കായലില്‍ ചാടിയ യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ഇറങ്ങിയ നാവികനായി തിരച്ചില്‍ തുടരുന്നു

Saturday 4 October 2014 8:56 pm IST

കൊച്ചി: തേവര വിക്രാന്ത് പാലത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിനെയുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ നേവി ഉദ്യോഗസ്ഥനായി തിരിച്ചില്‍ തുടരുന്നു. നാവികസേന,തീരസേന,പോലീസ് തുടങ്ങി വിവിധ സന്നദ്ധസംഘടനകളുമാണ് തിരച്ചില്‍ നടത്തുന്നത്. വിഷ്ണുവിനെ കാണാതായ സ്ഥലത്ത് ശക്തമായ അടിയൊഴുക്കാണ്.പുറംകടലിലേക്ക് ഒഴുകിപോകാനും സാധ്യതയുണ്ടെന്നാണ് നാവികസേനയുടെ നിഗമനം.അഴിമുഖത്തും കായലിലുമായി നേവിയുടെ ഒമ്പതു ബോട്ടുകള്‍ ഉള്‍പ്പെടെ 12 ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നത്.ഇവര്‍ക്കൊപ്പം നേവിയുടെ ഹെലികോപ്്ടറും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്്. കാണാതായ വിഷ്ണു ഉണ്ണിയുടെ ബന്ധുക്കളും കൊച്ചിയിലെ നേവി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഐഎന്‍എസ് ശാരദയിലെ സീ വണ്‍ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി വിഷ്ണു ഉണ്ണി(24)യെയാണ് കൊച്ചിക്കായലില്‍ കാണാതായത്. വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇടപ്പള്ളി ചടയപ്പിള്ളി വീട്ടില്‍ രാഘവന്റെ മകളും ബിനീഷിന്റെ ഭാര്യയുമായ സംഗീത(35)യാണ് മകള്‍ ഏഴുമാസം പ്രായമുള്ള കൃഷ്ണപ്രിയയെ എടുത്ത് പാലത്തില്‍ നിന്നും കായലില്‍ ചാടിയത്. ഈസമയം അതുവഴി സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന വിഷ്ണു ഇത് കാണുകയും തുടര്‍ന്ന് തന്റെ സുരക്ഷ വകവെക്കാതെ കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ സംഗീതയെയും കുഞ്ഞിനെയും വിഷ്ണു വെള്ളത്തില്‍ നിന്നും പൊക്കിയെടുത്ത് സ്ഥലത്തെത്തിയ സിഐഎസ്എഫിന്റെ സുരക്ഷാബോട്ടില്‍ കയറ്റിയെങ്കിലും വിഷ്ണു ക്ഷീണിതനായി തളര്‍ന്നു മുങ്ങിപ്പോകുകയായിരുന്നു. വിഷ്ണുവിന് രക്ഷപെടുന്നതിനായി ബോട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ലൈഫ് ബോയ എറിഞ്ഞുകൊടുത്തെങ്കിലും ഫലം കണ്ടില്ല. കരക്കെത്തിച്ച സംഗീത രക്ഷപെട്ടുവെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു. നാവികസേനയുടെ ഐഎന്‍.എസ് ദ്രോണാചാര്യയിലെ അംഗമായ വിഷ്ണു അവിവാഹിതനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.