ചുഴലിക്കാറ്റ് തൃക്കുന്നപ്പുഴ തീരത്ത് സംഹാരതാണ്ഡവമാടി

Saturday 4 October 2014 9:54 pm IST

കാറ്റില്‍ മരം വീണ് തകര്‍ന്ന വീട്‌

ഹരിപ്പാട്: ആഞ്ഞുവീശിയ ചുഴലിക്കാറ്റ് തൃക്കുന്നപ്പുഴ തീരത്ത് വന്‍ നാശം വിതച്ചപ്പോള്‍ നാട്ടുകാര്‍ സുഖനിദ്രയിലായിരുന്നു. വന്‍ ശബ്ദം കേട്ട് പലരും വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിയതിനാലാണ് ജീവാപായം ഉണ്ടാകാതിരുന്നത്.

2004 ഡിസംബറില്‍ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരത്ത് രാക്ഷസ തിരമാലകള്‍ ഇരച്ചുകയറി 29 പേരുടെ ജീവന്‍ അപഹരിച്ച മഹാദുരന്തത്തിന് ഡിസംബറില്‍ പത്താണ്ട് തികയുകയാണ്. അന്ന് തിരമാലയായിരുന്നു എങ്കില്‍ ഇന്നലെ ശക്തിയായി ആഞ്ഞടിച്ച കാറ്റാണ് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പുത്തന്‍പുരമുക്കില്‍ നാശം വിതച്ചത്. വീണ്ടും ഒരു സുനാമി ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് അന്ധാളിച്ച് നിന്ന തീരദേശ വാസികള്‍ ഭയാശങ്കയിലായിരുന്നു.
നൂറിലധികം വീടുകളുടെ മേല്‍ക്കൂരയും മറ്റുമാണ് കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴുകി തകര്‍ന്നത്. മുക്കാല്‍ കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായ ദുരന്തം രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് വിതച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ അനുഭവപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കടപുഴുകി വീണ മരങ്ങള്‍ തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ റോഡില്‍ ഗതാഗതം നാലു മണിക്കൂറോളം തടസപ്പെടുത്തി.
വിവരമറിഞ്ഞ് ഹരിപ്പാട്ടുനിന്നും രണ്ടും കായംകുളം മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് അഗ്‌നിശമനസേന ഹരിപ്പാട് സ്‌റ്റേഷന്‍ ഓഫീസര്‍ എസ്. സജിത്ത്, കായംകുളം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ 1.45 മുതല്‍ രാവിലെ 6.30 വരെ നടത്തിയ കഠിനാദ്ധ്വാനത്തിലൂടെയാണ് റോഡിലേക്ക് വീണ മരങ്ങള്‍ നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. പിന്നീട് മുപ്പതോളം വീടുകളുടെ മുകളില്‍ വീണുകിടന്ന കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റി വൈകിട്ട് 3.45ഓടെയാണ് സംഘം മടങ്ങിയത്. അപകടമുണ്ടാകാന്‍ സാദ്ധ്യതയുള്ള എല്ലാ ഘട്ടങ്ങളിലും അഗ്‌നിശമനസേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്.

കാറ്റില്‍ മരങ്ങള്‍ വീണ് 11 കെവി വൈദ്യുതി ലൈന്‍ 500 മീറ്റര്‍ നീളത്തിന്‍ തകര്‍ന്നു. അഞ്ചോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞതും വൈദ്യുതി വിതരണം തടസപ്പെടുത്തി. ഹരിപ്പാട്, അമ്പലപ്പുഴ പ്രദേശത്തെ കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തകര്‍ന്ന പോസ്റ്റുകള്‍ക്ക് പകരം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് രാത്രിയോടെ പ്രധാന ലൈനില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയായിരുന്നു.

വൈദ്യുതി തടസപ്പെട്ടതിനെതുടര്‍ന്ന് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകളില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിലച്ചു. പാനൂര്‍ ഗവ. ആശുപത്രി പരിസരത്തുള്ള പമ്പുഹൗസില്‍ നിന്ന് ശുദ്ധജലവിതരണം തടസപ്പെട്ടതാണ് 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയത്. വൈദ്യുതി ലൈന്‍ പുനസ്ഥാപിച്ച് കിട്ടുന്നതോടെ ഇന്നുമുതല്‍ കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികാരികള്‍ പറയുന്നത്.

പ്രദേശത്തെ നാശനഷ്ടഷ്ടം തിട്ടപ്പെടുത്താന്‍ കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ എം.കെ. രമേശ്കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ ഓമന, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്‌റവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ദേശിയ ദുരന്ത നിവാരണ അതോറിറ്റി അംഗം ശേഖര്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇവിടെയെത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നഷ്ടപരിഹാരം തുക സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിനിരയായ കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ റവന്യുമന്ത്രി ഉത്തരവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.