സിപിഐ-സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൊട്ടിത്തെറിച്ച് അണികള്‍; നേതാക്കള്‍ വെള്ളം കുടിക്കുന്നു

Saturday 4 October 2014 10:42 pm IST

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ പ്രാഥമിക തലങ്ങളായ ബ്രാഞ്ചു സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ നേതൃത്വങ്ങള്‍ക്ക് ആശങ്ക. സിപിഐ-സിപിഎം ബ്രാഞ്ചു സമ്മേളനങ്ങളില്‍ അണികള്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നതും ചില ബ്രാഞ്ചുസമ്മേളനങ്ങളില്‍ കാണാം. സിപിഐയെ കോഴക്കാരുടെ പാര്‍ട്ടിയാക്കി മാറ്റിയ നേതാക്കള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയതെന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച അണികളുണ്ട്. ബിജെപി പരസ്യമായി കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്തു വന്നിട്ടും സിപിഎം കൊലചെയ്തു കൊണ്ടേയിരിക്കുന്നതിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന ചോദ്യം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുന്നു. കലുഷിതമാകുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നുറപ്പായി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ അണികളുടെ പൊട്ടിത്തെറിയും ഇറങ്ങിപ്പോക്കും നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും ബ്രാഞ്ച് സെക്രട്ടറിമാര്‍ ഒഴിയണമെന്ന ആവശ്യങ്ങളും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. പ്രാദേശിക തലത്തില്‍ പാര്‍ട്ടി അണികള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ സമ്മേളനങ്ങളില്‍ നിഴലിക്കുന്നുണ്ട്. നേതാക്കള്‍ പറയും അണികള്‍ അനുസരിക്കും ഇതാണ് പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്നത്. നേതാക്കള്‍ ഏകാധിപതികളെ പോലെ പെരുമാറുന്നു. സാധാരണ അണികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. ഇതൊക്കെയാണ് സിപിഐയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി അണികള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍. നേതാക്കന്‍മാരെല്ലാം കോടീശ്വന്‍മാരാവുകയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദരിദ്രരില്‍ ദരിദ്രരായിരിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ജാതീയമായി വേര്‍തിരിവുണ്ടാക്കുന്നവര്‍ പാര്‍ട്ടിക്കകത്ത് നുഴഞ്ഞു കയറിയിട്ടുണ്ട്. അത്തരക്കാരെ മുന്‍പന്തിയില്‍ കസേരയിട്ട് സ്വീകരിക്കുന്ന നയമാണുള്ളത്. ഇത്തരം ആള്‍ക്കാര്‍ പാര്‍ട്ടിയെ വേറൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. അങ്ങനെ വരുമ്പോഴാണ് പാര്‍ട്ടി വിട്ട് പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകുന്നത്. പാര്‍ട്ടിക്ക് പുതിയ നയങ്ങളില്ല. സമരങ്ങളെല്ലാം പരാജയപ്പെടുത്തുന്നു. വി.എസ്സിനെ പാര്‍ട്ടി അംഗീകരിക്കാത്ത നടപടി ശരിയല്ല. മുതിര്‍ന്ന പാര്‍ട്ടിക്കാരനെ എന്തുകൊണ്ട് വേര്‍തിരിച്ചു കാണുന്നു. സാധാരണ പാര്‍ട്ടിക്കാരുടെ വികാരങ്ങള്‍ പൂര്‍ണമായും തുറന്നു കാട്ടുന്ന ചര്‍ച്ചകളിലൂടെയാണ് ബ്രാഞ്ച് കമ്മിറ്റികള്‍ നടന്നു വരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു ശേഷം ആരംഭിക്കാനിരിക്കുന്ന ലോക്കല്‍, ഏര്യാ സമ്മേളനങ്ങളിലും ഇരു പാര്‍ട്ടി നേതാക്കളും വെള്ളം കുടിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.