം കാലത്തിനനുസരിച്ച്‌ പരിഷ്ക്കരിച്ച്‌ ഉപയോഗിക്കുകയാണ്‌ തമിഴ്മൈയ്യം. നോബിലി താന്‍ ഇറ്റാലിയന്‍ ബ്രാഹ്മണനാണെന്നും നാലാം വേദം കണ്ടുപിടിച്ചെന്നും അവകാശപ്പെട്ടുകൊണ്ട്‌ ബ്രാഹ്മണരെ സ്വന്തം വീട്ടുവേലയ്ക്ക്‌ നിയോഗിച്ചു. പൂണൂലും കാവിയും ധരിച്ച്‌ തീര്‍ത്ഥവും ചന്ദനവും നല്‍കി ഒരുലക്ഷത്തോളം ബ്രാഹ്മണരുള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതിക്കാരെ മധുര, തഞ്ചാവൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ മതംമാറ്റി. നിശബ്ദമായി നടത്തിയ ഈ മതംമാറ്റം കത്തോലിക്ക ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഏടാണ്‌. മതേതര സംഘടന എന്ന വ്യാജേന പരിധിയില്ലാത്ത സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ്‌ തമിഴ്മൈയ്യം വാങ്ങിയത്‌. കനിമൊഴി നേതൃത്വം നല്‍കുന്ന തമിഴ്‌ മൈയ്യം അടിമുടി കത്തോലിക്ക സംഘടനയാണ്‌. അവരുടെ നിഗൂഢപദ്ധതികള്‍ ആരെയും സംഭ്രമിപ്പിക്കുന്നതാണ്‌. മെഗാപരിപാടികള്‍ വരെ തമിഴ്‌ മൈയ്യത്തിന്റെ പേരില്‍ സംഘടിപ്പിച്ച്‌ സര്‍ക്കാര്‍ പണം കനിമൊഴിയിലൂടെ ഒഴുക്കുകയായിരുന്നു. കത്തോലിക്ക സാമ്രാജ്യത്തിന്റെ 'ന്യൂ എയ്ജ്‌ മൂവ്മെന്റ്‌' പദ്ധതിയുടെ ഭാഗമായി 2002 ലാണ്‌ കത്തോലിക്ക പുരോഹിതനായ ജഗത്‌ ഗാസ്പര്‍ രാജ്‌ ചെന്നൈയില്‍ തമിഴ്മൈയ്യം ആരംഭിക്കുന്നത്‌. കരുണാനിധിയുടെ ഭാര്യമാരില്‍ ക്രിസ്ത്യാനി ആയ രാജാത്തി അമ്മാളിന്‌ മെയിലാപ്പൂര്‍ രൂപതയുമായുള്ള ബന്ധങ്ങള്‍ പരിഗണിച്ച്‌ മകള്‍ കനിമൊഴിയെ തമിഴ്മൈയ്യത്തിന്റെ കോര്‍ഡിനേറ്റര്‍ ആക്കുകയായിരുന്നു. രാജാത്തി അമ്മാളിന്റേയും കനിമൊഴിയുടേയും പേരിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ മെയിലാപ്പൂര്‍ രൂപതയുടെ കെട്ടിടങ്ങളിലാണ്‌ നടക്കുന്നത്‌.ഗാസ്പര്‍ രാജ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ആയ തമിഴ്‌ മൈയ്യത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും യഥാക്രമം ചിന്നൈദൊരൈ, ലൂര്‍ദ്‌ ആനന്ദന്‍ എന്നീ കത്തോലിക്ക പുരോഹിതരാണ്‌. ചിന്നൈ ദൊരൈ തമിഴ്‌നാട്‌ ബിഷപ്പ്‌ കൗണ്‍സിലിന്റെ മാധ്യമ സ്ഥാപനമായ ശാന്തം കമ്മ്യൂണിക്കേഷന്റെ പ്രസിഡന്റുമാണ്‌. 