ആപ്പിളിന്‌ മധുരം നഷ്ടമായി

Friday 7 October 2011 1:38 pm IST

കാലിഫോര്‍ണിയ: ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ്‌ ജോബ്സ്‌ (56) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന്‌ ബാധിച്ച കാന്‍സറാണ്‌ മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ ആഗസ്റ്റില്‍ ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മാക്ക്‌, ഐപാഡ്‌, ഐ ഫോണ്‍, ഐപോഡ്‌ എന്നിവ ലോകത്തിന്‌ സമ്മാനിച്ചത്‌ സ്റ്റീവ്‌ ജോബ്സാണ്‌.
സ്റ്റീവ്‌ വോസ്നിയാക്കി, മൈക്ക്‌ മാര്‍ക്കുല എന്നിവര്‍ക്കൊപ്പം 1970 ലാണ്‌ സ്റ്റീവ്‌ ആപ്പിള്‍ ആരംഭിക്കുന്നത്‌. ഭരണപ്രതിസന്ധിയെത്തുടര്‍ന്ന്‌ 1985 ല്‍ കമ്പനിയില്‍നിന്ന്‌ പുറത്തായ സ്റ്റീവ്‌ 1997 ല്‍ ആപ്പിളിന്റെ തലവനായി. കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സും അനിമേഷന്‍ കമ്പനിയായ പിക്സാറും സ്റ്റീവാണ്‌ ആരംഭിച്ചത്‌.
സിറിയക്കാരനായ അബ്ദുള്‍ ഫത്ത ജോ ജന്‍ഡാലിയുടെ മകനായി 1955 ഫെബ്രുവരി 24 ന്‌ സാണ്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ച സ്റ്റീവിനെ, പോള്‍, ക്ലാര ജോബ്സ്‌ എന്നിവര്‍ ദത്തെടുക്കുകയായിരുന്നു. ഇരുപതാംവയസിലാണ്‌ കൂട്ടുകാര്‍ക്കൊപ്പം ആപ്പിള്‍ കമ്പനിക്ക്‌ സ്റ്റീവ്‌ ജോബ്സ്‌ തുടക്കംകുറിക്കുന്നത്‌. പത്തുവര്‍ഷം കൊണ്ട്‌ 20 ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. മരിക്കുമ്പോള്‍ 8.3 ദശലക്ഷം ഡോളറായിരുന്നു സ്റ്റീവിന്റെ ആസ്തി. അമേരിക്കയിലെ ധനാഢ്യരില്‍ 42-ാ‍ം സ്ഥാനമായിരുന്നു സ്റ്റീവിന്‌. ഈവര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച സിഇഒയായി ഗൂഗിള്‍ സ്റ്റീവിനെ തെരഞ്ഞെടുത്തിരുന്നു.
2004 ലാണ്‌ സ്റ്റീവ്‌ അര്‍ബുദത്തിന്റെ പിടിയിലാകുന്നത്‌. എന്നാല്‍ അതിനുശേഷമാണ്‌ ആപ്പിളിന്റെ രണ്ട്‌ ഉപകരണങ്ങള്‍കൂടി പുറത്തുവരുന്നത്‌. ഐഫോണും ഐപാഡും. വെറും മൂന്ന്‌ ക്ലിക്കില്‍ മനോഹര ഗാനങ്ങള്‍ കേള്‍ക്കാന്‍ പാകത്തിനൊരുങ്ങുന്ന ഐപോഡ്‌ അഥവാ സംഗീത ഉപകരണം. സംഗീതാസ്വാദനത്തിന്റെ പുത്തന്‍ പരീക്ഷണം സ്റ്റീവ്‌ വിഭാവനം ചെയ്തു. അതേ രീതിയില്‍ സ്മാര്‍ട്ട്‌ ഫോണിന്റെ മാതൃക ഐ ഫോണ്‍ മാറ്റിമറിച്ചു, പേഴ്സണല്‍ കമ്പ്യൂട്ടറിനെ ഐപാഡും. ഐ പാഡ്‌ എന്ന ചെറിയ കമ്പ്യൂട്ടറായിരുന്നു പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന്‌. 2010 ലാണ്‌ സ്റ്റീവ്‌ ഇത്‌ അവതരിപ്പിച്ചത്‌. അനിമേഷന്‍ രംഗത്തെ സാധ്യതകള്‍ സിനിമാ ലോകത്തിന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ സ്റ്റീവ്‌ ആരംഭിച്ച 'പിക്സാര്‍' കമ്പനിയും ലോകശ്രദ്ധ ആകര്‍ഷിച്ചു. പിക്സാര്‍ നിര്‍മിച്ച 'ടോയ്‌ സ്റ്റോറി' ഹോളിവുഡിലെ ബോക്സോഫീസ്‌ ഹിറ്റായിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടിംഗ്‌ ലോകത്തിലേക്കുള്ള പ്രവേശനത്തിന്‌ 1984 ല്‍ സ്റ്റീവ്‌ തുടക്കമിട്ടതുമുതല്‍ ആപ്പിളിന്റെ വിജയഗാഥ അവസാനിച്ചിട്ടില്ല.
സ്റ്റീവിന്റെ മരണത്തോടെ ദീര്‍ഘവീക്ഷകനായ ഒരു ശാസ്ത്രജ്ഞനെയാണ്‌ ലോകത്തിന്‌ നഷ്ടമായതെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അനുസ്മരിച്ചു. സാങ്കോതികവിദ്യയിലെ വിപ്ലവം മാത്രമല്ല വിനോദ വിജ്ഞാന മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്റ്റീവിന്‌ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.