1976 ല്‍ ഒറ്റമുറിയില്‍ ആരംഭിച്ച ശാന്തം കമ്മ്യൂണിക്കേഷന്‍ ഇന്ന്‌ വന്‍കിട സ്ഥാപനമാണ്‌. അവരുടെ കീഴില്‍ രാജ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ആയി ഗുഡ്‌വില്‍ കമ്മ്യൂണിക്കേഷന്‍ എന്ന ദൃശ്യമാധ്യമസ്ഥാപനം ഓഹരിവഴി 100 കോടി രൂപ അടുത്തകാലത്ത്‌ സമാഹരിച്ചിരുന്നു. ലൂര്‍ദ്‌ ആനന്ദന്‍ എന്നയാള്‍ ക്ഷേത്രമാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ച്‌ യേശുവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ച്‌ ആരതിയും പൂജയും നടത്തി ചന്ദനവും പൂവും തീര്‍ത്ഥവും പ്രസാദമായി നല്‍കുന്ന ട്രിച്ചി കാവേരി നദിക്കരയിലെ സച്ചിദാനന്ദ ആശ്രമത്തിന്റെയും ഭാരതത്തിലെ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്ന കത്തോലിക്ക ആശ്രമപദ്ധതികളുടെയും ഗവേഷകനാണ്‌. ഇവരോടൊപ്പം 'ചെന്നൈ ലയോള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയലോഗ്‌ വിത്ത്‌ കള്‍ച്ചര്‍ ആന്റ്‌ റിലീജിയന്‍' ഡയറക്ടര്‍ അരുണ്‍ വെറേപ്പ, കത്തോലിക്ക പ്രസിദ്ധീകരണങ്ങളായ ന്യൂ ലീഡര്‍, ഹെവന്‍ എന്നിവയുടെ എഡിറ്റര്‍ ജോയി ആന്റണി എന്നീ പുരോഹിതരും തമിഴ്മൈയ്യത്തിന്റെ മാനേജിംഗ്‌ ട്രസ്റ്റിമാരാണ്‌. ട്രിച്ചി ബിഷപ്പ്‌ ആന്റണി ഡെവോട്ട പദ്ധതികളുടെ ആസൂത്രണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നു. എങ്കിലും കനിമൊഴിയുടേയും രാജിന്റേയും പേരിനൊപ്പം അറിയപ്പെടുന്ന തമിഴ്മൈയ്യം ഒരു പുരോഗമന മതേതര പ്രസ്ഥാനമാണെന്നാണ്‌ പ്രചാരണം. തമിഴ്മൈയ്യത്തിനായി 2002 ല്‍ ചെന്നൈയില്‍ എത്തുന്നതിന്‌ മുമ്പ്‌ 1991 മുതല്‍ പത്ത്‌ വര്‍ഷം ഗാസ്പര്‍ രാജ്‌ ഏഷ്യന്‍ കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സിന്റെ റേഡിയോ ശൃംഖല ആയ 'റേഡിയോ വേരിറ്റാസി'ന്റെ തമിഴ്‌ വിഭാഗം മേധാവി ആയിരുന്നു. മാനിലയില്‍നിന്ന്‌ പ്രക്ഷേപണം നടത്തുന്ന റേഡിയോ വാരിറ്റാസിന്‌ 15 ഓളം ഏഷ്യന്‍ ഭാഷകളില്‍ റേഡിയോ ചാനലുകള്‍ ഉണ്ട്‌. ഫിലിപ്പൈന്‍സ്‌ അടക്കമുള്ള നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ നിര്‍ണായകമായ പങ്ക്‌ വേരിറ്റാസ്‌ വഹിച്ചിട്ടുണ്ട്‌. ലോകമെങ്ങുമുളള 12 ലക്ഷത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെയും പ്രവാസികളേയും ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ തമിഴ്‌ ഈഴത്തിനായി അണിനിരത്തുവാന്‍ മാനിലയില്‍നിന്ന്‌ റേഡിയോ വേരിറ്റാസിലൂടെ രാജ്‌ നേതൃത്വം നല്‍കി. ശ്രീലങ്കയുടെ വടക്ക്‌-കിഴക്ക്‌ പ്രവിശ്യകള്‍ മുറിച്ചുമാറ്റാന്‍ എല്‍ടിടിഇയുടെ വോയ്സ്‌ ടൈഗറുമായി ചേര്‍ന്ന്‌ വികാരതീവ്രമായ ഈഴം വാര്‍ത്തകള്‍ നല്‍കിയത്‌ ഗാസ്പര്‍ രാജ്‌ ആയിരുന്നു. യുദ്ധമേഖലയിലെ പള്ളികള്‍ റേഡിയോ വേരിറ്റാസിന്റെ പ്രാദേശിക ഓഫീസുകളായി പ്രവര്‍ത്തിച്ചു. അതില്‍ മുഖ്യസ്ഥാനം വന്നിയിലെ സെന്റ്സെബാസ്റ്റ്യന്‍ പള്ളിയ്ക്കായിരുന്നു. ജാഫ്നയിലെ കത്തോലിക്ക ആസ്ഥാനത്ത്‌ തമിഴ്‌ ഈഴത്തിന്‌ വേണ്ടിയുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. ശ്രീലങ്കന്‍ ഹിന്ദു തമിഴന്‌ പുറംലോകവുമായുള്ള ബന്ധം ക്രൈസ്തവ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ ഔദാര്യത്തിലായിരുന്നു. എല്‍ടിടിഇ നേരിട്ട്‌ നടത്തിയിരുന്ന വിവിധ രാജ്യങ്ങളിലെ റേഡിയോ ചാനലുകള്‍, റേഡിയോ വാരിറ്റാസിന്റെ തമിഴ്‌ പരിപാടികള്‍ പുനഃസംപ്രേഷണം ചെയ്തു. ലോകമെങ്ങുമുള്ള തമിഴര്‍ രാജിന്റെ ശബ്ദം തിരിച്ചറിഞ്ഞ്‌ തുടങ്ങിയതോടെ ജാഫ്ന യൂണിവേഴ്സിറ്റിയിലെ മുന്‍ ദൈവശാസ്ത്ര പ്രഫസറും കത്തോലിക്ക പുരോഹിതനും ഇപ്പോള്‍ കാനഡയിലെ ടൊറാന്‍ഡോ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തുകൊണ്ട്‌ പ്രഭാകരന്‌ ശേഷം രൂപംകൊണ്ട ട്രാന്‍സ്നേഷണല്‍ ഗവണ്‍മെന്റ്‌ ഓഫ്‌ തമിഴ്‌ ഈഴ (ടിആര്‍ഒ)ത്തിന്റെ ഭരണഘടനാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ചന്ദ്രകാന്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ രാജ്‌ കാനഡ, യൂറോപ്പ്‌, നോര്‍ത്ത്‌ അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തി. യുദ്ധത്തില്‍ അനാഥരായവരെ സംരക്ഷിക്കാനെന്ന പേരില്‍ ക്രൈസ്തവ മിഷണറിമാര്‍ സ്ഥാപിച്ച തമിഴ്‌ റിഹാബിലിറ്റേഷന്‍ ഓര്‍ഗനൈസേഷനുവേണ്ടി ടിആര്‍ഒ ഫണ്ട്‌ പിരിവ്‌ നടത്തി. ആയുധം വാങ്ങാനാണ്‌ പണം ഉപയോഗിക്കുന്നത്‌ എന്ന കണ്ടെത്തലിനെത്തുടര്‍ന്ന്‌ ടിആര്‍ഒയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. രാജ്‌ പിരിച്ചെടുത്ത കോടിക്കണക്കിന്‌ ഡോളര്‍ എങ്ങനെ ഉപയോഗിച്ചു എന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റേഡിയോ വേരിറ്റാസില്‍ നിന്ന്‌ ചെന്നൈയിലെത്തിയ രാജ്‌ കനിമൊഴിയുമായിച്ചേര്‍ന്ന്‌ നിരവധി പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. ആദ്യ പദ്ധതികളിലൊന്ന്‌ ഒരുകോടി നാല്‍പ്പത്‌ ലക്ഷം രൂപ മുടക്കി തമിഴ്‌ ഭക്തകവിയായ മാണിക്കവാചകര്‍ ഏഴാം നൂറ്റാണ്ടില്‍ രചിച്ച ശിവസ്തുതിയായ തിരുവാചകത്തിന്റെ ശബ്ദലേഖനമായിരുന്നു. വേദം ചൊല്ലുന്നതുപോലെ ശൈവബ്രാഹ്മണരിലെ ഓത്തുകാര്‍ ആണ്‌ പരമ്പരാഗതമായി തിരുവാചകം ചൊല്ലിയിരുന്നത്‌. തമിഴ്മൈയ്യം തിരുവാചാകം സിംഫണി എന്ന പേരില്‍ തയ്യാറാക്കിയ ഓഡിയോ സിഡിയ്ക്ക്‌ വേണ്ടി ഇളയരാജ, മകള്‍ ബെന്നി ഡിഗ്സ്‌ എന്നിവരും 300ലധികം സംഗീതജ്ഞരും 140 ഓളം സംഗീത ഉപകരണ വിദഗ്ദ്ധരും 60 ഓളം ഗായകരും ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ഹംഗറിയിലെ ബുഡാപെസ്റ്റ്‌ സിംഫണി ഓര്‍ക്കസ്ട്രയില്‍ ഒന്നിയ്ക്കുകയുണ്ടായി. വന്‍ പ്രചാരണത്തോടെ തയ്യാറാക്കിയ തിരുവാചകം സിംഫണി ഓഡിയോ സിഡി തമിഴ്‌നാട്ടിലെങ്ങും രജനികാന്തിന്റെ സിനിമകളുടെ റെക്കോര്‍ഡ്‌ ഭേദിച്ചുകൊണ്ടാണ്‌ വിറ്റ്‌ തുടങ്ങിയത്‌. പാണ്ഡ്യരാജാവിന്റെ മന്ത്രിയായിരുന്ന മാണിക്യവാചകര്‍ കുതിരകളെ വാങ്ങാന്‍ നല്‍കിയ പണം മധുരയിലെ വൈഗാ നദിക്കരയിലെ തിരുപ്പെരുംതുരൈ ക്ഷേത്രം പുതുക്കി പണിയാന്‍ ഉപയോഗിക്കുകയായിരുന്നു. ശിവഭക്തനും കവിയുമായ അദ്ദേഹത്തിന്റെ സ്വാധീനം ഇന്ന്‌ തമിഴരുടെ ഇടയില്‍ ശക്തമാണ്‌. അത്‌ കണ്ടറിഞ്ഞ കത്തോലിക്കാ സഭ 19-ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ജി.യു.പോപ്പ്‌ എന്ന മിഷണറിയെ തിരുവാചകത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ചു. അദ്ദേഹം തിരുവാചകം ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തു. ഓക്സ്ഫോര്‍ഡില്‍ അത്‌ അച്ചടിച്ചു. അതിനുവേണ്ടുന്ന തമിഴ്‌ അക്ഷരങ്ങളുടെ അച്ച്‌ പുതിയതായി ഉണ്ടാക്കുകയായിരുന്നു. 2005 ജൂണ്‍ 17 ന്‌ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‌ രാഷ്ട്രപതി ഭവനില്‍വച്ച്‌ തിരുവാചകം സിംഫണിയുടെ സിഡി ഇളയരാജ നല്‍കി. തുടര്‍ന്ന്‌ പ്രധാനമന്ത്രി വാജ്പേയി, അദ്വാനി എന്നിവര്‍ക്കും തമിഴ്മൈയ്യം സംഘാടകര്‍ സിഡി നല്‍കി. കാഞ്ചികാമകോടി ജയേന്ദ്ര സരസ്വതി ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുടെ പേരും ചിത്രങ്ങളും തിരുവാചകം സിഡിയ്ക്ക്‌ വേണ്ടി ഉയോഗിച്ചു. ഹിന്ദു പത്രത്തിന്റെ എന്‍.റാം അടക്കമുള്ളവര്‍ കത്തോലിക്ക സഭ ഭാരതത്തിന്‌ ചെയ്യുന്ന മഹദ്സേവനമാണ്‌ തിരുവാചകം സിംഫണി എന്ന്‌ പ്രസംഗിച്ചു. ശ്രീ ശ്രീ രവിശങ്കറിനൊപ്പം നിരവധി തവണ വേദി പങ്കിട്ട ഗാസ്പര്‍ രാജിന്‌ സുവിശേഷകര്‍ക്ക്‌ ഏറെക്കുറെ അപ്രാപ്യമായ തമിഴ്‌ ബ്രാഹ്മണരുടെ വന്‍ സദസ്സിനെയാണ്‌ തിരുവാചകത്തിന്റെ പേരില്‍ ലഭിച്ചത്‌. തിരുവാചകത്തിനായി തമിഴ്‌നാട്ടില്‍ സ്കൂള്‍-കോളേജ്‌ തലത്തില്‍ തമിഴ്മൈയ്യം മത്സരം സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങില്‍ പൊതുസമൂഹത്തിലെ ഉയര്‍ന്ന നിലവാരമുള്ള കുട്ടികളെ രാജിന്റെ അത്യന്താധുനിക സുവിശേഷം കേള്‍ക്കാന്‍ ഒരുക്കി. 2005 മാര്‍ച്ച്‌ 13 ന്‌ മദ്രാസ്‌ മ്യൂസിക്‌ അക്കാഡമിയില്‍ രവിശങ്കറിനോടൊപ്പം പങ്കെടുത്ത രാജ്‌ ചെരുപ്പുകള്‍ അഴിച്ചുവെച്ച്‌ തിരുവാചകം ചൊല്ലിക്കൊണ്ട്‌ പ്രസംഗിച്ചതിതാണ്‌. "എന്റെ അച്ഛന്‍ ഹിന്ദുവായിരുന്നു. അമ്മയെ വിവാഹം കഴിക്കാന്‍ മതംമാറി. അച്ഛന്റെ കുടുംബ വകയായി എനിക്ക്‌ ലഭിച്ച വരുമാനമില്ലാത്ത ഒരു മുരുകക്ഷേത്രവും ഒരു പെരുമാള്‍ ക്ഷേത്രവും കത്തോലിക്ക പുരോഹിതനായ എന്റെ പേരിലുണ്ട്‌. കത്തോലിക്ക സഭ സത്യം എവിടെയുണ്ടെങ്കിലും അത്‌ അംഗീകരിക്കും. മതാതീതമായ ആത്മീയത ഒന്നു മാത്രമേ ഭാരതത്തിന്റെ സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്തൂ. ദക്ഷിണഭാരതത്തില്‍ ശിവനെന്നും ലോകമെങ്ങും ഈശ്വരനെന്നും വിളിക്കുന്ന യേശുവിനെ തിരുവാചകത്തില്‍ ഞാന്‍ കാണുന്നു." ശിവന്‍ യേശുതന്നെയാണ്‌. യേശുവും ശിവനും ഒന്നുതന്നെയാണ്‌ എന്ന്‌ ശൈവബ്രാഹ്മണ സദസ്സിനോട്‌ തറപ്പിച്ച്‌ പറഞ്ഞ്‌ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ശ്രീശ്രീയെ സാക്ഷിനിര്‍ത്തി സദസ്സ്‌ ഹര്‍ഷാരവം മുഴക്കുന്നു. ഇത്‌ "തിരുവാചകം സിംഫണി"യുടെ വിളവെടുപ്പാണെന്ന്‌ മനസ്സിലാക്കാന്‍ രാജിന്റെ വാക്കുകളുടെ നിഗൂഢാര്‍ത്ഥം അന്വേഷിയ്ക്കേണ്ട. അദ്ദേഹം മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ക്ഷേത്രോത്സവങ്ങളുടെ കണക്ക്‌ എടുത്താല്‍ മതി. ലണ്ടനിലെ കനകദുര്‍ഗ ക്ഷേത്രം മുതല്‍ നിരവധി ക്ഷേത്രങ്ങളില്‍ മുഖ്യാതിഥിയായിട്ടുണ്ട്‌ രാജ്‌. രാജിന്റെ പദ്ധതികളുടെ നിഗൂഢത മനസ്സിലാക്കാന്‍ രാജിനോടൊപ്പം തമിഴ്മൈയ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ്‌ ചിലരുടെ ചരിത്രംകൂടി കാണണം. അതിലൊരാളാണ്‌ നാച്ചിമുത്തു സോക്രട്ടീസ്‌ എന്ന ആണവശാസ്ത്രജ്ഞന്‍. തിരുവാചകം സിംഫണിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സ്‌ അമേരിക്കയിലെ തിരുവാചകം ഇന്‍ സിംഫണി ഫൗണ്ടേഷന്‍ (ടിസ്‌) ആയിരുന്നു. 2005 ജൂലൈ 15 ന്‌ അമേരിക്കയില്‍ ഡള്ളാസില്‍ നടന്ന ഫെഡറേഷന്‍ ഓഫ്‌ തമിഴ്‌ സംഘം ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഫെറ്റ്ന)യുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ ജോണ്‍ പാണ്ഡ്യന്‍ ഫെറ്റ്നവയുടെ മുന്‍ ഡയറക്ടര്‍ സോക്രട്ടീസിന്‌ നല്‍കിക്കൊണ്ടാണ്‌ അമേരിക്കയില്‍ തിരുവാചകം സിഡി വിപണനം ആരംഭിച്ചത്‌. സോക്രട്ടീസ്‌ ചെന്നൈ സംഗമത്തില്‍ പലപ്പോഴും രാജിനൊപ്പം പങ്കെടുത്തിരുന്നു. 2006 ആഗസ്റ്റില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ എല്‍ടിടിഇയ്ക്കുവേണ്ടി മിസെയില്‍ കടത്താന്‍ ശ്രമിച്ചതിനും എല്‍ടിടിഇയ്ക്ക്‌ എതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കുന്നതിന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി നല്‍കുന്നതിന്‌ ശ്രമിച്ചതിനും മറ്റ്‌ എട്ട്‌ പേരോടൊപ്പം സോക്രട്ടീസും അറസ്റ്റിലായി. 2006ല്‍ കാലിഫോര്‍ണിയയിലെ ആറാം ക്ലാസ്‌ ചരിത്രപാഠപുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം തിരുത്തണമെന്ന്‌ അമേരിക്കയിലെ വേദിക ഫൗണ്ടേഷനും ഹിന്ദു എഡ്യുക്കേഷന്‍ ഫൗണ്ടേഷനും കാലിഫോര്‍ണിയ കരിക്കുലം കമ്മീഷനും നല്‍കിയ നിവേദനത്തിനെതിരെ ഇന്ത്യയില്‍നിന്ന്‌ ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ദളിത്‌ നെറ്റ്‌വര്‍ക്കിന്റെ നേതാവുമായ ജോസഫ്‌ ഡിസൂസ, ഉദിത്‌ രാജ്‌, കാഞ്ച ഇളൈയ്യ എന്നിവരേയും 150 ഓളം ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാരേയും 47 ഓളം ദക്ഷിണേഷ്യന്‍ പണ്ഡിതരേയും ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റി സംസ്കൃതം പ്രൊഫസര്‍ മൈക്കിള്‍വിറ്റ്സലിന്റെ നേതൃത്വത്തില്‍ അണിനിരത്തിയത്‌ ഫെറ്റ്നയും ഫ്രണ്ട്സ്‌ ഓഫ്‌ സൗത്ത്‌ ഏഷ്യന്‍ (ഫോസ)യും ഒന്നിച്ചുനിന്നാണ്‌. തുടര്‍ന്ന്‌ അവര്‍ക്കനുകൂലമായി കരിക്കുലം കമ്മീഷന്‍ വിധി നല്‍കുകയു ചെയ്തു. ഈ കുട്ടായ്മയാണ്‌ തമിഴ്‌നാട്ടില്‍ ക്രൈസ്തവ മിഷണറിമാര്‍ വിതച്ച ഭാരതവിരുദ്ധ സിദ്ധാന്തങ്ങള്‍ വിളയിച്ചെടുത്തത്‌. ഈ ബന്ധങ്ങളുടെ തുടര്‍ച്ചയാണ്‌ കത്തോലിക്ക പുരോഹിതനായ രാജിന്റെയും കനിമൊഴിയുടേയും തമിഴ്മൈയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മനോമോഹന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.